ക്കം കിട്ടിയാൽ യുകെയിലേക്ക് കടന്ന് കയറുന്നവരാണ് ഫ്രാൻസിലെ കലൈസിലെ അഭയാർത്ഥി ക്യാമ്പിലുള്ളത്. ഇവിടെ നിന്നും ദിവസം തോറുമെന്നോണം നിരവധി പേർ അനധികൃത മാർഗത്തിലൂടെ യുകെയിലെത്തുന്നുണ്ട്. ഇത്തരത്തിൽ കള്ളവണ്ടി കയറിയും മറ്റ് നിയമവിരുദ്ധമായ മാർഗത്തിലൂടെയും യുകെയിലെത്തിയവരുടെ പ്രായപൂർത്തിയാകാത്ത മക്കൾക്ക് നേരെ തന്നെ യുകെയിലെത്താൻ മാർഗം തെളിഞ്ഞിരിക്കുകയാണിപ്പോൾ. ഇതിന്റെ ഭാഗമായി ഫ്രഞ്ച് അഭയാർത്ഥി ക്യാമ്പിൽ നിന്നും കൗമാരക്കാർ ലണ്ടനിലെത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള കടന്ന് കയറ്റത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ബ്രിട്ടീഷുകാർ രംഗത്തെത്തിയിട്ടുമുണ്ട്. 14നും 17നും ഇടയിൽ പ്രായമുള്ള 14 കൗമാരക്കാരാണ് ഇന്നലെ ലണ്ടനിലെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ളവരുടെ ആദ്യ സംഘമാണിത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം സൗത്ത് ലണ്ടനിലെ ക്രോയ്ഡോണിലെ യുകെ വിസാസ് ആൻഡ് ഇമിഗ്രേഷൻ ഹെഡ് ഓഫീസിലാണ് ഇവരെത്തിച്ചേർന്നത്. ഇവിടെ വച്ച് ഇവരെ ഹോം ഓഫീസിന് വേണ്ടി രജിസ്ട്രർ ചെയ്യുകയും ചെയ്തു. ബ്രിട്ടനിൽ നേരത്തെ എത്തിയ കുടുംബാംഗങ്ങൾക്കൊപ്പം ഇവർ ഉടൻ തന്നെ കൂടിച്ചേരുന്നതാണ്.ഫ്രഞ്ച് സർക്കാർ അടച്ച് പൂട്ടാനൊരുങ്ങുന്ന ക്യാമ്പിൽ നിന്നും ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെയാണ് വളരെ വേഗത്തിൽ ഇവരെ യുകെയിലെ ത്തിക്കുന്നത്. യുദ്ധത്താലും കലാപങ്ങളാലും പ്രക്ഷുബ്ധമായ സിറിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇത്തരത്തിൽ എത്തുന്നത്. ഇത്തരത്തിൽ ഇവിടേക്ക് എത്തിക്കാനൊരുങ്ങുന്ന 100 കുട്ടികളിൽ ആദ്യ സംഘമാണ് ഇന്നലെയെത്തിയിരിക്കുന്നത്. ഈ ആഴ്ച തന്നെ ബാക്കിയുള്ളവരെയും ഇവിടെയെത്തിക്കുമെന്നാണ് കരുതുന്നത്.

രക്ഷിതാക്കളില്ലാതെ പലായനം ചെയ്ത 140 കുട്ടികളെയാണ് യുകെ ഡബ്ലിൻ റെഗേേുലഷന് കീഴിൽ സ്വീകരിക്കുന്നത്. ഇതിൽ 80 ൽ അധികം പേർ ഫ്രാൻസിൽ നിന്നുള്ള അഭയാർത്ഥിക്കുട്ടികളാണ്. കലൈസ് ക്യാമ്പ് നശിപ്പിക്കുന്നതിന് മുമ്പ് ഇത്തരത്തിലുള്ള കുട്ടികളെ യുകെയിലേക്ക് കൊണ്ടു വരുന്നതിന് ഫ്രഞ്ച് ഉദ്യോഗസ്ഥരെ സഹായിക്കാനായി ബ്രിട്ടീഷ് ഒഫീഷ്യലുകളുടെ ഒരു സംഘം കലൈസിലേക്ക് പോയിട്ടുണ്ട്. യുകെയിലെക്ക് നേരത്തെ കുടിയേറിയ അഭയാർത്ഥികളുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾ മറ്റെവിടെയെങ്കിലും അഭയം തേടിയിട്ടുണ്ടെങ്കിലും അവരെ യുകെയിലേക്ക് വരാനും തങ്ങളുടെ കുടുംബാംഗങ്ങൾക്കൊപ്പം കഴിയാനും ഡബ്ലിൻ റെഗുലേഷൻ നിർദേശിക്കുന്നു. മേയിൽ കുടിയേറ്റ നിയമത്തിൽ വരുത്തിയ ഡെബ്സ് ഭേദഗതിയനുസരിച്ച് രക്ഷിതാക്കളിൽ നിന്ന് ഒറ്റപ്പെട്ട നിരവധി കുട്ടികളെ യുകെയിലേക്ക് വരാൻ അനുവദിച്ചിട്ടുണ്ട്.

