ന്യൂഡൽഹി: പാകിസ്താനിലെ ഹിന്ദു ന്യൂനപക്ഷത്തെ രക്ഷിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് നരേന്ദ്ര മോദി സർക്കാർ. ബലൂചിസ്താനിലെ പ്രശ്‌നങ്ങളിലും അവിടുത്തെ സ്വാതന്ത്ര്യ പ്രവർത്തകർക്ക് മോദി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഭീകരരോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച കേന്ദ്രസർക്കാർ പക്ഷേ, ഭീകരരിൽനിന്ന് രക്ഷപ്പെട്ട് പ്രാണരക്ഷാർഥം ഇന്ത്യയിലെത്തിയ അഫ്ഗാനിസ്ഥാൻകാരിയായ യുവതിയെ ആരോരുമറിയാതെ നാടുകടത്തിയത് വിവാദമായിരിക്കുകയാണ്.

ഫോറിനർ റീജണൽ രജിസ്‌ട്രേഷൻ ഓഫീസാണ് അഫ്ഗാൻ യുവതിയെയും മക്കളെയും നാടുകടത്തിയത്. ഇതിലെ കടുത്ത മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി ഡൽഹി വനിതാ കമ്മീഷൻ ഓഫീസിന് നോട്ടീസയച്ചു. താലിബാലിൽനിന്ന് കടുത്ത ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് ബോധ്യമായിട്ടും അവരെ ഇന്ത്യയിൽ തുടരാൻ അനുവദിക്കാതിരുന്നത് ക്രൂരമായെന്ന് കമ്മീഷൻ നോട്ടീസിൽ വ്യക്തമാക്കി.

ഭർത്താവിനെ താലിബാൻ ഭീകരർ വധിക്കുകയും മകനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തതോടെയാണ് ശേഷിച്ച മക്കളെയും കൂട്ടി യുവതി ഇന്ത്യയിൽ അഭയം തേടിയെത്തിയത്. അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഹൈക്കമ്മീഷനിൽനിന്ന് അവർ അഭയം ചോദിച്ചിരുന്നു. ഹൈക്കമ്മീഷൻ അവർക്ക് ഡൽഹിയിൽ അഭയം നൽകുകയും ചെയ്തു. ഏപ്രിൽ 2017 വരെ ഇതിന് കാലാവധിയുണ്ടയിരിക്കെയാണ് അവർ നാടുകടത്തപ്പെട്ടത്.

ഫോറിനർ രജിസ്‌ട്രേഷന്റെ വനിതാ ഷെൽട്ടറായ നിർമൽ ഛായയിലാരുന്നു യുവതി കഴിഞ്ഞിരുന്നത്. ഇവിടം സന്ദർശിച്ച ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ, യുവതിക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ, ഫെബ്രുവരി ഒമ്പതിന് യുവതിയെയും മക്കളെയും കാബൂളിലേക്ക് രഹസ്യമായി നാടുകടത്തുകയായിരുന്നു. ഇക്കാര്യ യുഎൻ ഹൈക്കമ്മീഷനെപ്പോലും അറിയിച്ചിരുന്നില്ലെന്ന് വനിതാ കമ്മീഷൻ കുറ്റപ്പെടുത്തി.

അഫ്ഗാൻ യുവതിയെയും മക്കളെയും നാടുകടത്തിയത് ചോദ്യം ചെയ്തുകൊണ്ട് കമ്മീഷൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവിനും നോട്ടീസയച്ചിട്ടുണ്ട്. ഫോറിനർ രജിസ്‌ട്രേഷൻ ഓഫീസിന്റെ ചുമതലയുള്ള ഡി.സി.പി പ്രഭാകറാകട്ടെ, കമ്മീഷനോടുപോലും ഇക്കാര്യത്തതിൽ മറുപടി പറയാൻ തയ്യാറായിട്ടില്ല എന്നും റിപ്പോർട്ടുണ്ട്. 2009-ലാണ് യുവതിയുടെ ഭർത്താവിനെ താലിബാൻ വധിക്കുന്നത്. ഇന്ത്യയിലെത്തിയ അഭയം തേടിയ യുവതി മക്കളെ ഡൽഹിയിലെ സ്‌കൂളിൽ പഠിക്കാനും ചേർത്തിരുന്നു.