വിന്റർ തുടങ്ങും മുമ്പ് യൂറോപ്പിൽ കടക്കുന്നതിനായി ലിബിയയിൽനിന്ന് മെഡിറ്ററേനിയൻ കടൽ വഴി കഴിഞ്ഞ മൂന്നുദിവസത്തിനിടെ എത്തിയത് 10,000 പേർ. നിറഞ്ഞുകവിഞ്ഞ ബോട്ടിൽനിന്ന് രക്ഷാപ്രവർത്തകർ കണ്ടെത്തിയതാണിവരെ. വിന്റർ തുടങ്ങിക്കഴിഞ്ഞാൽ കടൽവഴിയുള്ള യാത്ര ദുഷ്‌കരമാകുമെന്നുകണ്ടാണ് തിരക്കിട്ട ശ്രമം.

ലിബിയയിൽനിന്നുള്ളവരാണ് അഭയാർഥികളിലേറെയും. ഇറ്റാലിയൻ ദ്വീപ് ലാംപെഡൂസയിൽനിന്ന് 180 മൈൽ മാത്രം അകലെയുള്ള ലിബിയൻ പട്ടണമായ സബ്രാത്തയിൽനന്നാണ് ഇവർ വരുന്നത്. ജിഹാദികളും വിമതരും സൈന്യവുമായി പോരാട്ടം നടക്കുന്ന ലിബിയയിൽനിന്നുള്ള അഭയാർഥി പ്രവാഹം ഇനിയും നിലച്ചിട്ടില്ലെന്നതാണ് ഈ വരവും തെൡയിക്കുന്നത്.

ലിബിയയിൽനിന്നുള്ള മനുഷ്യക്കടത്ത് നിയന്ത്രിക്കാനാവാതെ ഉഴലുകയാണ് അവിടുത്തെ അധികൃതർ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ, നാവിക സേനയുടെ പട്രോളിങ് കുറച്ചിരിക്കുകയാണ്. സബ്രാത്ത തീരത്ത് മനുഷ്യക്കടത്ത് തടയാൻ നിർവാഹമില്ലെന്ന് ലിബിയയുടെ നാവിക സേനാ മേധാവി കേണൽ അയൂബ് ഖ്വാസം പറഞ്ഞു.

ചൊവ്വാഴ്ച മാത്രം 3000 പേരെയാണ് രക്ഷാപ്രവർത്തകർ രക്ഷിച്ചത്. തൊട്ടുതലേന്ന് 6500 പേരെയു സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചിരുന്നു. ഞായറാഴ്ചയും ആയിരത്തോളം പേരെ കരയ്‌ക്കെത്തിക്കാൻ രക്ഷാപ്രവർത്തകർക്കായി. പഴക്കം ചെന്ന മത്സ്യബന്ധന ബോട്ടുകളിൽ യൂറോപ്പിലേക്ക് കടക്കുന്ന അഭയാർഥികളിൽ കുട്ടികളടക്കമുള്ളവർ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോഴേയ്ക്കും പലരും വെള്ളത്തിലേക്ക് എടുത്തുചാടി.

ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയ ബോട്ടിൽവച്ച് ഒരു യുവതി കുഞ്ഞിന് ജന്മം നൽകി. അമ്മയെയും കുഞ്ഞിനെയും സ്പീഡ്‌ബോട്ടിൽ ലാംപെഡൂസയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇറ്റലിയിൽ ഇക്കൊല്ലം മാത്രം എത്തിയ അഭയാർഥികളുടെ എണ്ണം 112,500 വരും. 2015-ൽ ഇതേ സമയത്ത് 116,000 അഭയാർഥികൾ എത്തിയിരുന്നു.