ദ്യത്തിന് മിനിമം വില നിശ്ചയിക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി സ്‌കോട്ട്‌ലൻഡ് മാറി. മിനിമം വിലയെക്കാൾ കുറച്ചുതുക ഈടാക്കാൻ അനുവദിക്കണമെന്ന സ്‌കോച്ച് വിസ്‌കി നിർമ്മാതാക്കളുടെ ഹർജി സ്‌കോട്ട്‌ലൻഡ് സുപ്രീം കോടതി തള്ളിയതോടെയാണിത്. നേരത്തെ, മദ്യത്തിന് മിനിമം വില നിശ്ചയിച്ച് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് നിർമ്മാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്.

മിനിമം വില നിശ്ചയിക്കുന്നത് യൂറോപ്യൻ നിയമത്തിന് വിരുദ്ധമാണെന്നായിരുന്നു സ്‌കോച്ച് വിസ്‌കി അസോസിയേഷന്റെ വാദം. എന്നാലിത് കോടതി അംഗീകരിച്ചില്ല. വർധിച്ചുവരുന്ന മദ്യപാനാസക്തിയെ നേരിടുന്നതിനും കൂടുതൽ വീര്യമുള്ള മദ്യം കുറഞ്ഞ വിലയ്ക്ക് നൽകുന്ന വാപാരികളുടെ വിൽപനതന്ത്രത്തെ ചെറക്കുന്നതിനും വേണ്ടിയാണ് സ്‌കോട്ടിഷ് സർക്കാർ മിനിമം വില നിശ്ചയിച്ചത്.

അഞ്ചുവർഷം മുമ്പാണ് സ്‌കോട്ടിഷ് സർക്കാർ മിനിമം യൂണിറ്റ് വിലയായി 50 പെൻസ് നിശ്ചയിച്ചത്. ഇതിനെതിരെ സ്‌കോച്ച് വിസ്‌കി അസോസിയേഷൻ ആദ്യം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഹർജി അനുവദിക്കാതിരുന്നതിനെത്തുടർന്ന് അവർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാരും മിനിമം വില പാലിക്കേണ്ടതുതന്നെയാണെന്ന കാര്യത്തിൽ യോജിച്ചു.

നിയമാനുസൃമുള്ള ഒരു ലക്ഷ്യം കൈവരിക്കുന്നതിനാണ് 2012-ൽ മിനിമം വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയതെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചുകൊണ്ട് ലോർഡ് മാൻസ് പറഞ്ഞു. അത് യൂറോപ്യൻ നിയമത്തിന് വിരുദ്ധമായിരുന്നില്ല. മിനിമം വില നിശ്ചയിക്കരുതെന്നും എക്‌സൈസ് ഡ്യൂട്ടിയോ വാറ്റോ നിശ്ചയിച്ച് മദ്യത്തിന്റെ വില നിശ്ചയിക്കണമെന്നുമായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം.

മനുഷ്യരുടെ ആരോഗ്യവും സമ്പത്തും സംരക്ഷിക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാണ് നിയമമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കുറഞ്ഞ വിലയ്ക്കുള്ള മദ്യവിൽപന ചെറുക്കുന്നതിനും മദ്യോപഭോഗം കുറയ്ക്കുന്നതിനുമാണ് കുറഞ്ഞ വില നിശ്ചയിച്ചിട്ടുള്ളത്. എക്‌സൈസ് ഡ്യൂട്ടിയോ വാറ്റോ ഏർപ്പെടുത്തി വില പുനർനിശ്ചയിക്കുന്നത് ഇതേ ഗുണം ചെയ്യില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

മദ്യോപഭോഗം വളരെ കൂടുതലുള്ള രാജ്യമാണ് സ്‌കോട്ട്‌ലൻഡ്. 2016-ൽ 1265 പേരാണ് അമിതമായ മദ്യപാനത്തെത്തുടർന്ന് മരിച്ചത്. തൊട്ടുമുമ്പത്തെ വർഷത്തെക്കാൾ 10 ശതമാനം കൂടുതലാണിത്. വിലക്കുറവിൽ വീര്യം കൂടിയ മദ്യം കിട്ടുന്നതാണ് മദ്യോപഭോഗം കൂടാൻ കാരണമെന്ന് മനസ്സിലാക്കിയാണ് 2012-ൽ സ്‌കോട്ട്‌ലൻഡ് ആൽക്കഹോൾ (മിനിമം പ്രൈസിങ്) നിയമം കൊണ്ടുവന്നത്.