മക്ക: ആയിരം മാസങ്ങളുടെ പുണ്യമുള്ള ലൈലത്തുൽ ഖദ്ർ ദിനത്തിൽ മക്കയിലേക്കും മദീനയിലുമായി പുണ്യം തേടി ഒഴുകിയെത്തിയത് 27.5 ലക്ഷത്തോളം പേർ. വിശുദ്ധ റമാദാനിലെ അവസാന വെള്ളിയാഴ്‌ച്ച മക്ക ഹറം പള്ളിയിലും മദീന പ്രവാചക പള്ളിയിലും ഇശാ, തറാവീഹ് നമസ്‌കാരങ്ങളിൽ പങ്കെടുത്തവതാണ് ഇത്രയും വലിയ വിശ്വാസ സഞ്ചയം. വെള്ളിയാഴ്ച രാത്രിയായിരുന്നു വിശുദ്ധ മാസത്തിലെ ശ്രേഷ്ഠ ദിനമായ ഇരുപത്തേഴാം രാവ്. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർത്ഥാടകർക്കൊപ്പം സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരും പുണ്യനഗരങ്ങളിലെത്തി.

ലൈലത്തുൽ ഖദ്‌റിന് ഏറ്റവും സാധ്യത കൽപിക്കപ്പെടുന്ന രാവിൽ ഹറം പള്ളിയിൽ 20 ലക്ഷം പേരും പ്രവാചക പള്ളിയിൽ ഏഴര ലക്ഷം പേരുമെത്തി. മക്ക അമീർ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ നേതൃത്വത്തിൽ തീർത്ഥാടകർക്കായി വൻ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഹറം പള്ളിക്കു സമീപം രണ്ടു ഹെൽത്ത് സെന്ററുകൾ കൂടി തുറന്നു. ശുചീകരണത്തിനായി 12,000 തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കാൻ 60 കേന്ദ്രങ്ങളുമൊരുക്കി.

നൂറു കോടിയോളം റിയാലാണ് മക്കയിൽ ഈ ദിവസങ്ങളിലെ ഹോട്ടലുകളുടെ വരുമാനം. 1,62000 ഹോട്ടൽ മുറികളിൽ 95 ശതമാനവും നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു. 947 ഹോട്ടലുകളും അപ്പാർട്ട്മെന്റുകളും ഹറം പരിസരത്തുണ്ട്. 19 ലക്ഷം തീർത്ഥാടകരെ ഉൾക്കൊള്ളുന്നതാണ് ഈ ഹോട്ടലുകൾ. 30 ഹോട്ടലുകൾ ഫൈവ് സ്റ്റാറും 28 എണ്ണം ഫോർ സ്റ്റാർ സൗകര്യവുമുള്ളവയാണ്. റമസാന്റെ അവസാന പത്തു ദിവസങ്ങൾ മക്കയിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രമുഖ ഹോട്ടലുകളിൽ താമസിക്കാൻ ഭക്ഷണം ഉൾപ്പെടെ 1950 മുതൽ 2500 വരെ റിയാലാണ് ചെലവു വരുന്നത്. സ്മാർട്ട് ആപ്ലിക്കേഷൻ, ഓൺലൈൻ സൗകര്യങ്ങളിലൂടെ ഹോട്ടൽ മുറികൾ ബുക്ക് ചെയ്യാം.

എല്ലാ തീർത്ഥാടകർക്കും ഖുർആൻ വിതരണം ചെയ്തതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തിരക്കിൽപെടാതെ എല്ലാവർക്കും പ്രാർത്ഥിക്കാനായി കുറ്റമറ്റ സംവിധാനങ്ങളാണുള്ളത്. ഗതാഗതം സുഗമമാക്കാൻ പൊലീസ് പട്രോളിങ്ങും ശക്തമാക്കി. ഹറം പള്ളിയിലേക്കും തിരിച്ചുമുള്ള തീർത്ഥാടകരുടെ യാത്രയ്ക്കു സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി കൂടുതൽ ബസ് സർവീസുകൾ തുടങ്ങിയിട്ടുണ്ട്. ഹറം പള്ളി നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ തീർത്ഥാടകർക്കു ലഭ്യമാകുന്ന സൗകര്യങ്ങളും സേവനങ്ങളും വർധിക്കുമെന്നു മക്ക അമീർ അറിയിച്ചു.

വിശുദ്ധ റമസാൻ വിടപറയാനൊരുങ്ങവെ ലോകമെമ്പാടുമുള്ള വിശ്വാസികൾ വ്രത ശുദ്ധിയുടെ തീവ്രതയിലാണ്. റമസാനിലെ അവസാന ദിവസങ്ങളിൽ മാത്രം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആറു ലക്ഷം പേർ ഉംറ നിർവഹിക്കാനെത്തുമെന്നാണ് പ്രതീക്ഷ. ഇതോടെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

മസ്ജിദുൽ ഹറാമിന്റെ പരിസരത്തുള്ള 2600 കെട്ടിടങ്ങളിൽ സിവിൽ ഡിഫൻസ് പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. റസ്റ്റോറന്റുകളിലും കച്ചവട കേന്ദ്രങ്ങളിലും പരിശോധന നടന്നു. നിയമം ലംഘിച്ച 40 കെട്ടിടങ്ങൾ അടച്ചുപൂട്ടി. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് തീർത്ഥാടകരെ താമസിപ്പിച്ച 15 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു. അഞ്ചു ഷോപ്പുകൾ അടപ്പിക്കുകയും 83 നിയമലംഘകരിൽനിന്ന് പിഴ ഈടാക്കുകയും ചെയ്തു. തീർത്ഥാടക പ്രവാഹം അധികരിച്ചതോടെ മക്കയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശം കഴിഞ്ഞ വർഷത്തേക്കാൾ 14 ശതമാനം വർധിച്ചിട്ടുണ്ട്. പതിനൊന്ന് ലക്ഷത്തോളം യാത്രക്കാർക്കു വേണ്ടി 9.5 ശതമാനം എന്ന നിലയിലായിരുന്നു കഴിഞ്ഞ വർഷത്തെ കണക്ക്.

ബാബ് അലി സ്റ്റോപ്പിൽ മാത്രം ദിനേന 184000 വാഹനങ്ങൾ എത്തുന്നതായാണ് റിപ്പോർട്ട്. കിങ് അബ്ദുൽഅസീസ് ഗേറ്റിൽ 107,000 വാഹനങ്ങളും ജർവാലിൽ 57000 വാഹനങ്ങളും എത്തുന്നുണ്ട്. ജബൽ അൽകഅബ സ്റ്റോപ്പ് വഴി മാത്രം 3.3 ദശലക്ഷം തീർത്ഥാടകർ എത്തുന്നു. ശാബ് അമീർ സ്റ്റോപ്പ് വഴി ഈ ദിവസങ്ങളിൽ 4.9 ദശലക്ഷം തീർത്ഥാടകരും അജ്യദ് വഴി അറുപതിനായിരം പേരും എത്തുന്നു.