- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമത്വ മുന്നേറ്റ യാത്ര തുടങ്ങിയപ്പോൾ പത്തനംതിട്ടയിൽ മൈക്രോഫിനാൻസ് തട്ടിപ്പിന് കേസ്; പ്രതികൾ കെപ്‌കോ ചെയർമാൻ കെ പത്മകുമാറും പത്തനംതിട്ട യൂണിയൻ കൺവീനർ വിക്രമനും: പിന്നിൽ എം ബി ശ്രീകുമാറെന്ന് പത്മകുമാർ
പത്തനംതിട്ട: സമത്വ മുന്നേറ്റയാത്രയുമായി കാസർകോഡ് നിന്ന് യാത്ര തുടങ്ങിയ എസ്.എൻ.ഡി.പി. ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തുടക്കത്തിൽ തന്നെ തിരിച്ചടി. നടേശന്റെ വിശ്വസ്തനും കെപ്‌കോ ചെയർമാനും എസ്.എൻ.ഡി.പി പത്തനംതിട്ട യൂണിയൻ ചെയർമാനുമായ കെ. പത്മകുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് ഫയൽ ചെയ്ത് എഫ്.ഐ.ആർ. തയാറാക്കി കോടതിയിൽ സമർപ്പിച്ചു
പത്തനംതിട്ട: സമത്വ മുന്നേറ്റയാത്രയുമായി കാസർകോഡ് നിന്ന് യാത്ര തുടങ്ങിയ എസ്.എൻ.ഡി.പി. ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തുടക്കത്തിൽ തന്നെ തിരിച്ചടി. നടേശന്റെ വിശ്വസ്തനും കെപ്‌കോ ചെയർമാനും എസ്.എൻ.ഡി.പി പത്തനംതിട്ട യൂണിയൻ ചെയർമാനുമായ കെ. പത്മകുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് ഫയൽ ചെയ്ത് എഫ്.ഐ.ആർ. തയാറാക്കി കോടതിയിൽ സമർപ്പിച്ചു.
കേസിന് പിന്നിൽ യോഗം മുൻ വൈസ് പ്രസിഡന്റാണെന്നാണ് പത്മകുമാറിന്റെ ആരോപണം. പരാതി വന്നപ്പോൾ പ്രതിസ്ഥാനത്തുള്ളയാളെ ചോദ്യം ചെയ്യാതെ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ എഫ്.ഐ.ആർ. സമർപ്പിച്ച പത്തനംതിട്ട സി.ഐ അനിൽകുമാറിന്റെ നടപടി സംശയാസ്പദമെന്നും ആരോപണമുണ്ട്.
എസ്.എൻ.ഡി.പി യൂണിയൻ കമ്മറ്റിയംഗമായ വകയാർ പുതുമന പി.വി. രണേഷ് ആണ് പരാതിക്കാരൻ. പത്തനംതിട്ട സി.ഐയ്ക്ക് ലഭിച്ച പരാതിയിൽ കഴിഞ്ഞ 30 നാണ് എഫ്.ഐ.ആർ. കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. 2006 മുതൽ 2011 വരെ നടത്തിയ മൈക്രോഫിനാൻസ് തട്ടിപ്പ് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് രണേഷ് പരാതി നൽകിയത്.
യൂണിയൻ പ്രസിഡന്റ് പ്രമാടം ലക്ഷ്മി ഭവനിൽ കെ. പത്മകുമാർ, സെക്രട്ടറി കണ്ണങ്കര വിജയഭവനം സി.എൻ. വിക്രമൻ എന്നിവരാണ് പ്രതികൾ. ഗുരുതരമായ ക്രമക്കേടുകളും തിരിമറിയും നിയമവിരുദ്ധ പ്രവർത്തനങ്ങളുമാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. യൂണിയൻ ബാങ്ക്, സ്‌റ്റേറ്റ്ബാങ്ക് ഓഫ് ട്രാവൻകൂർ, ധനലക്ഷ്മി ബാങ്ക് എന്നിവയുടെ ശാഖയിൽ നിന്നും 2007 കലണ്ടർ വർഷം ലഭിച്ച 11.52 ലക്ഷവും 2008-ൽ ലഭിച്ച 30.02 ലക്ഷവും യഥാർഥ ഗുണഭോക്താക്കൾക്ക് നൽകാതെ പത്മകുമാറും വിക്രമനും വകമാറ്റി ചെലവഴിച്ചു. മൈക്രോഫിനാൻസിന്റെ 2007-08 വർഷത്തെ കണക്കിൽ നിന്നും ഇക്കാര്യം വ്യക്തമാണ്.
