കോഗ്നിസന്റ് പോലുള്ള ടെക്കി ഭീമന്മാർ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതിന് സമാനമായ പ്രതിസന്ധി ടെക് ലോകത്ത് വീണ്ടും പരിഭ്രാന്തി സൃഷ്ടിക്കുന്നു. ഇക്കുറി മൈക്രോസോഫ്റ്റാണ് വൻതോതിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തയ്യാറെടുക്കുന്നത്. കമ്പനിയുടെ സെയ്ൽസ് വിഭാഗത്തിലെ ജീവനക്കാരെയാണ് ലോകമെമ്പാടുമായി വൻതോതിൽ ഒഴിവാക്കാൻ ആലോചിക്കുന്നത്.

സോഫ്റ്റ്‌വേർ വിൽപന കൂടുതലായും ഓൺലൈൻ വഴിയായ സാഹചര്യത്തിലാണ് കമ്പനി സെയ്ൽസ് മേറല പുനഃസംഘടിപ്പിക്കാനൊരുങ്ങുന്നത്. എന്റർപ്രൈസ് കസ്റ്റമർ യൂണിറ്റും ചെറികിട-ഇടത്തരം എന്റർപ്രൈസുകളും സംയോജിപ്പിച്ചാകും പുനഃസംഘടന. എന്നാൽ, ഇതേക്കുറിച്ച് മൈക്രോസോഫ്റ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച്ച് ഈയാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ക്ലൗഡ് സർവീസ് ഓപ്പറേഷൻസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സെയ്ൽസ് വിഭാഗം പുനഃസംഘടിപ്പിക്കുമെന്ന് വാർത്താ ഏജൻസികൾ കുറച്ചുദിവസങ്ങളായി റിപ്പോർട്ട് ചെയ്തിരുന്നു. സമീപകാലത്ത് മൈക്രോസോഫ്റ്റിൽ നടന്ന ഏറ്റവും വലിയ നടപടികളിലൊന്നായിരിക്കും ഇതെന്നാണ് കരുതുന്നത്. വിവിധ രാജ്യങ്ങളിൽ ഇത് വലിയ പ്രതിസന്ധിക്കിടയാക്കും.

ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സ്ഥാനത്തുനിന്ന് കെവിൻ ടേണർ പോയശേഷം മാർക്കറ്റിങ്, ഗ്ലോബൽ സെയ്ൽസ് വിഭാഗത്തിൽ ചുമതലയേറ്റ ഫിലിപ്പ് കൂർട്ടോയിയുടെയും ജഡ്‌സൺ അൽതോഫിന്റെയും പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നും വിലയിരുത്തപ്പെടുന്നു. മുൻകാലങ്ങളിൽ ചെയ്തിരുന്ന രീതികളോട് അൽതോഫിന് യോജിപ്പില്ലെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. സെയ്ൽസ് വിഭാഗത്തിലെ 900 ജീവനക്കാരുൾപ്പെടെ 2850 ജീവനക്കാരെ കുറയ്ക്കുമെന്ന് 2016-ൽ മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു.