- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ നാല് വർഷക്കാലത്തെ ഭരണത്തിനിടയിൽ ഒരു പുതിയ യുദ്ധം പോലും തുടങ്ങിയില്ലെന്ന് അഭിമാനത്തോടെ പറഞ്ഞ് പടിയിറങ്ങിയത് ആണവപ്പെട്ടിയുമായി; വൈറ്റ് ഹൗസ് വിട്ട് ഫ്ലോറിഡയിലേക്ക് പോയപ്പോഴും ആണവായുധങ്ങളുടെ രഹസ്യ കോഡുകൾ അടങ്ങിയ പെട്ടി ട്രംപിനൊപ്പം തന്നെ; അമേരിക്കൻ സൈന്യത്തിന് തലവേദന സൃഷ്ടിച്ച് ട്രംപിന്റെ പടിയിറക്കം
വാഷിങ്ടൺ: നിയുക്ത പ്രസിഡന്റ് ജോ ബൈഡനെ വൈറ്റ് ഹൗസിലേക്ക് സ്വീകരിച്ച് അധികാരം കൈമാറാൻ നിൽക്കാതെ ഡൊണാൽഡ് ട്രംപ് ഫ്ലോറിഡയിലേക്ക് പോയതോടെ പുലിവാല് പിടിച്ചത് അമേരിക്കൻ സൈന്യം. അമേരിക്കൻ ആണവായുധങ്ങളുടെ രഹസ്യ കോഡുകൾ അടങ്ങിയ ആണവപ്പെട്ടിയാണ് സൈന്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്. ജോ ബൈഡൻ അധികാരം ഏറ്റെടുക്കുന്നത് വരെ ഔദ്യോഗികമായി പ്രസിഡന്റ് ട്രംപ് തന്നെയാണ്. ഔദ്യോഗികമായി പ്രസിഡന്റാണ് ആണവപ്പെട്ടിയുടെ സൂക്ഷിപ്പുകാരനും. പ്രസിഡന്റ് എവിടെ പോയാലും ആണവപ്പെട്ടിയും പേറി സൈനിക സംഘവും ഒപ്പമുണ്ടാകും. ഇക്കുറി ട്രംപ് വൈറ്റ് ഹൗസ് വിട്ട് ഫ്ലോറിഡയിലേക്ക് പോകുമ്പോഴും അതിന് മാറ്റം വരുത്താനായില്ല എന്നതാണ് സൈന്യത്തിന് തലവേദനയായത്.
യുഎസ് സംയുക്തസേനയുടെ സർവസൈന്യാധിപനായ പ്രസിഡന്റിനു വേണ്ടി ആക്രമണസജ്ജമായ അണ്വായുധങ്ങളുടെ രഹസ്യ കോഡുകളും മറ്റും സൂക്ഷിച്ചിട്ടുള്ള പെട്ടിയാണിത്. ആക്രമണ സാഹചര്യമുണ്ടായാൽ അടിയന്തര ഉത്തരവു നൽകുന്നതിനു പ്രസിഡന്റ് ഒപ്പം കൊണ്ടുനടക്കുന്നു. പ്രസിഡന്റിന്റെ ഒപ്പമുള്ള സൈനിക സംഘമാണ് ഇതിന്റെ സൂക്ഷിപ്പുകാർ.
ബൈഡൻ സ്ഥാനമേൽക്കുന്നതുവരെ പ്രസിഡന്റ് എന്ന നിലയിൽ ട്രംപിന് അധികാരമുണ്ട്. വേണമെങ്കിൽ സുപ്രധാന തീരുമാനങ്ങളുമെടുക്കാം. ആ നിലയ്ക്ക് സത്യപ്രതിജ്ഞാ ചടങ്ങിന് നിൽക്കാതെ ട്രംപ് ഫ്ളോറിഡയിലേക്ക് പോയ ട്രംപിനെ അനുഗമിച്ച സൈനികർ ആണവപ്പെട്ടിയും ഒപ്പംകൊണ്ടുപോയി. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിലായിരുന്നു യാത്ര. മണിക്കൂറുകൾ പറന്നുവേണം പെട്ടിയുമായി അവിടെയെത്താൻ. ബൈഡൻ അധികാരമേറ്റ് പ്രസിഡന്റായ ആ നിമിഷം തന്നെ ആണവപ്പെട്ടികളുമായി സൈനികർ തിരിച്ച് വാഷിങ്ടണിലേക്ക് വരികയും വേണം. പ്രസിഡന്റിന് ഒപ്പമല്ലാതെ ആണവപ്പെട്ടികൾ ഇത്തരത്തിൽ പറക്കുന്നത് ആദ്യത്തെ സംഭവമാണെന്നാണ് റിപ്പോർട്ട്.