അനിവാര്യമായ സുരക്ഷാ പരിശോധനകൾ നടത്തിയിട്ടാണ് ഇത്തരം കുട്ടികളെ ഇവിടേക്ക് കടത്തി വിടുന്നതെന്നാണ് ഹോം ഓഫീസ് വക്താവ് വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി അവരുടെ പ്രായവും ഐഡന്റിറ്റിയും അർഹതയും പരിശോധിച്ചാണ് യുകെയിലേക്ക് പ്രവേശിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുകെയിൽ നേരത്തെയെത്തിയ തങ്ങളുടെ കുടുംബാംഗങ്ങളുമായി കൂടിച്ചേരുന്നതിന് മുമ്പ് ഇത്തരം കുട്ടികളെ ഹോം ഓഫീസ് പ്രത്യേക സ്‌ക്രീനിംഗിന് വിധേയരാക്കുന്നുമുണ്ട്. ഇത്തരം സുരക്ഷാപരിശോധനകൾക്ക് വിധേയരാക്കുന്നതിനിടെ ഇവരിൽ ചിലർക്ക് താൽക്കാലിക താമസ സൗകര്യങ്ങളും ഹോം ഓഫീസ് ലഭ്യമാക്കുന്നുണ്ട്. കലൈസിലെ ജംഗിൾ ക്യാമ്പിൽ ഏതാണ്ട് 1000ത്തോളം രക്ഷിതാക്കളില്ലാത്ത കുട്ടികൾ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇവരിൽ 180 പേരുടെ രക്ഷിതാക്കൾ ബ്രിട്ടനിൽ നേരത്തെ എത്തിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഇവിടേക്ക് കൊണ്ടു വരാനുള്ള നീക്കമാണ് നടത്തുന്നത്.

ജംഗിൾ ക്യാമ്പ് അടച്ച് പൂട്ടുന്നതിന് മുമ്പ് നിരവധി കുട്ടികളെ ഇവിടെ നിന്നും ഡബ്ലിൻ റെഗുലേഷൻ പ്രകാരം യുകെയിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് കഴിഞ്ഞ ആഴ്ച ഹോം സെക്രട്ടറി ആംബർ റുഡ് പ്രസ്താവിച്ചിരിക്കുന്നത്. യുകെയിലേക്ക് ഇത്തരത്തിൽ വരാൻ അർഹതയുള്ള നൂറ് കണക്കിന് കുട്ടികളെ ജംഗിൾ ക്യാമ്പിൽ തങ്ങൾ തിരിച്ചറിഞ്ഞിട്ടു ണ്ടെന്നാണ് കാംപയിനർമാർ വെളിപ്പെടുത്തുന്നത്. ഈ വഴിയിലൂടെ ഇത്തരത്തിലുള്ള കുട്ടികളെ തിരിച്ചറിയുന്നതിനും യുകെയിലെത്തിക്കുന്നതിനും കാലതാമസം വരുത്തുന്നതിന്റെ പേരിൽ സർക്കാർ കടുത്ത വിമർശനം നേരിടുന്നുണ്ട്. ജംഗിൾ ക്യാമ്പ് അടുത്ത് തന്നെ ഒഴിപ്പിക്കുമെന്ന് മുന്നറിയിപ്പേകുന്ന പോസ്റ്ററുകൾ ഇവിടുത്തെ ഷോപ്പുകളിൽ അധികൃതർ പതിച്ചിട്ടുണ്ട്.