തിരുവനന്തപുരം: കുടുംബങ്ങൾക്കുള്ളിൽ കുട്ടികൾ നേരിടുന്ന പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് വാർഡ് തലത്തിൽ കർമ്മ പദ്ധതികൾ രൂപീകരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട് സുരക്ഷിത ബാല്യമൊരുക്കാൻ ശക്തമായ ബോധവത്കരണം സമൂഹത്തിന് നൽകണമെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ മാനസികാരോഗ്യം സാമൂഹത്തിന്റെ വളർച്ചയ്ക്കും ആവശ്യമുണ്ടന്നതിനാൽ അവർക്കുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പിന്നിലെ കാരണങ്ങളും യഥാസമയം കണ്ടെത്തണം. കുട്ടികളെ ഒരിക്കലും പ്രതിസന്ധികളിലേക്ക് തള്ളിവിടരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം പി.എം.ജി.യിലെ ഹോട്ടൽ പ്രശാന്തിൽ നടന്ന പരിപാടിയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വാർഡ് തലത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികൾ രൂപീകരിക്കുമെന്നും കമ്മിറ്റികൾ മുഖേന അതത് വാർഡുകളിലെ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുമെന്നും ചെയർമാൻ പറഞ്ഞു. ചടങ്ങിൽ കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്റെ കൈപുസ്തകം മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു.

തുടർന്ന് ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ സെമിനാറുകളും നടന്നു. കമ്മീഷൻ അംഗങ്ങളായ ഫാദർ ഫിലിപ്പ് പരക്കാട്ട്, നസീർ ചാലിയം, ഡെപ്യൂട്ടി മേയർ പി.കെ രാജു, സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ, ജില്ലാ പൊലീസ് മേധാവി പി.കെ മധു, ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ എൻ. സുനന്ദ, ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗം വി എം സുനന്ദകുമാരി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് കുമാർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ചിത്രലേഖ എസ്, ഐ.സി.ഡി.എസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.