ലോഹ ബ്രീഫ്കേസിനു കറുത്ത തുകൽ ആവരണമാണ്. പിടിയുടെ സമീപം ചെറിയ ആന്റിന. 20 കിലോ തൂക്കമുള്ള പെട്ടി ആദ്യം ഉപയോഗിച്ചതു ജോൺ എഫ്. കെന്നഡിയാണ്. ക്യൂബയിൽ സോവിയറ്റ് യൂണിയൻ മിസൈലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് അണ്വായുധങ്ങളുടെ പൂർണ നിയന്ത്രണം പ്രസിഡന്റിന്റെ കീഴിലാക്കാനാണു കെന്നഡി ഈ സംവിധാനം സ്ഥാപിച്ചത്. സമാനമായ പെട്ടി സോവിയറ്റ് യൂണിയനും ഉപയോഗിച്ചിരുന്നു ‘ചിഗറ്റ്' എന്ന പേരിൽ. യൂറി യൂറി ആന്ദ്രപ്പോവിന്റെ കാലത്ത് ഈ സംവിധാനത്തിനു തുടക്കംകുറിച്ചെങ്കിലും മിഹയിൽ ഗൊർബച്ചോവ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ആയതിനു ശേഷം 1985ലാണ് പൂർണസജ്ജമായത്.
അതേസമയം, തന്റെ നാല് വർഷക്കാലത്തെ ഭരണത്തിനിടയിൽ ഒരു പുതിയ യുദ്ധം പോലും തുടങ്ങിയില്ലെന്ന് അഭിമാനത്തോടെ പറഞ്ഞാണ് ട്രംപ് വൈറ്റ് ഹൗസിന്റെ പടിയിറങ്ങിയത്. തന്റെ വിടപറയൽ പ്രസംഗത്തിൽ പുതിയ ഭരണനേതൃത്വത്തിന് അമേരിക്കയുടെ സുരക്ഷയും പുരോഗതിയും ഉറപ്പാക്കാൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ഇനിയും രാഷ്ട്രീയത്തിൽ തുടരുമെന്ന് ഉറപ്പിച്ചു പറഞ്ഞ ട്രംപ് താൻ തുടങ്ങിവച്ച പുതിയ രാഷ്ട്രീയത്തിന് ഇനിയുള്ള കാലം പ്രസക്തി ഏറിവരുമെന്നും പറഞ്ഞു. അമേരിക്കയെ മഹത്തരമാക്കുവാനായി താൻ തിരിച്ചു വരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അധികാരമൊഴിഞ്ഞ ട്രംപ് ഏറ്റവും വലിയ തലവേദനയാകാൻ പോകുന്നത് റിപ്പബ്ലിക്കൻ പാർട്ടിക്ക് തന്നെയാണ്. പാർട്ടിക്കുള്ളിൽ ഇപ്പോൾ തന്നെ ട്രംപ് അനുകൂലികളും വിരുദ്ധരും തമ്മിലുള്ള ചേരിതിരിവ് വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. ട്രംപ് തന്നെതാനെ വിസ്മൃതിയിലാണ്ടു പോകും എന്ന് ചിലർ പ്രത്യാശിക്കുമ്പോൾ മറ്റു ചിലർ ഭയക്കുന്നത് ട്രംപ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാരിക്കൂട്ടിയ 74 ദശലക്ഷത്തോളം വോട്ടുകളേയാണ്. ട്രംപിന്റെ അടിത്തറ ശക്തമാണെന്നു തന്നെയാണ് ഇത് കാണിക്കുന്നത്.
