ബ്രിട്ടൻ ബ്രെക്സിറ്റിലൂടെ യൂറോപ്യൻ യൂണിയനോട് വിട പറഞ്ഞത് ഏറ്റവും സമയോചിതമായ തീരുമാനായിരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് കുറഞ്ഞത് പത്ത് ലക്ഷം ലിബിയക്കാരെങ്കിലും കടൽ താണ്ടി യൂറോപ്പിലെത്താൻ തക്കം പാർത്തിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടിരുന്നില്ലെങ്കിൽ ഇവരിൽ ലക്ഷക്കണക്കിന് പേർ ബ്രിട്ടനിലെത്തുമെന്നുറപ്പായിരുന്നു. ഇതിനാൽ യൂണിയൻ ഉപേക്ഷിച്ചത് ഇപ്പോൾ ബ്രിട്ടന് രക്ഷയായിരിക്കുകയാണ്. ബെൻഗസ്സിയിലെ ബ്രിട്ടീഷ് എംബസി ഓഫീസിലെ മുൻ തലവനും മുതിർന്ന നയതന്ത്രജ്ഞനുമായ ജോസഫ് വാക്കർ-കസിൻസാണ് പുതിയ ലിബിയൻ കുടിയേറ്റ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ലിബിയയിലെ തുടർച്ചയായ കലാപങ്ങളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടാനാണ് ഇവിടുത്തുകാർ കൂട്ടത്തോടെ യൂറോപ്പിലേക്ക് പലായനം ചെയ്യാൻ തക്കം പാർത്തിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. ഇത്തരക്കാരെ യൂറോപ്പിലെത്തിക്കാമെന്ന വാഗ്ദാനത്തോടെ ക്രിമിനലുകളായ മനുഷ്യക്കടത്ത് സംഘങ്ങൾ ബില്യൺ കണക്കിന് പൗണ്ടാണ് ഇവരിൽ നിന്നും അടിച്ചെടുക്കുന്നത്. തുടർന്ന് ഇവരെ തീരെ സുരക്ഷിതമല്ലാത്ത വഞ്ചികളിലും ബോട്ടുകളിലും മറ്റും കയറ്റി മെഡിറ്ററേനിയൻ കടത്തി യൂറോപ്പിലെത്തിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതിനിടെ നിരവധി പേർ മുങ്ങി മരിക്കുന്നുമുണ്ട്.

ലിബിയയിൽ നിന്നും മറ്റ് അയൽ രാജ്യങ്ങളിൽ നിന്നും കടലിലൂടെ അപകടകരമായ രീതിയിൽ അഭയാർത്ഥികളെത്തുന്നതും അതു വഴിയുള്ള മുങ്ങി മരണങ്ങളും തടയാനായി യൂറോപ്യൻ യൂണിയൻ ആരംഭിച്ചിരിക്കുന്ന നേവൽ മിഷനായ ഓപ്പറേഷൻ സോഫിയയെയും വാക്കർ-കസിൻസ് നിശിചമായി വിമർശിക്കുന്നുണ്ട്. ഇത്തരത്തിൽ ആളുകൾ വരുന്നതും മുങ്ങിമരിക്കുന്നതും തടയുന്നതിൽ ഈ മിഷൻ അമ്പേ പരാജയമാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തുന്നത്. ഈ മിഷൻ ആരംഭിച്ചതിനെ തുടർന്ന് ക്രിമിനൽ ഗാംഗുകൾ ബോട്ടുകളിൽ ആളുകളെ കുത്തിനിറച്ച് മെഡിറ്റേനിയനിലൂടെ കൊണ്ടു വരുന്നത് തുടരുകയാണെന്നും അഥവാ അപകടം സംഭവിച്ചാൽ യൂറോപ്യൻ യൂണിയൻ കപ്പലുകൾ തങ്ങളെ രക്ഷിച്ച് കരയിൽ എത്തിക്കുമെന്ന സുരക്ഷിതത്വ ബോധം ഇത്തരം അധധികൃത കുടിയേറ്റം വർധിപ്പിച്ചുവെന്നും കസിൻസ് ചൂണ്ടിക്കാട്ടുന്നു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഏറ്റവും വലിയ കുടിയേറ്റ പ്രതിസന്ധി യൂറോപ്പിനെ വിഴുങ്ങി നിൽക്കുന്ന സന്ദർഭത്തിലാണ് അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ പുറത്ത് വന്നിരിക്കുന്നതെന്നത് പ്രാധാന്യമർഹിക്കുന്നു. ഈ വർഷം മാത്രം 600 കുടിയേറ്റക്കാരാണ് കടലിൽ മുങ്ങി മരിച്ചിരിക്കുന്നത്. ഹൗസ് ഓഫ് ലോർഡ്സ് ഇയു എക്സ്റ്റേണൽ അഫയേർസ് സബ് കമ്മിറ്റിക്ക് ഇത് സംബന്ധിച്ച തെളിവുകളും കസിൻസ് കൈമാറിയിട്ടുണ്ട്. ലിബിയയിലെ സർക്കാരിന്റെ തകർച്ചയും യൂറോപ്പിലെ അതിർത്തി നിയന്ത്രണം ഇല്ലാതായതും കാരണം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇനിയും അഭയാർത്ഥി പ്രവാഹമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഇതിനെ പ്രതിരോധിക്കാൻ യൂറോപ്യൻ യൂണിയൻ വൈകിയിട്ടാണ് എന്തെങ്കിലും പ്രവർത്തിക്കുന്നതെന്നും അത് തീർത്തും അപര്യാപ്തമാണെന്നും അദ്ദേഹം ആരോപിക്കുന്നു. യൂറോപ്പിലേക്ക് കടലിലൂടെ 2016ൽ 364,000 പേരായിരുന്നു എത്തിയിരുന്നത്. എന്നാൽ 2015ൽ ഇവരുടെ എണ്ണം പത്ത് ലക്ഷത്തിന് മേലായിരുന്നു.