ങ്ങനെയെങ്കിലും ബ്രിട്ടനിലെത്താൻ വേണ്ടി കലൈസിലെ ക്യാമ്പിൽ കഴിയുന്ന അഭയാർത്ഥികൾ ഇപ്പോൾ ഇതിനായി അതിക്രൂരമായ ഒരു തന്ത്രമാണ് പയറ്റാൻ തുടങ്ങിയിരിക്കുന്നത്. ഇതനുസരിച്ച് റോഡിൽ മനഃപൂർവം അപകടം ഉണ്ടാക്കി വാഹനത്തിൽ കയറിപ്പറ്റി ബ്രിട്ടനിൽ എത്താനാണവർ ശ്രമിക്കുന്നത്. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ചെന്ന പത്രക്കാരുടെ സംഘത്തിനും ഇപ്പോൾ പരുക്കേറ്റിരിക്കുകയാണ്. കലൈസ് തുറമുഖത്തിന് സമീപത്തെ റോഡുകളിലൂടെ കടന്ന് പോകുന്ന കാറുകൾക്ക് നേരെ വലിയ വസ്തുക്കൾ വലിച്ചെറിഞ്ഞാണവർ അപകടമുണ്ടാക്കുന്നത്. ഇതിനെ തുടർന്ന് കാറുകൾ അപകടത്തിൽ പെടുകയും അതിനെ തുടർന്നുണ്ടാകുന്ന റോഡ് ബ്ലോക്കിൽ പെടുന്ന ലോറികളിൽ വലിഞ്ഞ് കയറി ബ്രിട്ടനിലെത്തുകയുമാണ് അഭയാർത്ഥികൾ ഇപ്പോൾ പയറ്റുന്ന പുതിയ തന്ത്രം.

ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചറിയാൻ ഇവിടെ പോയ ഡെയിലി മെയിൽ റിപ്പോർട്ടർ ബെൻ എല്ലെറി(32)യും ഫോട്ടോഗ്രാഫർമാരായ സ്റ്റീവ് ബർട്ടനും ജോൺ മാക് ലെല്ലനും കയറിയ കാറിന് നേരെ അഭയാർത്ഥികൾ മരക്കുറ്റി വലിച്ചെറിഞ്ഞതിനെ തുടർന്ന് കാർ അപകടത്തിൽ പെടുകയും ഇവർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇവർ മരണത്തിൽ നിന്നും തലനാരിഴയ്ക്കായിരുന്നു രക്ഷപ്പെട്ടിരുന്നത്. അവർ സഞ്ചരിച്ചിരുന്ന ബ്രിട്ടീഷ് രജിസ്ട്രേഡ് ഓഡിക്ക് നേരെയാണ് അഭയാർത്ഥികൾ ആക്രമണം നടത്തിയിരുന്നത്. തുടർന്ന് അവരുടെ വാഹനം ഒരു ലോറിക്ക് ചെന്നിടിക്കുകയും നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു.ലോറി കാറിനെ 50 യാർഡുകൾ വലിച്ച് കൊണ്ടു പോവുകയും ചെയ്തിരുന്നു. ഇവരെ പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

