പള്ളുരുത്തി : ഒടുവിൽ മിനി ജോസിക്ക് ധാന്യ മിൽ തുടങ്ങുന്നതിനുള്ള ലൈസൻസ് കിട്ടി. ലൈസൻസിനായി ഓഫീസ് കയറിയിറങ്ങിയ യുവ സംരംഭകയോട് നഗരസഭാ ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ച സംഭവം വലിയ വിവാദമായിരുന്നു. കുവൈറ്റിൽ നിന്ന് തിരിച്ചെത്തി ധാന്യമിൽ തുടങ്ങാൻ ലൈസൻസിന് അപേക്ഷിച്ച മിനി മരിയ ജോസി എന്ന യുവതിക്കുണ്ടായ ദുരനുഭവം മറുനാടൻ വാർത്ത നൽകിയിരുന്നു. ഈ വിഷയത്തിൽ കോർപറേഷൻ ഡെപ്യൂട്ടി സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം കൈക്കൂലി ചോദിച്ച ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി മേയർ അഡ്വ. എം.അനിൽ കുമാർ അറിയിച്ചിരുന്നു.

പ്രവാസി യുവതിക്ക് സംരംഭം തുടങ്ങാൻ ലൈസൻസിനായി കോർപ്പറേഷൻ ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ച സംഭവത്തിൽ അതിവേഗ നടപടിയുമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവും രംഗത്ത് വന്നിരുന്നു. യുവതിക്ക് എത്രയും വേഗം സംരംഭം തുടങ്ങാനുള്ള ലൈസൻസ് നൽകണമെന്ന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. കേരള സർക്കാർ നിക്ഷേപം സ്വീകരിക്കാൻ തെലുങ്കാനയിൽ പോയി നിക്ഷേപ സംഗമം നടത്തുമ്പോഴാണ് ഇവിടെ നേർ വിപരീതമായ സംഭവം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സർക്കാർ അതിവേഗം വിഷയത്തിൽ ഇടപെട്ടു കൊണ്ട് രംഗത്തുവന്നതും.

കൊച്ചി പെരുമ്പടപ്പ് സ്വദേശിനി മിനി ജോസിയാണ് നഗരസഭയുടെ ഹെൽത്ത് ഓഫീസിലും റവന്യു വിഭാഗം ഓഫീസിലും കയറിയിറങ്ങി വലഞ്ഞത്. ഒടുവിൽ ഹെൽത്ത് വിഭാഗത്തിലെ ശുചീകരണ തൊഴിലാളിയാണ് ആ ഓഫീസിലെ മറ്റുള്ളവർക്കു കൂടി വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടത്. 25,000 രൂപ കൈക്കൂലി ചോദിച്ചെന്നായിരുന്നു പരാതി. റവന്യു ഓഫീസിലെ ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നും ഇവർ പരാതിപ്പെട്ടു. ഇദ്ദേഹം മർദിക്കാൻ മുതിർന്നതായും യുവതി പരാതിപ്പെട്ടിരുന്നു.

മനംനൊന്ത് കൈയിലുണ്ടായിരുന്ന രേഖകൾ കീറിയെറിഞ്ഞ് ഓഫീസിൽനിന്ന് ഇറങ്ങിപ്പോന്ന മിനി, തന്റെ അനുഭവം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ കീറിക്കളഞ്ഞ രേഖകൾ പരിഗണിക്കാതെ തന്നെ ഇവർക്ക് ഉദ്യോഗസ്ഥർ ലൈസൻസ് തയ്യാറാക്കി. വ്യാഴാഴ്ച ലൈസൻസ് മിനി ജോസിക്ക് കൈമാറി. ലൈസൻസ് കിട്ടിയ ശേഷവും മന്ത്രി പി. രാജീവ് വിളിച്ചതായി മിനി ജോസി പറഞ്ഞു. സംരംഭവുമായി ബന്ധപ്പെട്ട ആവശ്യമായ സഹായങ്ങൾ ഇനിയും നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി.

സംഭവവുമായി ബന്ധപ്പെട്ട് പള്ളുരുത്തി കച്ചേരിപ്പടി ഹെൽത്ത് വിഭാഗം ഓഫീസിലെ ശുചീകരണ തൊഴിലാളിയെ നഗരസഭ സസ്‌പെൻഡ് ചെയ്തിരുന്നു. പള്ളുരുത്തി മേഖലാ ഓഫീസിലെ റവന്യു വിഭാഗം ക്ലാർക്കിനെ സെക്ഷൻ മാറ്റുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്നും നഗരസഭാധികൃതർ പറഞ്ഞു. പലതവണ മേഖലാ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും സർട്ടിഫിക്കറ്റ് നൽകാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല എന്നാണ് മിനി പറയുന്നത്. ഒടുവിൽ ഉദ്യോഗസ്ഥൻ കൈക്കൂലി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കൈക്കൂലി നൽകാൻ മിനി തയ്യാറായില്ല.

ഇതോടെ സർട്ടിഫിക്കറ്റ് നൽകാൻ വൈകുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി മിനി പറയുന്നു. വേഗത്തിൽ കിട്ടുന്ന സർട്ടിഫിക്കറ്റ് നൽകാൻ തയ്യാറാകാത്തതെന്തു കൊണ്ടെന്ന് ചോദ്യം ചെയ്ത മിനിക്ക് നേരെ ഉദ്യോഗസ്ഥൻ തട്ടിക്കയറി. ഈ സമയം അപേക്ഷയും സർട്ടിഫിക്കറ്റുകളും ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് കീറി എറിയുകയും ഇറങ്ങി പോകുകയുമായിരുന്നു. വാർധക്യമെത്തിയ മാതാപിതാക്കൾക്കു കൈത്താങ്ങാവാനാണ് 14 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി മിനി ജോസി നാട്ടിൽ വന്നത്. വീടിനോടു ചേർന്നുള്ള പഴയ കെട്ടിടത്തിൽ അരിയും മറ്റും പൊടിച്ചു നൽകുന്ന മിൽ തുടങ്ങാനായിരുന്നു ശ്രമം. ഇതിനായി കേന്ദ്ര സർക്കാരിന്റെ മുദ്രാ വായ്പയ്ക്ക് അപേക്ഷിക്കാനായാണ് രേഖകൾ തയാറാക്കാൻ ഓഫിസുകൾ കയറിയിറങ്ങിയത്. ഒന്നര മാസമായി വിവിധ ഓഫിസുകളിൽ ഇതിനായി പോയി. ആരോഗ്യ വിഭാഗത്തിൽ നിന്നും മലിനീകരണ ബോർഡിന്റെയുമെല്ലാം അനുമതി ലഭിച്ചു. കോർപ്പറേഷൻ ഓഫിസിൽ ചെന്നപ്പോൾ ആദ്യത്തെ ഓഫിസിൽ ആവശ്യപ്പെട്ടത് 25,000 രൂപ. അഞ്ചു പേർക്ക് അയ്യായിരം രൂപ വീതം നൽകാനാണെന്നു പറഞ്ഞു.

കെട്ടിടം വ്യാവസായിക ആവശ്യത്തിനുള്ളതാക്കി മാറ്റിയാൽ മാത്രമേ പദ്ധതി തുടങ്ങാനാകൂ. വായ്പ ലഭിക്കാനാണെങ്കിലും ഔദ്യോഗിക രേഖകൾ ആവശ്യമുണ്ട്. ഇതിനായി റവന്യു ഓഫിസിൽ ഒന്നര ആഴ്ച കയറിയിറങ്ങി. അഞ്ചു പ്രാവശ്യമെങ്കിലും ഓഫിസിൽ ചെന്നു. ഓരോ പ്രാവശ്യവും എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കി വിടും. ഒടുവിൽ കെട്ടിടത്തിനു പുറത്തു വച്ചു കണ്ടപ്പോഴാണ് ഓഫിസിലെ ജീവനക്കാരൻ ''അതിനു ചില കാര്യങ്ങളൊക്കെ ഉണ്ട് കേട്ടോ'' എന്നു പറഞ്ഞത്. ഇത് കൈക്കൂലി ലഭിക്കാനാണെന്ന് അപ്പോഴേ മനസിലായി. ഓഫിസിലെത്തി അപേക്ഷ നൽകിയപ്പോൾ 25 വർഷം മുമ്പുള്ള കെട്ടിട നമ്പർ വേണമെന്ന് ആവശ്യപ്പെട്ടു. ഫോൺ നമ്പരും വേണമെന്നു പറഞ്ഞു. ഫോമിൽ നമ്പരുള്ളപ്പോൾ പിന്നെ ഫോൺ നമ്പർ ചോദിക്കണ്ട കാര്യമില്ല. കൈക്കൂലി കൊടുക്കാതെ ഇവിടെയും കാര്യം നടക്കില്ലെന്നു മനസിലായതോടെയാണ് മകൾ മിനി ജോസി ദേഷ്യപ്പെട്ടത്. ഇതോടെ കയ്യിലിരുന്ന സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് കീറി എറിഞ്ഞത്.