- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നക്കാപ്പിച്ച വാങ്ങി മാദ്ധ്യമങ്ങൾ വാപൂട്ടിയപ്പോൾ സ്വർണ്ണക്കടക്കാരെ രക്ഷിക്കാൻ മന്ത്രിയുടെ ഒത്താശയും; തൂക്കത്തിലും പരിശുദ്ധിയിലും വെട്ടിച്ച സ്വർണ്ണക്കടകളുടെ പേര് വിവരം പുറത്ത് വിടരുതെന്ന് കർക്കശ നിർദ്ദേശം: കേസെടുത്ത ഉദ്യോഗസ്ഥർ പുലിവാലു പിടിച്ചു
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ കൊള്ളയുടെ കഥയറിയാൻ ജനത്തിനുള്ള അവസരത്തിന് വഴിതടഞ്ഞ് മന്ത്രിയുടെ ഉത്തരവ്. അളവിലും തൂക്കത്തിലും വെട്ടിപ്പ് നടത്തി കോടാനുകോടി വെട്ടിച്ച 87 സ്വർണ്ണക്കടക്കാരുടെ പേര് വിവരം പുറത്ത് വിടുന്നത് തടഞ്ഞാണ് മന്ത്രി ഉത്തരവിറക്കിയത്. ലീഗൽ മെട്രോളജി വകുപ്പ് ഇവർക്കെതിരെ കേസ് എടുത്തു എന്ന പത്രക്കുറിപ്പ്
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ കൊള്ളയുടെ കഥയറിയാൻ ജനത്തിനുള്ള അവസരത്തിന് വഴിതടഞ്ഞ് മന്ത്രിയുടെ ഉത്തരവ്. അളവിലും തൂക്കത്തിലും വെട്ടിപ്പ് നടത്തി കോടാനുകോടി വെട്ടിച്ച 87 സ്വർണ്ണക്കടക്കാരുടെ പേര് വിവരം പുറത്ത് വിടുന്നത് തടഞ്ഞാണ് മന്ത്രി ഉത്തരവിറക്കിയത്. ലീഗൽ മെട്രോളജി വകുപ്പ് ഇവർക്കെതിരെ കേസ് എടുത്തു എന്ന പത്രക്കുറിപ്പ് പുറത്ത് വിട്ട ഉടൻ ആണ് ജനവിരുദ്ധ നടപടിയുമായി മന്ത്രി രംഗത്തിറങ്ങിയത്. നക്കാപ്പിച്ച വാങ്ങി ചാനലുകളും പത്രങ്ങളും ഈ വാർത്ത മുക്കിയപ്പോൾ നവമാദ്ധ്യമങ്ങൾ ഏറ്റെടുക്കുമെന്ന് ഭയന്നാണ് വിചിത്രമായ ഉത്തരവിന്റെ കാരണമായി മാറിയത്. വിവരങ്ങൾ തേടി ലീഗൽ മെട്രോളജി വകുപ്പിൽ എത്തിയ മറുനാടൻ മലയാളിക്ക് ലഭിച്ചത് മന്ത്രിയുടെ ഉത്തരവുള്ളതിനാൽ വിവരം നൽകാൻ സാധിക്കില്ലെന്ന മറുപടിയാണ്.
അളവിലും പരിശുദ്ധിയിലും വെട്ടിപ്പു നടത്തിയ 87 ജൂവലറികളിൽ പ്രമുഖരും ഉൾപ്പെട്ടിട്ടുണ്ട് എന്ന കാരണം കൊണ്ടാണ് ലീഗൽ മെട്രോളജി വകുപ്പ് കൈകാര്യ ചെയ്യുന്ന മന്ത്രി അടൂർ പ്രകാശ് സ്വർണ്ണക്കടക്കാരുടെ സംരക്ഷകനായി രംഗത്തെത്തിയത് എന്നാണ് അറിയുന്നത്. പല സ്വർണ്ണക്കടക്കാരും മന്ത്രിമാർ അടക്കമുള്ള പ്രമുഖർക്ക് വേണ്ടപ്പെട്ടവരാണ്. അതുകൊണ്ട് തന്നെയാണ് ഇവർ ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന വിവരം പുറംലോകം അറിയാതിരിക്കാൻ ഇടപെടൽ ഉണ്ടായത്. ഇതോടെ ശരിക്കും പുലിവാല് പിടിച്ചത് ജൂവലറികളിൽ റെയ്ഡ് നടത്തിയ ലീഗൽ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥരാണ്.
