ശബരിമല: യുവതി പ്രവേശന ഉത്തരവിനെ തുടർന്നുണ്ടായ സംഘർഷങ്ങൾ ഓരോന്നായി ശബരിമലയിൽ ഒഴിഞ്ഞു കൊണ്ടിരിക്കയാണ്. ഇതിനിടെ സുരക്ഷ മുൻനിർത്തി ഒരുക്കിയ ഓരോ നിയന്ത്രണങ്ങളും പൊലീസ് നീക്കിക്കൊണ്ടിരിക്കയാണ്. നിരോധനാജ്ഞയും നീക്കുന്ന വിധത്തിലേക്ക് ചിലപ്പോൾ കാര്യങ്ങൾ എത്തിയേക്കും. എങ്കിലും അതിന് കുറച്ചു കൂടി സമയമെടുക്കും. ഹൈക്കോടതിയിൽനിന്ന് അനുകൂല പരാമർശമുണ്ടായ പശ്ചാത്തലത്തിൽ തത്കാലം തീരുമാനം പിൻവലിക്കാനിടയില്ല. ശനിയാഴ്ച രാത്രിവരെയാണ് ഇപ്പോഴത്തെ നിരോധനാജ്ഞ.

നാലുദിവസത്തേക്കുകൂടി നീട്ടാനാണ് സാധ്യത. അതിനിടെ, സന്നിധാനത്തെ നിയന്ത്രണത്തിൽ പൊലീസ് ഇളവുവരുത്തി. സന്നിധാനത്തെ ഭക്തരായ പൊലീസുകാരായി മാറിയിട്ടുണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും. മഹാകാണിക്കയ്ക്കുമുന്നിൽ പൊലീസ് കെട്ടിയ വടം പൂർണമായും മാറ്റി. താഴെ തിരുമുറ്റത്തെ പൊലീസുകാരുടെ യൂണിഫോമിലും മാറ്റംവരുത്തി. ഇവിടെ ജോലിചെയ്യുന്ന പൊലീസുകാർ ഷൂവിന് പകരം വെള്ളിയാഴ്ചമുതൽ ചെരിപ്പ് ധരിച്ചുതുടങ്ങി. ബെൽറ്റിടാതെ ഷർട്ട് വെളിയിലേക്ക് ഇടുകയും ചെയ്തു. തിരക്ക് വല്ലാതെ കൂടിയാൽ വാവരുനടയ്ക്കുചുറ്റുമുള്ള ബാരിക്കേഡ് മാറ്റുന്ന കാര്യവും പൊലീസ് പരിഗണിക്കുന്നുണ്ട്.

നവംബർ 14 മുതൽ ജനുവരി 14 വരെ നിരോധനാജ്ഞ പ്രഖ്യാപിക്കാനാണ് പത്തനംതിട്ട എസ്‌പി. നേരത്തെ റിപ്പോർട്ട് നൽകിയത്. ഇതനുസരിച്ചാണ് കളക്ടർ നടപടിയെടുത്തത്. യുവതീപ്രവേശം സംബന്ധിച്ച് ഇപ്പോൾ പ്രശ്‌നങ്ങളില്ലെങ്കിലും ഏതുസമയത്തും വനിതകളെത്താമെന്ന നിലപാടാണ് പൊലീസിന്. പൊലീസ് വിലക്കിനെതിരായ നാമജപത്തിൽ ഇപ്പോൾ കൂടുതൽ പേർ പങ്കെടുക്കുന്നുണ്ട്. നിയന്ത്രണമുള്ള സ്ഥലത്ത് നാമജപം നടക്കുന്നില്ലെങ്കിലും കൂടുതൽ പേരുടെ പങ്കാളിത്തം പൊലീസിന് തലവേദനയാണ്. നിരോധനാജ്ഞ പിൻവലിച്ചാൽ നാമജപം കൂടുതൽ ശക്തമാവുമെന്ന വിലയിരുത്തൽ പൊലീസിനുണ്ട്.

