- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിമന്റ് വേണ്ടത്ര ചേർക്കുന്നതിൽ പിശുക്ക്; ഉറപ്പില്ലാത്ത ബീമും; കൊച്ചിയിൽ നിർമ്മാണത്തിലിരുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ മുകളിൽ നിന്ന് ബീം ഇളകി വീണ അപകടത്തിൽ പൊലിഞ്ഞത് ഇതരസംസ്ഥാന തൊഴിലാളിയുടെ ജീവൻ; ഗ്യാലക്സി ബിൽഡേഴ്സിന്റെ നിർമ്മാണ പിഴവിന് എതിരെ മുമ്പും പരാതികൾ
കൊച്ചി: നിർമ്മാണത്തിലിരുന്ന ഫ്ളാറ്റ് സമുച്ചയത്തിന്റെ മുകളിൽ നിന്നും ബീം ഇളകി വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. കെട്ടിടത്തിലെ നിർമ്മാണത്തിലെ അപാകതയാണ് അപകട കാരണമെന്ന് കണ്ടെത്തി. വേണ്ടത്ര അളവിൽ സിമന്റില്ലാത്തതും ബീമിന് ഭിത്തിയുമായി ഉറപ്പുമില്ലാത്തതും പ്രശ്‌നമായി.
ഈ ബീമിന് മുകളിലേക്ക് കട്ട വച്ച് നിർമ്മാണം നടത്തിയതോടെ ഭാരം താങ്ങാനാവാതെ ഭിത്തിയുമായുള്ള ബന്ധം വേർപെട്ട് തൊഴിലാളിയുടെ മേലേക്ക് മറിയുകയായിരുന്നു. ശരീരത്തിലേക്ക് ബീം പതിച്ചതോടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി തെറിച്ച് തൂണിന് മുകളിലേക്ക് വീഴുകയായിരുന്നു. തൂണിന് മുകളിൽ മണിക്കൂറുകളോളം തൂങ്ങിക്കിടന്നതിന് ശേഷം ഫയർഫോഴ്സെത്തി താഴെയിറക്കിയപ്പോൾ മരണം സംഭവിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ബീമിന്റെ ബലക്ഷയം കണ്ടെത്തിയത്.
പമ്പള്ളി നഗർ വിദ്യാനഗർ കോളനിയിലെ ഗ്യാലക്സി ബിൽഡേഴ്സിന്റെ നിർമ്മാണത്തിലിരിക്കുന്ന ഫ്ളാറ്റിന്റെ പതിനാലാം നിലയുടെ മുകൾ ഭാഗത്ത് അലങ്കാര പണിചെയ്യുകയായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി സഞ്ജീവ് സിങ്ങാണ് മരിച്ചത്. മുകളിൽ നിന്ന് നിർമ്മാണത്തിലിരുന്ന ബീം അടക്കമുള്ളവ തൊഴിലാളികൾക്ക് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ രക്ഷപെട്ടെങ്കിലും ബീം നേരിട്ട് പതിച്ചതിനാൽ ഇയാൾ മരണപ്പെടുകയായിരുന്നു. ബീം ഇളകി മാറിയിരിക്കുന്നത് ഭിത്തിയിൽ നിന്നാണ്. അമിതമായ ഭാരം കയറിയതോടെ ഭിത്തിയുമായുള്ള ബന്ധം വേർപെടുകയായിരുന്നു. ഹോളോ ബ്രിക്സ് കൊണ്ട് നിർമ്മിച്ച ഭിത്തിയാണിത്. ഭിത്തിയിലേക്ക് ബീം പിടിച്ചിരിക്കാതിരുന്നത് നിർമ്മാണത്തിലെ പിഴവായതിനാൽ കൂടുതൽ പരിശോധനകൾ നടത്താനുള്ള നീക്കത്തിലാണ് കോർപ്പറേഷൻ അധികാരികളും പൊലീസും.
കെട്ടിടത്തിന് വേണ്ടത്ര ഉറപ്പുണ്ടോ എന്ന പരിശോധന ഉടൻ നടത്തുമെന്നാണ് വിവരം. പരിശോധനയിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ നിർമ്മാണത്തിനായി നൽകിയിരിക്കുന്ന താൽക്കാലിക ലൈസൻസ് റദ്ദ് ചെയ്ത് നിർമ്മാണം നിർത്തി വയ്പിക്കും. ഗ്യാലക്സി ബിൽഡേഴ്സിന്റെ നിരവധി പ്രൊജക്ടുകൾ നിലവിൽ കൊച്ചിയിൽ പലയിടത്തും നിർമ്മാണത്തിലാണ്.
