തിരുവനന്തപുരം: അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് അഴിക്കുള്ളിലായ മന്ത്രിമാരുടെ ഉദാഹരണമായി ആർ ബാലൃഷ്ണ പിള്ള നമുക്ക് മുന്നിലുണ്ട്. എന്നാൽ, സൂപ്പർ മന്ത്രിമാരായി വിലസുന്ന സമുദായ നേതാക്കളിൽ ആരും ഇതുവരെ അഴിമതിയിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയിട്ടില്ല. എന്തായാലും ആ കീഴ്‌വഴക്കം ഇത്തവണ തിരുത്തപ്പെട്ടേക്കും. മൈക്രോ ഫിനാൻസ് തട്ടിപ്പിൽ ഒന്നാം പ്രതിയായ വെള്ളാപ്പള്ളി നടേശൻ അഴിക്കുള്ളിലാകുമെന്ന അഭ്യൂഹങ്ങളാണ് ശക്തമാകുന്നത്. അത്രയ്ക്ക് ശക്തമായ തെളിവുകൾ പ്രാഥമിക അന്വേഷണത്തിൽ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. എല്ലാത്തവണത്തെയും പോലെ ഇത്തവണയും വിജിലൻസ് അന്വേഷണം വെറും പ്രഹസനമാകുമെന്ന് കരുതിയ വെള്ളാപ്പള്ളിക്ക് ജേക്കബ് തോമസിന്റെ കാർക്കശ്യത്തിന് മുന്നിൽ ചങ്കിടിക്കുകയാണ്.

തുടക്കം മുതൽ തന്നെ നിരവധി ആരോപണങ്ങൾ മൈക്രോഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടിരുന്നു. എന്നാൽ, അന്നൊക്കെ സമുദായ നേതാവിന്റെ പരിവേഷത്തിൽ വെള്ളാപ്പള്ളിയെ തൊടാൻ ആരും ധൈര്യപ്പെട്ടില്ല. എന്നാൽ ബിഡിജെഎസ് എന്ന പാർട്ടി രൂപീകരിച്ച് അധികാരം വെട്ടിപ്പിടിക്കാൻ വെള്ളാപ്പള്ളി രംഗത്തിറങ്ങിയതോടെ വെള്ളാപ്പള്ളിക്ക് സമുദായ സംരക്ഷണം നഷ്ടമായി. യുഡിഎഫ് അധികാരത്തിൽ എത്തിയിരുന്നെങ്കിൽ ഭരണത്തിൽ സ്വാധീനമുണ്ടാക്കാൻ വെള്ളാപ്പള്ളിക്ക് സാധിക്കുമായിരുന്നു. എന്നാൽ, അതുകാണ്ടിയില്ല. മാത്രമല്ല, ആരെയും കൂസാത്ത പിണറായി മുഖ്യമന്ത്രിയാകുകയും ചെയ്തു. വിജിലൻസ് തലപ്പത്ത് ജേക്കബ് തോമസിനെയും വന്നതോടെയാണ് മൈക്രോഫിനാൻസ് തട്ടിപ്പിൽ വെള്ളാപ്പള്ളി ഒന്നാം പ്രതിയായത്.

പ്രബല സമുദായ നേതാവിനെതിരെ കേസെടുക്കുമ്പോൾ ഉള്ള കോലാഹലങ്ങളൊന്നും ഇപ്പോൾ ഉണ്ടായിട്ടില്ല. വിഎസിന്റെ പരാതിയിൽ കേസെടുക്കണമെന്ന യാതൊര സമ്മർദ്ദവും സർക്കാറിൽ നിന്നും ഉണ്ടായില്ല. എന്നാൽ, സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി ജേക്കബ് തോമസിന് അനുവാദം നൽകുകയും ചെയ്തു. എന്നാൽ വെള്ളാപ്പള്ളിയ്‌ക്കെതിരെ രാഷ്ട്രീയത്തിന് അപ്പുറം പ്രതികാര നടപടി വേണ്ടെന്ന നിലപാടായിരുന്നു എൽഡിഎഫിന്. എന്നാൽ, വിഎസിന്റെ പരാതി നേരിട്ട് അന്വേഷിച്ച് ജേക്കബ് തോമസിന് തട്ടിപ്പ് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കിയത്.