ബജറ്റിനുമുമ്പു 15 കോടി രൂപ സംസ്ഥാനത്തെ സ്വർണക്കടക്കാർ മന്ത്രിക്കു കോഴ കൊടുത്തതായുള്ള വിവാദ വെളിപ്പെടുത്തൽ നേരത്തെ പുറത്തുവന്നിരുന്നു. സ്വർണ്ണക്കടക്കാരുടെ സംഘടന തന്നെയാണ് അന്ന് മന്ത്രിക്ക് പണം കൊടുത്തതെന്നായിരുന്നു വിവരം. ലീഗൽ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥർ ജൂവലറികളിൽ പരിശോധന നടത്തിയത് തന്നെ ജൂവലറിക്കാരുടെ സംഘടനയെ പ്രകോപിപ്പിച്ചിരിക്കയാണ്. തങ്ങളുടെ വെട്ടിപ്പ് പിടിക്കപ്പെട്ടതോടെ ഇവർ പരാതിയുമായി മന്ത്രിയുടെ മുന്നിലെത്തി. ഇതോടെയാണ് കള്ളന് കഞ്ഞിവെക്കുന്ന നിലപാടുമായി ഉന്നത ഇടപെടൽ ഉണ്ടായത്.
അളവുതൂക്കത്തിൽ ക്രമക്കേടു കണ്ടെത്തിയ ജൂവലറികളുടെ പേരുവിവരം പുറത്തു പറയരുതെന്നാണു മന്ത്രി ഇന്നലെ ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാനത്തെ 87 ജൂവലറികൾക്കെതിരെയാണ് ലീഗൽ മെട്രോളജി വകുപ്പ് ക്രമക്കേടുകളുടെ പേരിൽ കേസ് എടുത്തിരിക്കുന്നത്. സ്വർണക്കടക്കാർ കൊമ്പുള്ളവരാണെന്ന ധാരണയിൽ ഉണ്ട ചോറിനു നന്ദി കാണിക്കാൻ പത്രങ്ങളും ചാനലുകളും ജൂവലറിക്കാർക്കെതിരേ കമാന്നൊരക്ഷരം പറയാൻ തന്റേടം കാട്ടാറില്ല. അതിനു പുറമേയാണു മന്ത്രിയുടെ ഉപകാരസ്മരണയും. ജൂവലറിക്കാർക്ക് നികുതി ഇളവ് നൽകിയും മറ്റും നേരത്തെ സർക്കാർ വിവാദത്തിൽ ചാടിയിരുന്നു.
സംസ്ഥാനത്തെ ജൂവലറികളിൽ വിൽക്കുന്ന സ്വർണത്തിൽ തൂക്കക്കുറവ്, കല്ലു പതിപ്പിച്ച സ്വർണാഭരണങ്ങൾക്ക് കല്ലിന്റെ തൂക്കത്തിന് സ്വർണത്തിന്റെ വില ഈടാക്കുക, സ്വർണം തൂക്കുന്ന ത്രാസ്സുകളുടെ കൃത്യതക്കുറവ് എന്നിവയിൽ വെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനതല മിന്നൽ പരിശോധന നടത്തിയത് . വ്യാപകമായ ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. കല്ലിന്റെ തൂക്കത്തിൽ കൃത്രിമം കാണിച്ച് സ്വർണത്തിന്റെ വില ഈടാക്കിയതിന് 12 കേസുകളും, സ്വർണത്തിന്റെ പരിശുദ്ധി ബില്ലിൽ രേഖപ്പെടുത്താത്തതിന് 41 കേസുകളും, അളവു തൂക്ക ഉപകരണങ്ങൾ നിയമാനുസൃതം മുദ്ര പതിപ്പിക്കാത്തതിന് 34 കേസുകളും എടുത്തിട്ടുണ്ട്.
കേരളത്തിൽ സ്വർണക്കച്ചവടക്കാർ വൻലോബി തന്നെയാണ്. ചാനലുകൾക്കും പത്രങ്ങൾക്കും വൻ പരസ്യങ്ങളാണ് നൽകുന്നത്. ചാനലുകളുടെ മുഖ്യ വരുമാന സ്രോതസ്സും ജുവലറികളിൽ നിന്നും ലഭിക്കുന്ന വൻ പരസ്യമാണ്. പല ജൂവലറിക്കാരും പരസ്യം കൊടുക്കുന്നത് കടകളിൽ ആളു കൂടുകയെന്നതിലുപരി എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ വാർത്ത വരാതിരിക്കാനുള്ള കൈക്കൂലിയായാണ്. അതുകൊണ്ടു തന്നെ ഇവരുടെ പല വെട്ടിപ്പുകളും പുറത്തറിയുന്നില്ല. മലയാളികളുടെ ആഭരണപ്രിയത്തെ അമിതമായി ചൂഷണം ചെയ്തുവരികയാണ് ജൂവലറി ഗ്രൂപ്പുകൾ. അതിനനുസരിച്ചുള്ള തന്ത്രങ്ങൾക്ക് അവർ രൂപം നൽകുകയും ചെയ്യും. അതിനൊരു ഉദാഹരണമാണ് 'അക്ഷയത്രിതീയദിനം'എന്നത്. കഴിഞ്ഞ 10 വർഷമായാണ് ഇങ്ങനെയൊരു ദിനം മലയാളി മനസ്സിൽ ബോധപൂർവ്വം അടിച്ചേൽപ്പിക്കുന്നത്. അതിനു മുമ്പും ഈ ദിനം ഇവിടെത്തന്നെയുണ്ടായിരുന്നു. പക്ഷേ അതിന്റെ കച്ചവടസാധ്യത ജൂവലറിക്കാരുടെ മനസിലുദിച്ചിരുന്നില്ല. അങ്ങനെ പല രൂപത്തിലാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്.
