- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാലയങ്ങളിലെ ഉച്ചക്കഞ്ഞിക്കു സർക്കാർ പണം നൽകാതായിട്ട് രണ്ടു മാസം; രണ്ടാഴ്ച മുൻപ് പണം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞതും വെറുംവാക്കായി; കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ അദ്ധ്യാപകരും പി ടി എ കമ്മിറ്റികളും നെട്ടോട്ടത്തിൽ; മികവിനെ കുറിച്ച് ലക്ഷങ്ങളുടെ പരസ്യം നൽകുന്ന സർക്കാർ കണ്ടില്ലെന്ന് നടിക്കുന്ന ചില കാര്യങ്ങൾ
കോഴിക്കോട്: വിദ്യാലയങ്ങളിലെ ഉച്ചക്കഞ്ഞിക്കു സർക്കാർ പണം നൽകാതായിട്ട് രണ്ടു മാസം പിന്നിട്ടിരിക്കേ ഈ തുക എന്നു അനുവദിക്കുമെന്ന് ഇനിയും വ്യക്തമല്ല. രണ്ടാഴ്ച മുൻപ് വിദ്യാലയങ്ങളിലെ ഉച്ചക്കഞ്ഞി വിതരണത്തിന് ഉടൻ പണം നൽകുമെന്ന് തിരുവനന്തപുരത്തെ പൊതുപരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞതും വെറുംവാക്കായി. അറുപത് ശതമാനം കേന്ദ്ര ഫണ്ടുള്ള ഈ പദ്ധതിക്ക് സർക്കാർ നൽകേണ്ടത് 40 ശതമാനം വിഹിതം മാത്രമാവുമ്പോഴാണ് കൊട്ടിഘോഷിച്ച് സർക്കാരിന്റെ മികവിനെക്കുറിച്ച് കോടികളുടെ പരസ്യം നൽകി മാധ്യമസ്ഥാപനങ്ങളെ വരുതിയിൽ നിർത്തിയിരിക്കുന്ന പിണറായി സർക്കാരിന്റെ ക്രൂര നടപടി. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ അദ്ധ്യാപകരും പി ടി എ കമ്മിറ്റികളും നെട്ടോട്ടമോടേണ്ടുന്ന സ്ഥിതിയാണ് കേരളത്തിൽ ഉടനീളം ഇപ്പോൾ കാണാനാവുന്നത്.
കോവിഡ് ബാധയിൽ ഒന്നര വർഷക്കാലം വിദ്യാലയങ്ങൾ അടഞ്ഞു കിടന്നിരുന്നെങ്കിലും കഴിഞ്ഞ വർഷം അവസാനത്തിൽ ആറുമാസത്തോളം തുറന്നു പ്രവർത്തിച്ചിരുന്നു. എല്ലാ വർഷവും ജൂൺ മാസത്തിന്റെ തുടക്കത്തിൽതന്നെ അതാത് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുടെ എക്കൗണ്ടുകളിലേക്കു പണം വരുന്ന രീതിയിലാണ് ഇതിനുള്ള ഫണ്ട് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ഈ വർഷം ഇതുവരെയും ജൂൺ, ജൂലൈ മാസങ്ങളിലെ പണം എത്തിയിട്ടില്ല. ഓഗസ്റ്റ് മാസവും നാളത്തെ പ്രവർത്തിദിനംകൂടി അവസാനിച്ചാൽ ഒരാഴ്ച പിന്നിടുകയാണ്. ഇനി എന്ന് ഈ തുക ലഭിക്കുമെന്നും വ്യക്തമല്ല.
അദ്ധ്യാപകരും സാമ്പത്തികമായി കഴിവുള്ള പി ടി എ കമ്മിറ്റി അംഗങ്ങളും രക്ഷിതാക്കളുമെല്ലാം അകമഴിഞ്ഞു സഹായിക്കുന്നതിനാൽ മാത്രമാണ് വിദ്യാഭ്യാസത്തിൽ കേരള മോഡലുമായി രാജ്യത്തിനും ലോകത്തിനും മുന്നിൽ മാതൃകയായി ശിരസുയർത്തി നിൽക്കുന്ന കേരളത്തിലെ വിദ്യാലയങ്ങളിൽ കഞ്ഞികുടി മുടങ്ങാത്തത്. ഫണ്ട് അനുവദിക്കുന്നത് അനന്തമായി നീളുകയാണെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നാണ് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർ ഉൾപ്പെടെയുള്ളവർ പറയുന്നത്. ആ സ്ഥിതികൂടി സംഭവിച്ചാൽ സർ്ക്കാരിന് മേലുള്ള കറകളുടെ ഗാഢത ഇനിയും പതിന്മടങ്ങായി മാറും.