ഇപ്പോൾ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെ വെള്ളാപ്പള്ളിയെ അറസ്റ്റു ചെയ്യാൻ സാധിക്കും. മുൻകാലങ്ങളിൽ വെള്ളാപ്പള്ളിക്കെതിരെ വിജിലൻസ് അന്വേഷണം ഉണ്ടായിട്ടുണ്ട്. എന്നാൽ, അന്നൊന്നും അഴിമതി കണ്ടെത്തിയിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല. ഈ അന്വേഷണ റിപ്പോർട്ടുകൾ മാത്രം പരിശോധിച്ചാൽ വെള്ളാപ്പള്ളി അകത്താകുന്ന സാഹചര്യം ഉണ്ടെന്നുമാണ് അറിയുന്നത്. വിജിലൻസ് ഡയറക്ടർ നേരിട്ട് അന്വേഷണ മേൽനോട്ടവും വഹിക്കുന്നതാടെ വെള്ളാപ്പള്ളിക്ക് കൂടുതൽ കുരുക്കാകും. ഇതുവരെ വിജിലൻസ് അന്വേഷണങ്ങളിൽ മുഖ്യമന്ത്രിയോ മറ്റുള്ളവരോ ഇടപെട്ടിട്ടില്ല. അതുകൊണ്ട് വെള്ളാപ്പള്ളി കൂടുതൽ കുടുക്കിലാകുമെന്ന് കരുതുന്നവർ ഏറെയാണ്.

വെള്ളാപ്പള്ളിക്ക് പുറമേ ഇപ്പോൾ എസ്എൻഡിപി യോഗത്തിന്റെ തലപ്പത്തുള്ളവർ കേസിൽ പ്രതികളാണ്. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിക്ക് സംഘടനയ്ക്ക് മേലുള്ള പിടി അയയാനും സാധ്യത കൂടുതലാണ്. യോഗം പ്രസിഡന്റ് എം.എൻ. സോമൻ, മൈക്രോ ഫിനാൻസ് കോ-ഓർഡിനേറ്റർ കെ.കെ. മഹേശ്വരൻ, സംസ്ഥാന പിന്നാക്കക്ഷേമ വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ പ്രദീപ്, മുൻ മാനേജിങ് ഡയറക്ടർ എൻ. നജീബ് കേസിലെ മറ്റു പ്രതികൾ. വി എസ്. അച്യുതാനന്ദൻ നാലുപേർക്കെതിരേയാണു പരാതി നൽകിയതെങ്കിലും ഇന്നലെ സമർപ്പിച്ച എഫ്.ഐ.ആറിൽ അഞ്ചുപേരെ പ്രതിചേർത്തു. ക്രമക്കേടിനെ കുറിച്ചുള്ള മുൻ അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് നടപടി.

നിലവിലെ എഫ്‌ഐആറിൽ എത്ര രൂപയുടെ തട്ടിപ്പു നടന്നെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം പുരോഗമിക്കുമ്പോൾ ഇതുൾപ്പെടെയുള്ള വിശദാംശങ്ങൾ സമർപ്പിക്കാമെന്നാണു വിജിലൻസിന്റെ വിശദീകരണം. മൈക്രോ ഫിനാൻസ് മുഖേന കുറഞ്ഞ പലിശയ്ക്കു വായ്പയെടുത്തശേഷം കൂടിയ പലിശയ്ക്ക് എസ്എൻഡിപി യോഗാംഗങ്ങൾക്കു വിതരണം ചെയ്തതിൽ 15 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നായിരുന്നു വി.എസിന്റെ പരാതി. കേസെടുത്ത സാഹചര്യത്തിൽ, മുൻകൂർജാമ്യം ലഭിച്ചില്ലെങ്കിൽ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള പ്രതികൾ അറസ്റ്റിലാകും. പിന്നാക്ക വികസന കോർപറേഷനിലെ ഉന്നതരുടെ ഒത്താശയോടെ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വി എസ്. നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു വിജിലൻസ് അന്വേഷണം തുടങ്ങിയത്. അന്വേഷണം അട്ടിമറിക്കാൻ മുൻസർക്കാരിന്റെ കാലത്തു നീക്കം നടന്നിരുന്നു.