ബുധനാഴ്ചയാണ് ലീഗൽ മെട്രോളജി വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. തിരുവനന്തപുരം, തൃശൂർ , കോഴിക്കോട് ജില്ലകളിലെ പ്രമുഖ ജൂവലറികളിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തു. ഉടനെ തന്നെ ഉന്നത ഇടപെടലും വന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ജൂവലറികളുടെ പേരുവിവരം പരസ്യപ്പെടുത്താത്തത്. വ്യാഴാഴ്ച ലീഗൽ മെട്രോളജി ദക്ഷിണമേഖലാ ഡെപ്യൂട്ടി കൺട്രോളറെ മന്ത്രിയുടെ ഓഫീസിൽ വിളിച്ചു വരുത്തി വേണ്ട നിർദ്ദേശം നൽകിയെന്നാണ് അറിയാൻ കഴിഞ്ഞത്. ഇങ്ങനെയാണ് ഉമ്മൻ ചാണ്ടിയുടെ സുതാര്യഭരണം. സ്വർണക്കടക്കാരിൽനിന്ന് മന്ത്രിമാർ കോടികൾ പിരിച്ചെടുക്കുന്നുവെന്ന ആർ ബാലകൃഷ്ണപിള്ളയുടെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്ന നടപടികളാണ് ഇതിലൂടെ പുറത്തുവരുന്നത്.
തട്ടിപ്പും ക്രമക്കേടും നടത്തുന്ന സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള വിവരം പൊതുജനത്തിന് നൽകാനുള്ള കടമയും ഉത്തരവാദിത്തവും ലീഗൽ മെട്രോളജി വകുപ്പിനുണ്ട്. ഇതിനുമുമ്പ് നടത്തിയ പരിശോധനകളിൽ അവർ ഇക്കാര്യം നിർവഹിച്ചിട്ടുമുണ്ട്. ഉദാഹരണത്തിന് കഴിഞ്ഞ ആഴ്ച ഗ്യാസ് ഏജൻസികളിലും ഫില്ലിങ് കേന്ദ്രങ്ങളിലും പരിശോധന നടത്തി തൂക്കക്കുറവുള്ള നിരവധി സിലിണ്ടറുകളും പിടിച്ചെടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 102 ഏജൻസികൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പൊതുജനങ്ങൾക്ക് തട്ടിപ്പ് സ്ഥാപനങ്ങളെക്കുറിച്ച് അറിയാനുള്ള അവകാശമാണ് ഇപ്പോൾ നിഷേധിച്ചിരിക്കുന്നത്.
അളവുതൂക്കത്തിലെ ക്രമക്കേടുകൾ മാത്രമാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ ജൂവലറികളിൽ നടക്കുന്ന നികുതി വെട്ടിപ്പും, മാറ്റു കുറഞ്ഞ സ്വർണവിൽപ്പനയും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പാണ് ജൂവലറികളിൽ വർഷംതോറും നടന്നുവരുന്നത്. വർഷങ്ങളായി വിൽപ്പന നികുതി വകുപ്പിന്റെ ഒരു പരിശോധനയും ഇവിടങ്ങളിൽ നടക്കാറില്ല. തോമസ് ഐസക്ക് ധനമന്ത്രിയായിരുന്നപ്പോഴാണ് കുറെയെങ്കിലും കാര്യക്ഷമമായി വിൽപ്പന നികുതി ഈടാക്കിയിരുന്നത്. ഇപ്പോൾ സ്വർണക്കടക്കാർ നിശ്ചയിക്കുന്ന നികുതി സർക്കാർ വാങ്ങുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുകയാണ്.
സത്യസന്ധമായി സ്വർണാഭരണ വിൽപ്പന നടത്തുന്ന നിരവധി സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. അവരെകൂടി സംശയത്തിന്റെ നിഴലിൽ നിർത്താൻ മാത്രമേ സർക്കാരിന്റെ ഇത്തരം നടപടി വഴിതെളിക്കുകയുള്ളൂ.