ചിലവന്നൂരിൽ ഫ്ളാറ്റ് നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് നിരവധി പേരുടെ പക്കൽ നിന്നും ഇവർ പണം വാങ്ങിയിരുന്നു. എന്നാൽ പറഞ്ഞ കാലാവധിക്ക് ഇവ നൽകാതെ നീട്ടിക്കൊണ്ടു പോകുകയാണ്. പണം നൽകിയവർ ഇവർക്കെതിരെ പരാതി നൽകിയിട്ടുമുണ്ട്. റെറ(റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി)യുടെ മുന്നിൽ നിരവധി പരാതികൾ ഇവർക്കെതിരെ എത്തിയിട്ടുണ്ട്.
അതേ സമയം ഫ്ളാറ്റുകൾ വാങ്ങുന്നവർ കെട്ടിടങ്ങളുടെ ഉറപ്പ് കൂടി മനസ്സിലാക്കണം എന്ന് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. പല ഫ്ളാറ്റുകളും വർഷങ്ങളോളം നിർമ്മാണം നിലച്ചു കിടന്നതിന് ശേഷം വീണ്ടും നിർമ്മിച്ച് പുതുപുത്തനാക്കിയാണ് മുന്നിലെത്തിക്കുന്നത്. അതിനാൽ കാലപഴക്കവും മറ്റും അന്വേഷിച്ചതിന് ശേഷം മാത്രം പുതിയ ഫ്ളാറ്റുകൾ വാങ്ങാവൂ. അതിനായി നിലവിൽ സർക്കാർ ഒരു വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. റെറയിൽ രജിസ്റ്റർ ചെയ്ത എല്ലാ റിയൽ എസ്റ്റേറ്റ് പദ്ധതികളുടേയും വിശദാംശങ്ങളും നിർമ്മാണ പുരോഗതിയും ഇനിമുതൽ rera.kerala.gov.in എന്ന വെബ്പോർട്ടൽ വഴി അറിയാനാകും.
റെറയിൽ രജിസ്റ്റർ ചെയ്ത എല്ലാ പദ്ധതികളുടേയും ഭൂമിയുടെ രേഖകളും നിയമപ്രകാരമുള്ള അനുമതികളുമെല്ലാം പോർട്ടലിൽ ലഭ്യമാകും. ഓരോ മൂന്നുമാസം കൂടുമ്പോഴും പദ്ധതിയുടെ നിർമ്മാണ പുരോഗതി ഡെവലപ്പർമാർ ഇതിൽ പ്രസിദ്ധപ്പെടുത്തും. ആരെങ്കിലും വീഴ്ച വരുത്തിയാൽ ഏഴു ദിവസത്തിനുള്ളിൽ അവരുടെ പേരുവിവരങ്ങളും മറ്റും പോർട്ടലിൽ പ്രസിദ്ധീകരിക്കും. ഇത് പദ്ധതികളുടേയും റിയൽ എസ്റ്റേറ്റ് കമ്പനികളുടേയും സൽപേരിനെ ബാധിക്കുമെന്നതിനാൽ പോർട്ടൽ വഴി കൃത്യമായ വിവരങ്ങൾ നൽകാൻ കമ്പനികൾ നിർബന്ധിതരാകും.
പദ്ധതിയുടെ പേര്, ഡെവലപ്പർ, ജില്ല, താലൂക്ക്, വില്ലേജ് എന്നിങ്ങനെ വിവിധ തരത്തിലാണ് വിവരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഏതെങ്കിലും പദ്ധതിയെപ്പറ്റി അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ ലളിതമായ തിരച്ചിലിലൂടെത്തന്നെ പോർട്ടലിൽ നിന്ന് വിവരങ്ങൾ ലഭ്യമാകും. ഡെവലപ്പർമാരുടെ ഇതുവരെയുള്ള പ്രവർത്തനചരിത്രം, അവർക്കെതിരെ എന്തെങ്കിലും കേസുകളുണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ തുടങ്ങിയവയെല്ലാം ലഭ്യമായതിനാൽ വാങ്ങാനാഗ്രഹിക്കുന്നവർക്ക് ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനും ചതിക്കുഴിയിൽ വീഴാതിരിക്കാനും കഴിയും. ഇതുവരെ 582 പദ്ധതികളും 157 ഏജന്റുമാരുമാണ് റെറയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.