- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിഞ്ഞിട്ട് എട്ട് ആഴ്ച്ചകൾ മാത്രം; പരമ്പരാഗത സിക്ക് രീതിയിലുള്ള ആഡംബര വിവാഹം നടന്നത് പഞ്ചനക്ഷത്ര ഹോട്ടലിൽ; ഒടുവിൽ ഒരു നിശാക്ലബ്ബിലെ പാർട്ടിക്കൊടുവിൽ കുഴഞ്ഞുവീണ് മരണവും; ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ശതകോടീശ്വരന്റെ മരണത്തിൽ ദുരൂഹത
ലണ്ടൻ: പരമ്പരാഗത സിക്ക് രീതിയിലുള്ള ആഡംബര വിവാഹം കഴിഞ്ഞ് എട്ടാഴ്ച്ചകൾ മാത്രം കഴിഞ്ഞപ്പോൾ യുവ ശതകോടീശ്വരൻ ദുരൂഹമായ സാഹചര്യത്തിൽ മരണമടഞ്ഞു. ഹോട്ടലുകളും മറ്റ് റിയൽ എസ്റ്റേറ്റ് ബിസിനസ്സുകളുമായി ശതലക്ഷങ്ങളുടെ ആസ്തിയുള്ള നൈൻഗ്രൂപ്പിന്റെ ഉടമ 33 കാരനായ വിവേക് ചദ്ദയ്ക്കാണ് ലണ്ടനിൽ മരണം സംഭവിച്ചത്. ഭരണകക്ഷിയിലെ ഉന്നതനേതാക്കളുമായി അടുത്ത സമ്പർക്കം പുലർത്തുന്ന വ്യക്തികൂടിയാണ് അദ്ദേഹം.
ശനിയാഴ്ച്ച രാത്രിയിൽ അനബേൽസ് നൈറ്റ് ക്ലബ്ബിൽ നിശാപാർട്ടിയിൽ പങ്കെടുത്തു മടങ്ങിയ അദ്ദേഹത്തെ ഞായറാഴ്ച്ച അതിരാവിലെ സെൻട്രൽ ലണ്ടനിലെ തന്റെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഷ്ടിച്ച് രണ്ട് മാസങ്ങൾക്ക് മുൻപാണ് ലണ്ടനിലെ പാർക്ക് ലെയ്നിലുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ജെ ഡബ്ല്യൂ മാരിയട്ട് ഗ്രോസ്വെനർ ഹോട്ടലിൽ വെച്ച് ഇദ്ദേഹം 29 കാരിയായ സ്തുതീ ചദ്ദയെ വിവാഹം കഴിച്ചത്. എട്ടാഴ്ച്ച നീണ്ട് സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനൊടുവിൽ ഇപ്പോൾ താൻ ഒറ്റയ്ക്കായി എന്നാണ് നെഞ്ചുപൊട്ടി കരഞ്ഞുകൊണ്ട് സ്തുതി പറഞ്ഞത്.
മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ വിവേക് ചദ്ദയ്ക്ക് ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രായവും കൂടി കണക്കിലെടുക്കുമ്പോൾ മരണകാരണം സ്ഥിരീകരിക്കുന്നതിനായി പോസ്റ്റ്മോർട്ടം ചെയ്യേണ്ടതുണ്ട്. എന്നാൽ, ഇത് തികച്ചും സ്വാഭാവിക മരണമാണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചത്. അതേസമയം മരണം നടന്നത് അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നില്ലെന്നും, മറ്റൊരിടത്തായിരുന്നു അത് സംഭവിച്ചതെന്നും സത്യം ഇതുവരെ അറിവായിട്ടില്ലെന്നും അതിനായി കാത്തിരിക്കുന്നുവെന്നും അവർ വ്യക്തമാക്കി.
കമ്പനീസ് ഹൗസ് രേഖകൾ പ്രകാരം 2019 ഡിസംബർ 31 വരെയുള്ള കാലയളവിൽ രണ്ടു വർഷം കൊണ്ട് ചദ്ദയുടെ ഉടമസ്ഥതയിലുള്ള നൈൻ എസ്റ്റേറ്റ്സ് ലിമിറ്റഡിന് 2.5 മില്ല്യൺ പൗണ്ടിന്റെ വരുമാനമാണ് ലഭിച്ചത്. അതിൽ 1.3 മില്യൺ പൗണ്ട് ലാഭമായിരുന്നു. ചതുർനക്ഷത്ര ഹോട്ടലായ ലണ്ടൻ 02 അറീനയും അതോടൊപ്പം നാല് ഹോളിഡേ ഇൻ ഫ്രാഞ്ചൈസികളും ഈ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ട് അതുകൂടാതെ സറേയിലെ ഹോലിയിൽ ഹാൾട്ട് ആൻഡ് പുൾ എന്നൊരു പബ്ബും ഇവർക്കുണ്ട്, അടുത്തകാലത്താണ് റെസ്റ്റൊറന്റ് ശൃംഖലയായ പിസ ഹട്ടുമായി ഫ്രാഞ്ചൈസി കരാറിൽ ഒപ്പുവച്ചത്.
യഥാർത്ഥ മരണകാരണം എന്താണെന്ന് ഇതുവരെ കുടുംബത്തിനെ അറിയിച്ചിട്ടില്ല എന്നാണ് അടുത്ത സുഹൃത്തുക്കൾ പറഞ്ഞത്. എന്നാൽ, ഹൃദയസ്തംഭനമാണ് കാരണമെന്ന് ചില പ്രാഥമിക റിപ്പോർട്ടുകളിൽ പറയുന്നുണ്ടെന്നും അവർ സൂചിപ്പിച്ചു. ഡേവിഡ് കാമറൂൺ, തെരേസ മാ തുടങ്ങിയ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ചദ്ദ കൺസർവേറ്റീവ് പാർട്ടിയുടെ വേദികളിൽ സ്ഥിര സാന്നിദ്ധ്യമായിരുനു. 2015-ൽ പാർലമെന്റ് ചത്വരത്തിൽ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതിലേക്ക് അദ്ദേഹം 1 ലക്ഷം പൗണ്ട് സംഭാവന ചെയ്യുകയും ചെയ്തിരുന്നു.
യുവ സംരംഭകർക്കുള്ള റൈസിങ് സൺ അവാർഡിന് ചദ്ദ 2017-ൽ അർഹനായിരുന്നു. 2010-ൽ സിവിൽ എഞ്ചിനീയറിംഗിൽ ബിരുദമെടുത്തശേഷം തന്റെ പിതാവുമൊന്നിച്ച് 2012-ൽ ആയിരുന്നു ചദ്ദ നൈൻ ഗ്രൂപ്പ് ആരംഭിച്ചത്. രാജ്യത്താകമാനമായി 18 ഹോട്ടലുകളുള്ള ഈ ഗ്രൂപ്പിനു കീഴെ ഇന്ന് 800 ജീവനക്കാരോളം ജോലിചെയ്യുന്നു. അതുകൂടാതെ ഹൗസിങ്- കമ്മേഴ്സ്യൽ ബിൽഡിങ് മേഖലകളിലും കമ്പനിക്ക് നിക്ഷേപമുണ്ട്.
മറുനാടന് ഡെസ്ക്