മാക് ലെല്ലന്(60) മുഖത്ത് ആഴത്തിലുള്ള മുറിവാണുണ്ടായിരിക്കുന്നത്. ബർട്ടനാ(57)കട്ടെ തലയ്ക്ക് ആഴത്തിലുള്ള മുറിവും പുറക് വശത്ത് കടുത്ത ചതവും ഉണ്ടായിട്ടുണ്ട്. കലൈസിലെ ജംഗിൾ ക്യാമ്പിൽ ഈ അടുത്ത ദിവസം അഭയാർത്ഥികൾ ഉണ്ടാക്കിയ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ചെന്നതിനെ തുടർന്നാണ് അവർ അപകടത്തിൽ പെട്ടിരിക്കുന്നത്. ബ്രിട്ടനിലേക്കുള്ള വാഹനങ്ങൾ അഭയാർത്ഥികൾ വൻ തോതിൽ ആക്രമിക്കുന്നുവെന്ന സംഭവത്തെക്കുറിച്ചുള്ള അന്വേഷണവും എല്ലെറിയുടെയും സംഘത്തിന്റെയും യാത്രാ ലക്ഷ്യമായിരുന്നു. പത്രപ്രവർത്തകർ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഹോം സെക്രട്ടറി ആംബർ റുഡ് കലൈസിലെ സ്ഥിതിയെക്കുറിച്ച് കടുത്ത ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. ചാനൽ പോർട്ടുകൾ സുരക്ഷിതമാണെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാക്കേണ്ടത് നിർണായകമായ ബാധ്യതയാണെന്നാണ് റുഡ് പ്രതികരിച്ചിരിക്കുന്നത്.

ഫെറികളും ചാനൽ ടണലും ഉപയോഗിക്കുന്ന ബ്രിട്ടീഷ് കുടുംബങ്ങൾക്ക് നിലവിൽ അഭയാർത്ഥികൾ വൻ ഭീഷണിയാണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്. അവധിയാഘോഷം കഴിഞ്ഞ് വരുന്ന നിരവധി ബ്രിട്ടീഷ് കുടുംബങ്ങൾക്കും ഇവർ കഴിഞ്ഞ ദിവസം കനത്ത ഭീഷണിയാണുയർത്തിയിരിക്കുന്നത്. തക്കം കിട്ടിയാൽ ബ്രിട്ടനിലേക്ക് നുഴഞ്ഞ് കയറാൻ കാത്തിരിക്കുന്ന കലൈസിലെ ക്യാമ്പിൽ നിലവിൽ 9000ത്തോളം അഭയാർത്ഥികളാണുള്ളത്. ഇത് ഘട്ടം ഘട്ടമായി അടച്ച് പൂട്ടുമെന്നാണ് ഫ്രഞ്ച് അഭ്യന്തര മന്ത്രിയായ ബെർണാഡ് കാസെന്യൂവ് ഉറപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ഇത് എത്രയും വേഗം അടച്ച് പൂട്ടി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

ഇവിടുത്ത റോഡുകളിലൂടെ പോകുന്ന ലോറികളിൽ നുഴഞ്ഞ് കയറിയും അതിർത്തി ചാടിയും സമുദ്രം താണ്ടിയും പ്രതിവർഷം ഈ ക്യാമ്പിൽ നിന്നും യുകെയിലെത്തുന്നത് 10,000 പേരാണെന്നാണ് ഫ്രഞ്ച് ഒഫീഷ്യലുകൾ അടുത്തിടെ വെളിപ്പെടുത്തുന്നത്. ഇതനുസരിച്ച് ആഴ്ച തോറും ഏതാണ്ട് 200ഓളം അഭയാർത്ഥികളാണത്രെ ഇത്തരത്തിൽ ബ്രിട്ടനിലെത്തുന്നത്. ഈ ക്യാമ്പിലെ കള്ളക്കടത്തു കാരുടെയും ഇസ്ലാമിക് തീവ്രവാദികളുടെയും സ്വാധീനം കാരണം ഇതിനകത്തേക്ക് പൊലീസിന് കടന്ന് കയറാൻ പോലും സാധിക്കുന്നില്ല. ഐസിസുകാർ പോലും യുകെയെ ലക്ഷ്യമിട്ട് ഇവിടെ തമ്പടിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇവിടുത്തെ മനുഷ്യക്കടത്ത് സംഘങ്ങൾ തുറമുഖത്തെത്തുന്നതിന് മുമ്പ് ലോറികൾ തടഞ്ഞ് നിർത്തുകയും അതിലേക്ക് അഭയാർത്ഥികൾക്ക് കയറാനുള്ള സാഹചര്യമൊരുക്കുന്ന സംഭവങ്ങളും അരങ്ങേറുന്നുണ്ട്.