അമേരിക്ക കാലകാലങ്ങളായി പിന്തുടരുന്ന നടപടിക്രമങ്ങൾ ഒക്കെ ലംഘിച്ചാണ് ട്രംപ് വൈറ്റ്ഹൗസ് വിട്ടുപോകുന്നത്.തെരഞ്ഞെടുപ്പിൽ വിജയിച്ച ബൈഡനെ വിളിച്ച് അഭിനന്ദിക്കുകയോ, വൈറ്റ്ഹൗസിൽ ചായസല്ക്കാരത്തിന് ക്ഷണിക്കുകയോ ചെയ്തില്ല. സത്യപ്രതിജ്ഞയ്ക്കായി പുതിയ പ്രസിഡണ്ട് എത്തുമ്പോൾ , സ്വീകരിക്കാൻ, ഹോളിനു മുന്നിൽ പഴയ പ്രസിഡണ്ട് ഉണ്ടാകില്ല. അതുമാത്രമല്ല, സാധാരണയായി നിയുക്ത പ്രസിഡണ്ടുമാരെ തലസ്ഥാനത്ത് എത്തിക്കാൻ, നിലവിലെ പ്രസിഡണ്ടുമാർ, തങ്ങളുടെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വൺ അയക്കാറുണ്ട്. എന്നാൽ, ട്രംപ് അതിന് തയ്യാറാകാത്തതിനാൽ ബൈഡൻ ഇന്നലെയെത്തിയത് ഒരു ചാർട്ടേർഡ് വിമാനത്തിലാണ്.
അതേസമയം, തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ട്രംപ് കൂടുതലായി ഊന്നൽ നൽകിയത് താൻ നേതൃത്വം നൽകി കൈവരിച്ച സാമ്പത്തിക വളർച്ചയെ കുറിച്ചാണ് . കോവിഡ് കാലത്തും തകർന്ന സമ്പദ്ഘടനയെ ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞു എന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഭരണകൂടം കോവിഡ് പ്രതിസന്ധി കൈകാര്യംചെയ്ത രീതിയെ കുറിച്ച് ഉയർന്ന വിമർശനങ്ങളെ കുറിച്ച് അദ്ദേഹം ഒന്നും പരാമർശിച്ചില്ല. കഴിഞ്ഞ ദിവസം കാപ്പിറ്റോളിൽ നടന്ന അക്രമസംഭവങ്ങളെ അദ്ദേഹം അപലപിക്കുകയും ചെയ്തു.
പുതിയ പ്രസിഡണ്ടിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിലവിലെ പ്രസിഡണ്ട് നിർവ്വഹിക്കേണ്ട കടമകളൊന്നും നിർവ്വഹിക്കാൻ നിൽക്കാതെ ട്രംപ് പടിയിറങ്ങുമ്പോൾ അദ്ദേഹത്തെ യാത്ര അയയ്ക്കാൻ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസ് പോലുംവന്നിരുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത. അതേസമയം, ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്യും.
കാപിറ്റോൾ അക്രമം ട്രംപ് - പുടിൻ ഗൂഢാലോചനയെന്ന് ഹിലാരി ക്ലിന്റൺ
അമേരിക്കയുടെ യശ്ശസിനു തന്നെ തീരാകളങ്കമായി മാറിയ കാപിറ്റോൾ ആക്രമസംഭവദിവസം ട്രംപ് പുടിനുമായി സംസാരിച്ചിരുന്നു എന്ന ആരോപണവുമായി ഹിലാർ ക്ലിന്റൺ രംഗത്തെത്തി. ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുമൊത്തുള്ള ഒരു സംഭാഷണ പരിപാടിക്കിടയിലാണ് ഇവർ ഇത് ഉന്നയിച്ചത്. ട്രംപിന്റെ ഫോൺ കോളുകൾ പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
2016-ലെ തെരഞ്ഞെടുപ്പിൽ ട്രംപിനോട് പരാജയമേറ്റുവാങ്ങിയ ഹിലാരി ക്ലിന്റൺ പറഞ്ഞത് ട്രംപിൻ ജനാധിപത്യത്തോട് തികഞ്ഞ പുച്ഛമാണെന്നാണ്. എന്നാൽ അതിന്റെ ആഴം എത്രമാത്രമുണ്ടെന്ന് ഇപ്പോൾ വരെയും അറിഞ്ഞിരുന്നില്ല. വൈറ്റ്ഹൗസിൽ ഇരുന്ന കാലമത്രയും ട്രംപിന് സ്വകാര്യ അജണ്ടകൾ ഉണ്ടായിരുന്നു എന്നും ഹിലാരി പറയുന്നു. അദ്ദേഹത്തിന്റെ പുറകിൽ ആരെന്നോ, ആരായിരുന്നു ചരടുവലികൾ നടത്തിയതെന്നൊ ഒക്കെ ഉള്ളകാര്യം താമസിയാതെ പുറത്തുവരുമെന്നും അവർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