ഗ്രാമപ്രദേശങ്ങളിൽ ഉച്ചകഞ്ഞി ലഭിക്കുമെന്നതിനാൽ മാത്രം ധാരാളം കുട്ടികൾ ക്ലാസിൽ വരുന്നുണ്ടെന്ന യാഥാർഥ്യം വകുപ്പ് മന്ത്രിയുൾപ്പെടെയുള്ളവർക്ക് കൃത്യമായി അറിയുമ്പോഴാണ് ഈ വിഷയത്തിൽ കുറ്റകരമായതും ദയാരഹിതമായതുമായ ഒരു സമീപനവുമായി സർക്കാർ മുന്നോട്ടു പോകുന്നത്. 52 വാഹനങ്ങളുടെ അകമ്പടിയോടെ സംസ്ഥാനത്തൊട്ടാകെ പൊതുഗതാഗതം സ്തംഭപ്പിച്ച് മുഖ്യമന്ത്രി കടന്നുപോകുകയും സർക്കാർ ഓഫീസുകളിലെ ചുമരായ ചുമരിലെല്ലാം സർക്കാരിന്റെ നേട്ടങ്ങളെ വാനോളം പുകഴ്‌ത്തി പോസ്റ്ററുകൾ (ഒരു സ്ഥാപനത്തിലും ഇനിയോരു കീറക്കടലാസുപോലും അധികമായി ഒട്ടിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്) പതിക്കുമ്പോഴുമാണ് ഒന്നാം തരം മുതൽ എട്ടാം തരംവരെയുള്ള കുഞ്ഞുങ്ങൾക്കുള്ള അന്നം നൽകാതെ സാമ്പത്തിക പ്രതിസന്ധിയെ മുന്നിൽ നിർത്തി സർക്കാർ പേക്കൂത്ത് നടത്തുന്നത്.
ഉച്ചക്കഞ്ഞിക്കു നൽകുന്ന തുക 2016ൽ പുതുക്കിയ നിരക്കിൽ
വിദ്യാലയങ്ങളിലെ ഉച്ചക്കഞ്ഞിക്കായി 150 വരെ കുട്ടികളുള്ള വിദ്യാലയങ്ങൾക്ക് നിലവിൽ ഒരു കുട്ടിക്ക് എട്ടു രൂപ നിരക്കിലും 150 മുതൽ 500 വരെ കുട്ടികളുള്ള വിദ്യാലയത്തിന് ഏഴു രൂപ നിരക്കിലും അതിന് മുകളിൽ കുട്ടികളുള്ള വിദ്യാലയങ്ങൾക്ക് ആറു രൂപ തോതിലുമാണ് ഉച്ചക്കഞ്ഞി വിതരണത്തിനായി സർക്കാർ തുക നൽകുന്നത്. ഇതിന്റെ 60 ശതമാനവും കേന്ദ്ര സർക്കാർ വഹിക്കുമ്പോഴാണ് മന്ത്രിമാർക്കു പുതിയ കാറുൾപ്പെടെയുള്ളവ വാങ്ങാൻ യാതൊരു പിശുക്കും കാണിക്കാത്ത സർക്കാർ ഇത്തരത്തിൽ ഒരു അനീതി തുടരുന്നത്.
2016ൽ ആണ് അവസാനമായി ഈ നിരക്ക് സർക്കാർ പുതുക്കി നിശ്ചയിച്ചത്. എന്നാൽ ആറു വർഷം പിന്നിട്ടിട്ടും അദ്ധ്യാപക സംഘടനകളും പി ടി എ കമ്മിറ്റികളുമെല്ലാം നിരക്കു വർധിപ്പിക്കണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുമ്പോഴും അത് നടപ്പാക്കുന്ന കാര്യത്തിൽ മുഖംതിരിച്ചു നിൽക്കുക മാത്രമല്ല, ഈ നക്കാപ്പിച്ച നൽകാനും തയാറാവാതിരിക്കുന്നത്. കേരളത്തിലെ ബഹുഭൂരിഭാഗം വിദ്യാലയങ്ങളും കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുന്നത് പാചകവാതകം ഉപയോഗിച്ചാണ്. 2016ൽ വെറും 400 രൂപ മാത്രമായിരുന്നു ഒരു ഗ്യാസ് സിലിണ്ടറിന്; എന്നാൽ ഇന്ന് നൽകേണ്ടത 1,200 രൂപയാണ്. പച്ചക്കറിക്കും അരിയുൾപ്പെടെയുള്ള പലവ്യഞ്ജനങ്ങൾക്കും ഇതേ രീതിയിൽ മൂന്നിരട്ടിയോളം വർധനവാണ് സംഭവിച്ചിരിക്കുന്നത്. എന്നിട്ടും ഈ വിഷയത്തിലൊന്നും ജനങ്ങൾക്ക് ഉപകാരപ്രദമായ യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്നതാണ് വസ്തുത.
പാചക തൊഴിലാളികളുടെ കൂലിയും ഇതുവരെയും വർധിപ്പിച്ചിട്ടില്ല
അഞ്ഞൂറു കുട്ടികൾ വരെ പഠിക്കുന്ന വിദ്യാലയങ്ങളിൽ പാചകത്തിനായി ഒരു പാചകക്കാരനും അതിന് മുകളിൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ രണ്ടു പാചകത്തൊഴിലാളികളെയും ഭക്ഷണം ഉണ്ടാക്കാൻ നിയമിക്കാമെന്നാണ് സർക്കാർ നിർദ്ദേശം. എന്നാൽ ഇവരുടെ ശമ്പളം ഇപ്പോഴും 2016ൽ നിശ്ചയിച്ച 650 രൂപയാണ്. ഈ തുക വർധിപ്പിക്കമെന്ന് പാചകത്തൊഴിലാളികളുടെ സംഘനടകൾ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അക്കാര്യത്തിലും ഇതുവരെ ഒരു തീരുമാനവും സർക്കാരിൽനിന്നുണ്ടായിട്ടില്ല.