അഞ്ചു ശതമാനത്തിൽ താഴെ പലിശയേ ഈടാക്കാവൂ എന്ന വ്യവസ്ഥ മറികടന്നാണു 10-15% പലിശ ഗുണഭോക്താക്കളിൽനിന്ന് ഈടാക്കിയത്. പല യോഗം ശാഖകളും ഇങ്ങനെ ലഭിച്ച പണം ദുർവിനിയോഗം ചെയ്തെന്നു വിജിലൻസ് കണ്ടെത്തിയിരുന്നു. വായ്പ അംഗങ്ങൾക്കു നേരിട്ടുനൽകാതെ പിന്നാക്ക കോർപറേഷൻ വെള്ളാപ്പള്ളിയുടെ പേരിൽ ചെക്കായാണു നൽകിയത്. ആനുകൂല്യം കൈപ്പറ്റിയ സ്വാശ്രയസംഘങ്ങളുടെ സാക്ഷ്യപത്രവും ഗ്രൂപ്പ് ഫോട്ടോയും ഉൾപ്പെടെയുള്ള രേഖകൾ കോർപറേഷനിൽ ഹാജരാക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ല. ക്രമവിരുദ്ധമായ ഇടപാട് ശ്രദ്ധയിൽപെട്ടിട്ടും നടപടിയെടുക്കാതെ, 2015-ൽ കോർപറേഷൻ അഞ്ചുകോടി രൂപകൂടി വായ്പ നൽകി.

കുറ്റകരമായ ഗൂഢാലോചന, സാമ്പത്തിക തിരിമറി, അഴിമതി നിരോധന ന്ിയമം, വിശ്വാസ വഞ്ചന,വ്യാജരേഖ ചമക്കൽ വ്യാജരേഖ ഉപയോഗിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വിജിലൻസ് ഡിവൈ.എസ്‌പി സതീഷാണ് പ്രഥമവിവര റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ അഭ്യർത്ഥനപ്രകാരം ദ്രുതപരിശോധനാറിപ്പോർട്ട് നൽകാൻ പ്രത്യേക വിജിലൻസ് ജഡ്ജി എ.ബദറുദ്ദീൻ വിജിലൻസിനു 15 ദിവസം കൂടി അനുവദിച്ചിരുന്നു. കേസിൽ 21 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു.

വെള്ളാപ്പള്ളി നടേശനെതിരെ ശ്രീനാരായണ ധർമവേദിയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. എസ്.എൻ.ഡി.പി യോഗത്തിനു കീഴിലെ സ്വാശ്രയ സംഘങ്ങൾക്ക് വിതരണം ചെയ്യാൻ പിന്നാക്ക വികസന കോർപറേഷനിൽ നിന്നെടുത്ത 15 കോടി രൂപയിൽ ക്രമക്കേട് നടന്നെന്നാണ് ആരോപണം. അതേസയം എസ്എൻഡിപി യോഗത്തിനു മൂന്നു ശതമാനം പലിശയ്ക്കു ലഭിക്കുന്ന പണം അതേ പലിശയ്ക്കു തന്നെയാണ് എസ്എച്ച്ജികൾക്കു നൽകിയതെന്നാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്. എസ്എച്ച്ജികൾ അവരുടെ അംഗങ്ങൾക്ക് അഞ്ചു ശതമാനം പലിശയ്ക്കു വിതരണം ചെയ്യുന്നു. പരമാവധി 36 തവണ കൊണ്ടു പണം തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ എസ്എൻഡിപി യോഗം കൃത്യമായി പാലിച്ചുവരുന്നു. പദ്ധതിയുടെ കണക്കുകൾ സുതാര്യവും യോഗവാർഷിക പ്രതിനിധികൾക്കും യൂണിയനുകൾക്കും ശാഖാംഗങ്ങൾക്കും അച്ചടിച്ചു നൽകുന്നതുമാണ്. 10 കോടി രൂപ പലിശസഹിതം മുടക്കമില്ലാതെ തിരിച്ചടച്ചു കഴിഞ്ഞു. 2014 ൽ ലഭിച്ച അഞ്ചു കോടിയുടെ 36 മാസത്തെ തിരിച്ചടവിൽ 22 തവണയും കുടിശികയില്ലാതെ പൂർത്തിയായി. ബാക്കി തുക മാത്രമാണു തിരിച്ചടയ്ക്കാനുള്ളത് എന്നിരിക്കെ എസ്എൻഡിപി യോഗം നേതാക്കൾ 15 കോടി രൂപ അപഹരിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നാണ് വെള്ളാപ്പള്ളിയുടെ വിശദീകരണം.