തിരുവനന്തപുരം: തലസ്ഥാനത്തെ വിവാദ പാറഖനന കേന്ദ്രമായ പള്ളിച്ചൽ പഞ്ചായത്തിലെ മുക്കുന്നിമലയിൽ നിന്ന് ക്വാറിമാഫിയകളെ തുരത്താൻ സൈന്യം ഇടപെടുന്നു. രാഷ്ട്രീയ പാർട്ടികളും പഞ്ചായത്ത് ഭരണസമിതിയും ഹരിത എംഎൽഎമാരും സർക്കാരും കൈവിട്ടതോടെയാണ് മലയുടെ സംരക്ഷണത്തിനു വേണ്ടി കരസേനയും വായുസേനയും ഇടപെടുന്നത്. ഇരുസേനകളുടെയും തലവന്മാർ ജില്ലാ കലക്ടറുമായും റവന്യു അധികൃതരുമായും കൂടിക്കാഴ്‌ച്ച നടത്തി. മുക്കുന്നിമലയിലെ പാറഖനനത്തിനു തടയിടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു സൈനിക ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ സൈന്യത്തിന്റെ ആവശ്യത്തോടും അധികൃതർ മുഖംതിരിച്ചതായാണ് സൂചന.

നിലവിൽ മുക്കുന്നിമലയിൽ ഖനനം നടത്തുന്ന ക്വാറികളുടെ കാലാവധി 2015 ഫെബ്രുവരി ഒമ്പതിന് അവസാനിച്ചതാണ്. എന്നിട്ടും യുദ്ധകാലാടിസ്ഥാനത്തിൽ ഖനനം നടത്താൻ പള്ളിച്ചൽ പഞ്ചായത്ത് ഭരണസമിതി അനുമതി നൽകി. ഈ താൽക്കാലിക അനുമതിയുടെ മറവിലാണ് ക്വാറിമാഫിയകൾ ഇപ്പോഴും ഖനനം തുടരുന്നത്. ഇതിനെതിരെയാണ് സൈന്യം ഇടപെട്ടത്.
കരസേനയ്ക്കും വായുസേനയ്ക്കും മുക്കുന്നിമലയിൽ പഞ്ചായത്ത് സ്ഥലം അനുവദിച്ചിട്ടുണ്ട്. കരസേനയ്ക്ക് 300 ഏക്കർ ഫയറിങ് റേഞ്ചും വായുസേനയ്ക്ക് റഡാർ കേന്ദ്രവുമാണ് അുവദിച്ചിരിക്കുന്നത്. അനിയന്ത്രിതമായി തുടരുന്ന പാറഖനനം ഇരു സേനാവിഭാഗങ്ങൾക്കും ശല്യമായ സാഹചര്യത്തിലാണ് സൈന്യം ഇടപെടാൻ തീരുമാനിച്ചത്. കൂടുതൽ ഇടപെടലുകളുമായി സൈന്യം മുന്നോട്ടുപോകുമെന്നാണ് സൂചന.

തലസ്ഥാന ജില്ലയിലെ പള്ളിച്ചൽ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് മുക്കുന്നിമല സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളുടെ തുടർച്ചയാണ് ഈ മലയും. സമുദ്ര നിരപ്പിൽനിന്ന് 250 മീറ്റർ ഉയരത്തിലും 1.25 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലുമുള്ള മുക്കുന്നിമല സമുച്ചയം ജൈവസമ്പത്തിന്റെ കലവറകൂടിയാണ്. സംരക്ഷിത വനമേഖലയിൽപ്പെട്ട പ്രദേശമായിട്ടും ഈ മലയുടെ സംരക്ഷണത്തിനുവേണ്ടി വാദിക്കാൻ പരിസരവാസികളല്ലാതെ പ്രകൃതിസ്‌നേഹികളെയാരെയും പൊതുവേ കാണാറില്ല.

1960ലെ കേരള ഭൂമിപതിവ് ചട്ടങ്ങൾ (കേരള ലാൻഡ് അസൈന്മെന്റ് ആക്ട്) പ്രകാരം റബ്ബർ കൃഷി ചെയ്യുന്നതിനു മാത്രമായി വിമുക്തഭടന്മാർക്കും, തൊഴിൽരഹിതരായ വിദ്യാസമ്പന്നർക്കും, സ്വാതന്ത്യ്‌രസമര സേനാനികൾക്കും 3.5 ഏക്കർ വീതം പതിച്ചു നൽകി. ഇത്തരത്തിൽ 80 കുടുംബങ്ങൾക്കായി മുക്കുന്നിമലപ്രദേശം പതിച്ചുകൊടുത്തപ്പോൾ പട്ടയഭൂമിയിൽനിന്നും പാറകളെ ഒഴിവാക്കിയിരുന്നു. റബർകൃഷിക്കല്ലാതെ മറ്റെന്തെങ്കിലും ആവശ്യത്തിനു ഈ ഭൂമി ഉപയോഗിച്ചാൽ സർക്കാർ തിരിച്ചെടുക്കുമെന്നും നിയമത്തിൽ അനുശാസിച്ചിട്ടുണ്ട്. ഇപ്രകാരം നൽകിയ സ്വകാര്യഭൂമികളിലും സർക്കാരിന്റെ അധീതയിലുമുള്ള ഭൂമിയിലുമാണ് പാറഖനനം നടക്കുന്നത്.

പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്, റവന്യു വകുപ്പ്, മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, മലിനീകരണ നിയന്ത്രണബോർഡ് എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 65 ഓളം ക്വാറികളാണ് ഈ മലയിൽ രാവും പകലും ഖനനം നടത്തുന്നത്. മുക്കുന്നിമലയിലെ അനധികൃത ഖനനത്തിനു കൂട്ടുനിൽക്കുന്ന പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ പോരാടുന്ന വിവരാവകാശപ്രവർത്തക വി വി വിജിതയെ പൊതുശല്യമായി പ്രഖ്യാപിച്ച പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം വൻവിവാദത്തിനു വഴിതെളിച്ചിരുന്നു.