കെന്റക്കി: ലൂയിസ് വില്ലെയിൽ മിനിമം വേജ് ഉയർത്തിക്കൊണ്ട് നിയമം പാസായി. 2017-ഓടെ മണിക്കൂറിന് ഒമ്പതു ഡോളർ ആക്കാനാണ് നീക്കം. ഇതോടെ ഈ വർഷം മിനിമം വേജ് ഉയർത്തുന്ന പന്ത്രണ്ടാമത്തെ സിറ്റിയായി ലൂയിസ് വില്ലെ. കഴിഞ്ഞദിവസം ഷിക്കാഗോയിലും മിനിമം വേജ്  ഉയർത്തിക്കൊണ്ട് നിയമം പാസാക്കിയിരുന്നു.

വ്യാഴാഴ്ച നടന്ന ലൂയിസ് വില്ലെ മെട്രോ കൗൺസിൽ മീറ്റിംഗിലാണ് മിനിമം വേജ് ഉയർത്തുന്നതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മീറ്റിംഗിൽ പങ്കെടുത്ത 16 ഡെമോക്രാറ്റിക് പാർട്ടിയംഗങ്ങളും തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് വോട്ടു ചെയ്തു. എന്നാൽ ഒമ്പത് റിപ്പബ്ലിക്കൻ അംഗങ്ങൾ എതിർത്താണ് വോട്ടു രേഖപ്പെടുത്തിയത്.

അടുത്ത മൂന്നു വർഷത്തെ കാലയളവിനുള്ളിൽ മിനിമം വേജ് മണിക്കൂറിന് 10.10 ഡോളർ എന്ന കൗൺസിലിന്റെ യഥാർഥ പ്രൊപ്പോസൽ നടപ്പാക്കുമെന്ന് നേരത്തെ മേയർ ഗ്രെഗ് ഫിഷർ പറഞ്ഞിരുന്നു. എന്നാൽ പുതുക്കിയ നിരക്കിൽ താൻ സംതൃപ്തനാണെന്ന് വോട്ടിംഗിനു ശേഷം ഫിഷർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. 2017 ആകുമ്പോഴേയ്ക്കും കൺസ്യൂമർ പ്രൈസ് ഇൻഡക്‌സിന്റെ അടിസ്ഥാനത്തിൽ വേജ് നിജപ്പെടുത്തും.