എസ്.എൻ.ഡി.പി വനിതാ സ്വയം സഹായ സംഘങ്ങൾക്ക്, അവരുടെ അപേക്ഷയിൽ ലഭിച്ച 47, 22,370 രൂപ ഗുണഭോക്താക്കൾക്ക് നൽകാതെ യൂണിയൻ ഭാരവാഹികൾ നേതൃത്വം നൽകുന്ന പി.എസ്.എൻ.ഡി എന്ന പണമിടപാട് സ്ഥാപനത്തിൽ നിക്ഷേപിച്ചു. ഈ സ്ഥാപനം ഇത് 21 ശതമാനം പലിശയ്ക്ക് വ്യാപാരികൾക്കും യൂണിയന്റെ പ്രവർത്തന പരിധിക്ക് വെളിയിലുള്ളവർക്കും നൽകി. എന്നിങ്ങനെയാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതിനുള്ള തെളിവും പരാതിക്കൊപ്പം നൽകിയിട്ടുണ്ട് എന്നു പറയുന്നു.
ഇതെല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളാണെന്ന് പത്മകുമാർ പറഞ്ഞു. 2006 ൽ ഇതു സംബന്ധിച്ച് കൊല്ലം കോടതിയിൽ ഒരു കേസ് വന്നിരുന്നു. അന്നു തന്നെ കോടതി അതു തള്ളുകയും ചെയ്തു. ഇപ്പോൾ കേസുമായി വന്നിരിക്കുന്നതിന് പിന്നിൽ യോഗം മുൻവൈസ് പ്രസിഡന്റ് എം.ബി. ശ്രീകുമാറാണ്. തനിക്കെതിരേ വന്ന പരാതിയെപ്പറ്റി ഒന്ന് അന്വേഷിക്കാനുള്ള മാന്യത പോലും പത്തനംതിട്ട സി.ഐ കാണിച്ചില്ല. തന്നെ ചോദ്യം ചെയ്യാതെയാണ് എഫ്.ഐ.ആർ. കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
മൈക്രോഫിനാൻസ് സംബന്ധിച്ച കണക്കുകൾ എല്ലാം കൃത്യമാണ്. കിട്ടിയ അത്രയും തന്നെ തുക അർഹതപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച ക്രയവിക്രയ കണക്ക് യൂണിയൻ പുറത്തു വിട്ടിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു. യൂണിയൻ കൗൺസിൽ, കമ്മറ്റി, വാർഷിക പൊതുയോഗം എന്നിവ അംഗീകരിച്ച കണക്കുണ്ട്. ആ കണക്ക് പാസാക്കിയ കമ്മറ്റിയിൽ പരാതിക്കാരനും ഉണ്ടായിരുന്നു. ഇയാൾ ധർമവേദി പ്രവർത്തകനാണ്. അന്നൊന്നും പരാതി ഉന്നയിക്കാതെ ഇപ്പോൾ വന്നത് വ്യക്തമായ അജണ്ടയോടെയാണ്. സി.ഐയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കും. കേസ് തള്ളമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയെന്നും പത്മകുമാർ പറഞ്ഞു.
ഒരു കാലത്ത് വെള്ളാപ്പള്ളിയുടെ വിശ്വസ്തനായിരുന്നു എം.ബി. ശ്രീകുമാർ. പത്തനംതിട്ട യൂണിയനിൽ ശ്രീകുമാറിന്റെ അപ്രമാദിത്വം അവസാനിപ്പിച്ചത് പത്മകുമാറായിരുന്നു. അന്നു മുതൽ പത്മകുമാർ വെള്ളാപ്പള്ളിയുടെ വിശ്വസ്തനായി. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യം ദുരൂഹത ആരോപിച്ചതും ശ്രീകുമാറായിരുന്നു. അടുത്തിടെ വെള്ളാപ്പള്ളിയുമായി അടുക്കാൻ ശ്രീകുമാർ ശ്രമിച്ചിരുന്നു.