വിവിധ രാജ്യങ്ങളിൽ നിന്നും ലക്ഷക്കണക്കിന് അഭയാർത്ഥികൾ യാതൊരു നിയന്ത്രണവുമില്ലാതെ ഒഴുകിയെത്തുന്നതാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇത് തിരിച്ചറിഞ്ഞതോടെ തുടക്കത്തിൽ അഭയാർത്ഥികളോട് തികച്ചും ഉദാരമായ നിലപാട് പുലർത്തിയിരുന്ന ജർമനിയടക്കമുള്ള വിവിധ രാജ്യങ്ങൾ തങ്ങളുടെ നിലപാട് തിരുത്താൻ തുടങ്ങുകയും അഭയാർത്ഥികളെ കെട്ട് കെട്ടിക്കാൻ കടുത്ത നടപടികൾ എടുക്കാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി അഭയം തേടിയെത്തിയവരെ കണ്ടയിനറുകളിൽ സൂക്ഷിക്കാനാണ് ഹംഗറി ഉത്തരവിട്ടിരിക്കുന്നത്. ഇവരെ പണം കൊടുത്ത് മാതൃരാജ്യങ്ങളിലേക്ക തിരിച്ചയക്കാനാണ് ജർമനി ശ്രമിച്ച് വരുന്നത്. ഇതോടെ ജീവൻ പണയം വച്ച് കടലു താണ്ടിയും മലകൾ കയറിയും മരുഭൂമിയിലൂടെ നടന്ന് യൂറോപ്പിലെത്തിയ അഭയാർത്ഥികൾ തങ്ങളുടെ പരിശ്രമം വെറുതെയായോ എന്ന ആശങ്കയിലാണിപ്പോൾ. ഏതായാരും പെരുകി വരുന്ന അഭയാർത്ഥികളെ തിരിച്ചയക്കാൻ യൂറോപ്പിലാകമാനം കടുത്ത നടപടികൾ ആരംഭിച്ചിട്ടുണ്ട്.

രാജ്യം വിട്ട് പോകാൻ കുടിയേറ്റക്കാർക്കായി മില്യൺ കണക്കിന് പൗണ്ടാണ് ഏയ്ജല മെർകൽ കൈമാറിയിരിക്കുന്നത്. ഈ അടുത്ത കാലം വരെ അഭയാർത്ഥികളോടെ തുറന്ന വാതിൽ നയം പ്രകടിപ്പിച്ച മെർകലിന്റെ മലക്കം മറിച്ചിലാണിവിടെ പ്രകടമാകുന്നത്. തന്റെ ഓപ്പൺ ബോർഡർ പോളിസിയുടെ പേരിൽ സ്വന്തം പാർട്ടിയിൽ നിന്നും കടുത്ത വിമർശനം ഉയർന്ന് വന്നതിന്റെ പശ്ചാത്തലത്തിലാണ് മെർകൽ നയം തിരുത്താൻ നിർബന്ധിതയായിരിക്കുന്നത്. മെർകലിന്റെ ഉദാരനയം കാരണം 1.2 മില്യൺ അഭയാർത്ഥികളായിരുന്നു വിവിധ രാജ്യങ്ങളിൽ നിന്നും ജർമനിയിലെ്തതിച്ചേർന്നിരുന്നത്. ഇവരിൽ മിക്കവരെയും തിരിച്ചയക്കുന്നതിനോട് മെർകൽ യോജിപ്പ് പ്രകടിപ്പിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. നിലവിൽ ഏതാണ്ട് നാലര ലക്ഷം കുടിയേറ്റക്കാരെ എത്രയും പെട്ടെന്ന് തിരിച്ചയക്കുന്നതിനുള്ള പാക്കേജിനോടാണ് മെർകൽ യോജിപ്പ് പ്രകടമാക്കിയിരിക്കുന്നത്. ഇവർ അഭയത്തിന് അപേക്ഷിച്ചിരുന്നുവെങ്കിലും അധികൃതർ അത് നിഷേധിക്കുകയായിരുന്നു.

വിവാദപരമായ ഈ പദ്ധതിക്കായി 76 മില്യൺ പൗണ്ടാണ് മെർകൽ വകിയിരുത്തിയിരിക്കുന്നത്. ഇത് പ്രകാരം സ്വമേധയാ ജർമനി വിട്ട് പോകുന്ന കുടിയേറ്റക്കാർക്ക് കാഷ് ഇൻസെന്റീവ് നൽാകാനാണ് ലക്ഷ്യമിടുന്നത്. സെപ്റ്റംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ജയം ഉറപ്പാക്കാൻ വേണ്ടിയാണ് മെർകൽ തന്റെ നിലപാടുകളിൽ നിന്നും യു ടേൺ അടിക്കുന്നതെന്നാണ് നിരവധി പേർ വിമർശിക്കുന്നത്. തുറന്ന വാതിൽ നയം മെർകൽ സ്വീകരിച്ചതിനെ തുടർന്ന് 2015ൽ ജർമനിയിൽ കുടിയേറ്റ പ്രതിസന്ധി രൂക്ഷമാവുകയും അത് വലതുപക്ഷ തീവ്ര പാർട്ടികളുടെ വളർച്ചക്ക് കാരണമായിത്തീരുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച പുറത്ത് വന്ന ഒരു പോൾ പ്രകാരം മെർകലിന്റെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ പിന്തുണ ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു.

അഭയാർത്ഥികളെ നിയന്ത്രിക്കുന്നതിനായി ബെനഫിറ്റ് ടൂറിസം റദ്ദാക്കാനും മെർകൽ ഒരുങ്ങുന്നുണ്ട്. തങ്ങളുടെ കുട്ടികൾ മറ്റ് രാജ്യങ്ങളിൽ ജീവിക്കുന്ന കുടിയേറ്റക്കാർക്ക് ചൈൽഡ് ബെനഫിറ്റുകൾ നൽകുന്നത് ഇല്ലാതാക്കാനും ഇതിന്റെ ഭാഗമായി നീക്കം നടക്കുന്നുണ്ട്. ഹംഗറിയിലെത്തുന്ന എല്ലാ കുടിയേറ്റക്കാരെയും കണ്ടയിനർ ക്യാമ്പുകളിൽ തടഞ്ഞ് വയ്ക്കാനുള്ള വിവാദപരമായ പദ്ധതിയാണ് ഹംഗറി ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. അവരുടെ അസൈസം ക്ലെയിം സെററിലാകുന്നത് വരെ ഇത്തരം ക്യാമ്പുകളിൽ തടഞ്ഞ് വയ്ക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. അഭയാർത്ഥികളെ പ്രതിരോധിക്കുന്നതിനായി രാജ്യം അതിന്റെ അതിർത്തികളിൽ വൻ മതിൽ പണിയുകയും ചെയ്തിരുന്നു. പുതിയ നിയമമനുസരിച്ച് രേഖകളില്ലാതെയെത്തുന്ന അഭയാർത്ഥികൾ ഓട്ടോമാറ്റിക്കായി നാടുകടത്തപ്പെടുകയും ചെയ്യുന്നതാണ്.