ന്യൂഡൽഹി: ദേശീയതയെപ്പറ്റിയും ദേശസുരക്ഷയെപ്പറ്റിയും അതിർത്തി കാക്കുന്ന സൈനികന്റെ വിലപ്പെട്ട ജീവനെപ്പറ്റിയുമെല്ലാം ഉശിരൻ പ്രസ്താവനകൾ മാത്രമിറക്കുന്ന കേന്ദ്രസർക്കാർ അവരുടെ കാര്യങ്ങളിൽ ഒട്ടും ശ്രദ്ധചെലുത്തുന്നില്ലെന്ന് തെളിയിക്കുന്ന ഒരു സംഭവം കൂടി.

കഴിഞ്ഞദിവസം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഏഴു സൈനികരുടെ മൃതദേഹങ്ങൾ കാർഡ്‌ബോർഡ് പെട്ടികളിൽ എത്തിച്ച വാർത്തയാണ് കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനത്തിന് കാരണമായിരിക്കുന്നത്.

'മാതൃഭൂമിയെ സേവിക്കാൻ ഇന്നലെ ഏഴ് ചെറുപ്പക്കാർ വെയിലത്തിറങ്ങി, ഇങ്ങനെയാണ് അവർ തിരിച്ചു വന്നതെന്ന്' ട്വീറ്റ് ചെയ്താണ് റിട്ട ലെഫ് ജനറൽ എച്ച എസ് പനാഗ് തന്റെ അമർഷം രേഖപ്പെടുത്തിയത്. അതോടെയാണ് വാർത്ത രാജ്യം ചർച്ച ചെയ്യാൻ ആരംഭിച്ചത്. പിന്നീട് അലക്ഷ്യമായി കിടക്കുന്ന മൃതദേഹമടങ്ങുന്ന കാർഡ് ബോർഡ് പെട്ടികളുടെ സമൂഹമാധ്യങ്ങളിൽ ചർച്ചയാവുകയായിരുന്നു.

വെള്ളിയാഴ്ച ഐഎഎഫ് എംഐ-17 ഹെലികോപ്ടർ തകർന്ന് മരിച്ച ഏഴ് സൈനികരുടെ മൃതദേഹം കാർഡ് ബോർഡ് പെട്ടികളിലാക്കി സൈനിക കേന്ദ്രങ്ങളിലേക്കയക്കുന്ന ചിത്രങ്ങൾ പുറത്തായതോടെയാണ് സംഭവം വിവാദമായത്. സൈനികക്ഷേമത്തിന് കേന്ദ്രം എല്ലാം ചെയ്യുമെന്ന് പറയുമ്പോഴും ഇത്രമാത്രം മോശം അവസ്ഥയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന വിധത്തിൽ വിമർശനം രൂക്ഷമാവുകയാണിപ്പോൾ. ദേശസ്‌നേഹവും സൈനികസ്‌നേഹവും വാക്കുകളിലൂടെയല്ല പ്രകടിപ്പിക്കേണ്ടതെന്നും അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്യേണ്ടതെന്നും പ്രതികരണങ്ങൾ വരുന്നു. മൃതദേഹത്തിനോടുപോലും ഇത്തരത്തിലാണ് രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്നതെങ്കിൽ മറ്റു കാര്യങ്ങളിൽ എന്താണ് സ്ഥിതിയെന്നും വിമർശനം ഉയരുന്നു.

 അരുണാചൽ പ്രദേശിലെ തവാങ്ങിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ട ഇവരുടെ മൃതദേഹങ്ങൾ എത്തിക്കാൻ പര്യാപ്തമായ സംവിധാനങ്ങൾ പ്രാദേശികമായി ലഭിക്കാതെ വന്നപ്പോഴാണ് കാർഡ് ബോർഡ് പെട്ടികളിലാക്കി സൈനിക ആസ്ഥാനത്തെത്തിച്ചതെന്നാണ് വിശദീകരണം.

'സമുദ്രനിരപ്പിൽ നിന്ന 17000 അടി ഉയരത്തിൽ ആറ് ശവപ്പെട്ടികൾ താങ്ങാൻ ഹെലികോപ്ടറുകൾക്ക് കഴിയില്ലെന്നതു കൊണ്ടാണ് കാർഡ് ബോർഡ് പെട്ടികൾ ഉപയോഗിക്കാൻ കാരണം' സൈനിക വൃത്തങ്ങൾ പറയുന്നു.

അതേ സമയം പെട്ടികൾ ഉപയോഗിക്കാൻ കഴിയില്ലായിരുന്നെങ്കിൽ ബോഡി ബാഗുകൾ ഉപയോഗിച്ചു കൂടായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ട്. എന്നാൽ ഇത്തരം ഒറ്റപ്പെട്ട സൈനിക കേന്ദ്രങ്ങളിൽ അത്യാവശ്യം വേണ്ടവ മാത്രമേ കരുതൂ എന്നും ബോഡി ബാഗുകൾ വലിയ മിലിട്ടറി സംവിധാനങ്ങൾക്കുള്ളിൽ മാത്രമേ ഉണ്ടാവൂ എന്നും സൈന്യം ന്യായീകരിക്കുന്നു.

 ആദ്യം പ്രതിരോധിച്ചെങ്കിലും കാർഡ് ബോർഡ് പെട്ടികളിൽ മൃതദേഹങ്ങൾ വഹിച്ചത് വലിയ ചട്ട ലംഘനമാണ് എന്ന് ഒടുവിൽ സൈന്യം ഒദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചു. ബോഡി ബാഗുകളും ശവപ്പെട്ടികളും ഇനി ഉറപ്പു വരുത്തുമെന്നും സൈനികരുടെ മൃതദേഹങ്ങൾ എല്ലാ സൈനിക ബഹുമതികളോടെയാണ് അവരുടെ വീടുകളിലേക്ക് എത്തിച്ചതെന്നും സൈന്യം ട്വീറ്റ് ചെയ്തു. യാങ്സ്റ്റേയിലെ സൈനിക കാമ്പിൽ അവശ്യ സാധനങ്ങൾ എത്തിച്ചു നൽകാൻ വെള്ളിയാഴ്‌ച്ചയാണ് ഹെലികോപ്ടർ യാത്രപുറപ്പെട്ടത്. പൈലറ്റ്, സഹ പൈലറ്റ്, ഫ്ലൈറ്റ് എൻജിനിയർ, രണ്ട് പട്ടാളക്കാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

രാജ്യസുരക്ഷയ്ക്കും സൈനികക്ഷേമത്തിനും ഓരോ ബജറ്റിലും കോടികൾ മാറ്റിവയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നിട്ടും രാജ്യംകാക്കുന്ന സൈനികരോട് വളരെ മോശം സമീപനമാണ് കേന്ദ്രസർക്കാരിന് ഉള്ളതെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ നടപടിയെന്ന വിമർശനം ശക്തമാകുകയാണ്. മുമ്പ് മോശം ഭക്ഷണം ആണ് നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി സൈനികർ സോഷ്യൽമീഡിയയിൽ പ്രതികരിക്കുകയും അത് വലിയ ചർച്ചയാകുകയും ചെയ്തിരുന്നു.