ഷിക്കാഗോ: സിറ്റിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം ഗണ്യമായി വർദ്ധിപ്പിച്ചുകൊണ്ടുള്ള നിയമത്തിന് ഷിക്കാഗോ സിറ്റി കൗൺസിൽ അംഗീകാരം നൽകി. നിലവിലുള്ള മണിക്കൂറിന് 8.25 ഡോളർ വേതനം എന്നത് ഘട്ടംഘട്ടമായി മണിക്കൂറിന് 13 ഡോളറായിട്ടാണ് ഉയർത്തിയിട്ടുള്ളത്. 2015 ജൂലൈ 1 മുതൽ മണിക്കൂറിന് 10 ഡോളറായി ഉയർത്തപ്പെടുന്ന മിനിമം വേതനം പടിപടിയായി ഓരോ വർഷവും ഉയർന്ന് 2019-ൽ 13 ഡോളർ മണിക്കൂറിന് എന്ന നിരക്കിൽ എത്തും. സിറ്റി കൗൺസിലിൽ ബഹുഭൂരിപക്ഷം അംഗങ്ങളും മിനിമം വേതനം വർദ്ധിപ്പിക്കുന്നതിന് അനുകൂലമായിട്ടാണ് വോട്ട് നൽകിയത്.

മേയർ റാം എമ്മാനുവേലിന്റെ ഉറച്ച നിലപാടാണ് വേണ്ടത്ര എതിർപ്പ് കൂടാതെ മിനിമം വേതനവർദ്ധനവ് സിറ്റി കൗൺസിലിൽ പാസാക്കുവാൻ കഴിഞ്ഞത്. ഫെഡറൽ മിനിമം വേതനം മണിക്കൂറിന് 7.50 ഡോളറും, ഇല്ലിനോയിയിൽ 8.25 ഡോളറുമാണ് നിലവിൽ. തൊഴിലാളി സംഘടനകളും പൊതുസമൂഹവും മിനിമം വേതനം വർദ്ധിപ്പിച്ച നടപടിയെ പൊതുവെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, റെസ്റ്റോറന്റ് വർക്കേഴ്‌സ് ഓർഗനൈസേഷൻ ഈ വർധനവ് അപര്യാപ്തമാണെന്നും, വർദ്ധിച്ച ജീവിത ചെലവിന്റെ അടിസ്ഥാനത്തിൽ മിനിമം വേതനം 15 ഡോളറായി ഉയർത്തണമെന്നും ആവശ്യപ്പെട്ടു.

ചെറുകിട വ്യവസായ സ്ഥാപനങ്ങളും, റീട്ടെയിൽ സ്റ്റോർ ഉടമകളും മിനിമം വേതന വർധനവിനെതിരേ രംഗത്തുവന്നിട്ടുണ്ട്. സിറ്റി കൗൺസിലുകൾക്ക് മിനിമം വേതനം വർദ്ധിപ്പിക്കുവാൻ അധികാരമില്ലെന്നും , സംസ്ഥാന തലത്തിൽ മാത്രമേ ഇത്തരം വർദ്ധനവ് നിയമപരമായി അനുവദിച്ചിട്ടുള്ളുവെന്നുമാണ് ഇവരുടെ നിലപാട്. പുതിയ നിയമം കോടതിവഴി റദ്ദാക്കാനുള്ള സാധ്യത തേടുകയാണ് വ്യാപാര-വ്യവസായ സംഘടനാ നേതൃത്വം. സംസ്ഥാനതലത്തിൽ മിനിമം വേതനം മണിക്കൂറിന് 10 ഡോളറായി ഉയർത്തുന്നതിന് ഗവർണ്ണർ പാറ്റ് ക്യൂനും, സംസ്ഥാന സെനറ്ററും അനുകൂലമായി നിലപാട് സ്വീകരിച്ചുവെങ്കിലും, സംസ്ഥാന പ്രതിനിധി സഭ വിഷയം ചർച്ചയ്‌ക്കെടുക്കുവാൻ വിസമ്മതിച്ചു. നവംബർ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ ഹിതപരിശോധനയിൽ ഷിക്കാഗോയിൽ 80 ശതമാനം വോട്ടർമാരും, സംസ്ഥാനത്തൊട്ടാകെ 67 ശതമാനം വോട്ടർമാരും മിനിമം വേതനം വർദ്ധനവിന് അനുകൂലമായാണ് വോട്ട് ചെയ്തത്.