ന്യൂഡൽഹി: രാജ്യത്തിന്റെ സൈനിക വിഭാഗത്തിലേക്കുള്ള 1.5ലക്ഷം തസ്തികൾ വെട്ടിക്കുറക്കാൻ പദ്ധതിയുമായി സേന. അത്യാധുനിക സംവിധാനങ്ങളടങ്ങിയ ആയുധങ്ങൾ സ്വന്തമാക്കാൻ വേണ്ട പണം കണ്ടെത്താൻ വേണ്ടിയാണ് രാജ്യത്തെ സൈനിക തസ്തികകൾ വെട്ടിക്കുറക്കുന്ന നീക്കവുമായി മുന്നോട്ട് പോകാൻ ഒരുങ്ങുന്നത്.

ഇതു സംബന്ധിച്ച് പ്രതിരോധ മന്ത്രാലയവുമായി കൂടിയാലോചനകൾ നടത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇത് സംബന്ധിച്ച വാർത്ത ദേശീയമാധ്യമമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സൈനിക തസ്തികകൾ ഒഴിവാക്കുന്നത് വഴി 5000 കോടി മുതൽ 7000 കോടി വരെ ലാഭിക്കാനാകുമെന്നും. ഇതിലൂടെ അത്യാധുനിക സംവിധാനങ്ങൾ മാത്രം ഉപയോഗിച്ച് സേനയെ കുറക്കാൻ കഴിയുമെന്നുമാണ് സേന നിരീക്ഷിക്കുന്നത്.

ബജറ്റിൽ പ്രതിരോധ ആവശ്യങ്ങൾക്കായി വകയിരുത്തുന്ന 1.2 ലക്ഷം കോടി രൂപയുടെ ഭൂരിഭാഗവും നിലവിൽ ദൈനംദിന ചെലവുകൾക്കും സൈനികരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ശമ്പളയിനത്തിലുമായി ചെലവിടുകയാണ്. വിരമിച്ച സൈനികർക്ക് നൽകി വരുന്ന പെൻഷന് വേണ്ടി വകയിരുത്തുന്ന തുക കൂടാതെയാണിത്. ബഡ്ജറ്റിൽ വകയിരുത്തുന്ന തുകയുടെ 17 ശതമാനം മാത്രമാണ് പുതിയ ആയുധങ്ങൾ വാങ്ങാൻ വേണ്ടി സൈന്യം ചെലവിടുന്നത്.

ഈ തുക അപര്യാപ്തമാണെന്ന നിലപാടിലാണ് സൈന്യം. എന്നാൽ അടുത്ത വർഷങ്ങളിൽ ഒഴിവ് വരുന്ന തസ്തികളിൽ നിന്നും 1.5 ലക്ഷം വെട്ടിക്കുറയ്ക്കുന്നതിലൂടെ ഏതാണ്ട് 7000 കോടിയോളം രൂപ ലാഭിക്കാനാകുമെന്നാണ് സൈന്യത്തിന്റെ കണക്കുകൂട്ടൽ.

സൈന്യത്തിന്റ പകലുള്ള ആയുധശേഖരത്തിൽ 68 ശതമാനവും പഴഞ്ചനാണെന്ന് കഴിഞ്ഞ മാർച്ചിൽ അന്നത്തെ സൈനിക ഉപമേധാവിയായിരുന്ന ജനറൽ ശരത് ചന്ദ് പാർലമെന്ററി ബോർഡിനോട് പരാതിപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ഇന്ത്യയുടെ ആയുധ ശേഖരത്തിൽ കടുത്ത ദൗർലഭ്യമെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലും റിപ്പോർട്ട് നൽകിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തോളമായി ആയുധശേഖരത്തിൽ കാര്യമായ മാറ്റമില്ലെന്നും യുദ്ധം ഉണ്ടായാൽ കേവലം 15 ദിവസം പിടിച്ചു നിൽക്കാനുള്ള ആയുധങ്ങളേ സൈന്യത്തിന്റെ കൈയിൽ ഉള്ളൂവെന്നും അന്ന് പാർലമെന്റിൽ വച്ച ഓഡിറ്റ് റിപ്പോർട്ടിൽ ആരോപിച്ചിരു ന്നു.

അതേസമയം, ഇത്തരമൊരു നിർദ്ദേശം പരിഗണനയിലാണെന്നും എന്നാൽ നിലവിലുള്ള സൈനികരിൽ ഒരാളെപ്പോലും പിരിച്ചുവിടില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഓരോ വർഷവും 60,000 പേരെങ്കിലും സൈന്യത്തിൽ നിന്നും വിരമിക്കുന്നുണ്ട്. അടുത്ത വർഷങ്ങളിലെ ആർമി റിക്രൂട്ട്‌മെന്റ് കുറയ്ക്കാനാണ് പദ്ധതിയെന്നും സൈനിക വൃത്തങ്ങൾ വിശദീകരിച്ചു.