സോപാനത്തു ദർശനത്തിനു ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ വ്യാഴാഴ്ച പിൻവലിച്ചിരുന്നു. അതിനാൽ അയ്യപ്പന്മാർക്കു സോപാനത്തിൽ കയറി തൊഴുന്നതിനു തടസമില്ലായിരുന്നു. പതിനെട്ടാംപടി കയറാൻ എത്തിയ പ്രായമായവരെയും കുട്ടികളെയും പൊലീസ് സഹായിച്ചു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ നീലിമല, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിൽ മല കയറുന്നവരുടേയും ഇറങ്ങുന്നവരുടേയും തിരക്കുണ്ടായിരുന്നു. പമ്പാ ഗണപതികോവിലിലും പരിസരത്തുമായി ഏർപ്പെടുത്തിയിരുന്ന പ്രത്യേക സുരക്ഷയും പിൻവലിച്ചു.

13 സിവിൽ പൊലീസ് ഓഫിസർമാർ ഉണ്ടായിരുന്ന പമ്പയിൽ 11 പേരും, 7 ഡബ്ല്യുപിസികൾ ഉണ്ടായിരുന്നിടത്ത് 5 പേരായും കുറച്ചു. സംഘത്തെ തിരികെ ബാരക്കിലേയ്ക്കു മടക്കി. ഓരോ പോസ്റ്റിലുമുള്ള എഎസ്‌ഐ, എസ്‌ഐ, സിഐ എന്നിവർ പഴയ പോലെ തുടരും. നിലയ്ക്കൽ താവളത്തിൽ എത്തുന്ന അയ്യപ്പ ഭക്തരുടെ സൗകര്യാർഥം എല്ലാ പാർക്കിങ് ഗ്രൗണ്ടുകളെയും ബന്ധപ്പെടുത്തി കെഎസ്ആർടിസി പാർക്കിങ് ഗ്രൗണ്ട് സർക്കുലർ സർവീസ് ആരംഭിച്ചു. ഒന്നു മുതൽ പത്തു വരെയുള്ള പാർക്കിങ് ഗ്രൗണ്ടുകൾ ബന്ധിപ്പിച്ച് തിരികെ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ എത്തി ചേരുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

താഴെ തിരുമുറ്റത്തും വലിയ നടപ്പന്തൽ ഭാഗത്തും ബാരിക്കേഡുവെച്ച പൊലീസ് നടപടിയിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷകസമിതി എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ, പ്രശ്‌നമുണ്ടായാൽ നിയന്ത്രണം കിട്ടാനാണ് ബാരിക്കേഡ് വെച്ചത് എന്നാണ് പൊലീസ് പറഞ്ഞത്. പ്രതിഷേധക്കാർ ഇവിടെ തമ്പടിക്കുന്നത് തടയാൻ വേറെ മാർഗമില്ലെന്നും പൊലീസ് പറയുന്നു. തിരക്ക് കൂടുന്നപക്ഷം ബാരിക്കേഡുകൾ മാറ്റുന്ന കാര്യം പരിഗണിക്കുമെന്നാണ് പൊലീസിന്റെ നിലപാട്.

ശബരിമലയിലെ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി കുറയ്ക്കാൻ ഒരുങ്ങിയിരിക്കയാണ് പൊലീസ്. ഇപ്പോഴത്തെ നിരോധനാജ്ഞ തീരുന്ന മുറക്കായിരിക്കും നിയന്ത്രണങ്ങളിൽ ഇളവ് നൽകുക. സ്ഥിതിഗതികൾ നാളെ ചേരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം വിലയിരുത്തും. കഴിഞ്ഞ മൂന്ന് ദിവസമായി സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് ഉണ്ടായത്. ഇന്ന് തിരക്ക് അൽപ്പം കുറഞ്ഞെങ്കിലും അടുത്ത ദിവസങ്ങളിൽ തിരക്ക് കൂടുമെന്നാണ് കണക്ക് കൂട്ടൽ.