- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയ് ഭീം കണ്ട് ആവേശം കൊള്ളൽ ഒരു വശത്ത്; ജാതി അധിക്ഷേപം നേരിട്ട എം ജി സർവകലാശാലയിലെ ദളിത് വിദ്യാർത്ഥിനിയടെ കാര്യത്തിൽ കണ്ണടയ്ക്കലും; സിപിഎമ്മിന്റെ ഇരട്ടത്താപ്പ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായപ്പോൾ ദീപയ്ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി; അദ്ധ്യാപകനെ മാറ്റിനിർത്തുന്നത് വൈകിയാൽ നടപടിയെന്ന് ആർ ബിന്ദു
കോട്ടയം: ഏതാനും ദിവസങ്ങളായി ജയ് ഭീം എന്ന സിനിമ കണ്ട് സോഷ്യൽ മീഡിയയിൽ തള്ളി മറിക്കുകയാണ് സിപിഎം സഖാക്കൾ. ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിത കഥയാണ് സിനിമയാക്കിയത് എന്നതിനാൽ തന്നെയാണ് സിപിഎം വലിയ തോതിൽ തള്ളിമറിച്ചത്. സിപിഎം പുറത്താക്കിയ വ്യക്തിയായിട്ടും സഖാവാണെന്ന് വാദിച്ചാണ് ഇവിടെ മന്ത്രിമാരുടെ തള്ളി മറിക്കൽ. ഇതിനിടെ കേരളത്തിലെ ദളിത് വിഷയത്തിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വെളിയിൽ വരുന്നതും കാണാം. ജാതീയമായ അധിക്ഷേപം ഏറ്റുവാങ്ങേണ്ടി വന്ന എം.ജി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥി ദീപ പി. മോഹന് നീതി ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സമരത്തിൽ യുഡിഎഫ് അടക്കമുള്ളവർ പിന്തുണയുമായി രംഗത്തുവരുമ്പോഴും കണ്ടില്ലെന്ന് നടിക്കുകായാണ് സിപിഎം ചെയ്തത്.
ഇതോടെ ദളിത് വിഷയങ്ങളിലെ സിപിഎം ഇരട്ടത്താപ്പ് സോഷ്യൽ മീഡിയയിൽ അടക്കം സജീവമായി ചർച്ചയായി. ഇതോടെയാണ് ദീപാ പി മോഹന് നീതി ഉറപ്പാക്കുമെന്ന് പറഞ്ഞ് ഒടുവിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രംഗത്തുവന്നു. ആരോപണവിധേയനായ അദ്ധ്യാപകനെ മാറ്റിനിർത്തുന്ന കാര്യത്തിൽ തീരുമാനം വൈകിയാൽ നടപടി സ്വീകരിക്കും. കാലതാമസമുണ്ടായാൽ അദ്ധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടും. സമരത്തിൽ നിന്ന് ദീപ പിന്മാറണമെന്നും മന്ത്രി ആർ. ബിന്ദു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എംജി സർവകലാശാലയിൽ ദളിത് വിദ്യാർത്ഥിനിയായ ദീപ പി. മോഹനൻ നടത്തി വരുന്ന നിരാഹാര സമരവുമായി ബന്ധപ്പെട്ടു കൊണ്ട്, വിദ്യാർത്ഥിനിയുടെ പക്ഷത്തുനിന്ന് കാര്യങ്ങൾ കണ്ട് സർവകലാശാലാ അധികൃതർ പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശ്രമിച്ചിരുന്നു. ഒരുവിധ മാനസിക പ്രയാസത്തിനോ സാങ്കേതിക തടസങ്ങൾക്കോ ഇടവരുത്താതെ ദീപക്ക് ഗവേഷണം പൂർത്തിയാക്കാൻ അവസരമൊരുക്കാമെന്നും അതിനുവേണ്ട ലൈബ്രറി-ലാബ്-ഹോസ്റ്റൽ സംവിധാനങ്ങളുൾപ്പെടെ എല്ലാ പശ്ചാത്തല സൗകര്യങ്ങളും നൽകാമെന്നും താൻതന്നെ ഗൈഡായി പ്രവർത്തിക്കാമെന്നും വൈസ് ചാൻസലർ ഉറപ്പു കൊടുക്കുകയും, ദീപ അത് വിശ്വാസത്തിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
എന്നാൽ, ആരോപണവിധേയനായ അദ്ധ്യാപകന്റെ കാര്യത്തിൽ ദീപ ആവശ്യപ്പെട്ട നടപടിയെടുക്കാൻ സർവകലാശാല തടസ്സമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടു പോയിരിക്കുന്നത്. ഹൈക്കോടതിയും പട്ടികവർഗ കമീഷനും ഇടപെട്ടിട്ടുള്ളതാണ് നേരത്തെത്തന്നെ ദീപയുടെ പരാതിയിൽ. ഇവകൂടി പരിഗണിച്ച് വിദ്യാർത്ഥിനിയുടെ പരാതി സർവകലാശാല എത്രയും പെട്ടെന്നു തീർപ്പാക്കണമെന്നാണ് സർക്കാറിന്റെ നിലപാട്. ആരോപണവിധേയനായ അദ്ധ്യാപകനെ പദവിയിൽ നിന്ന് മാറ്റിനിർത്തി പരാതി അന്വേഷിക്കാൻ എന്താണ് സർവകലാശാലക്ക് തടസമെന്ന് ആരാഞ്ഞിട്ടുണ്ട്. അതിന് സാങ്കേതിക തടസ്സമുണ്ടെങ്കിൽ അതിനാധാരമായ രേഖകൾ എന്തെല്ലാമാണെന്ന് അറിയിക്കാനും സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥിനിയുടെ ആരോഗ്യനിലയിൽ സർക്കാറിന് ഉത്ക്കണ്ഠയുണ്ട്. വ്യക്തിപരമായും ആകുലതയുണ്ട്.
വിദ്യാർത്ഥിനിക്ക് നീതി ഉറപ്പാക്കാൻ വേണ്ടത് സർവകലാശാലയുടെ വിശദീകരണം കിട്ടിയയുടനെ ചെയ്യും. ആരോപണവിധേയനായ അദ്ധ്യാപകനെ മാറ്റിനിർത്തുന്ന കാര്യത്തിൽ സർവകലാശാലയുടെ തീരുമാനം ഇനിയും നീളുന്ന നില വന്നാൽ, അദ്ധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ സർവകലാശാലാ അധികൃതർക്ക് നിർദ്ദേശം നൽകും. ഇതൊരുറപ്പായെടുത്ത് സമരത്തിൽ നിന്നു പിന്മാറണമെന്ന് വിദ്യാർത്ഥിനിയോട് അഭ്യർത്ഥിക്കുന്നു. കൊറോണ ബാധിതയായി ആശുപത്രിയിലായതിനാലാണ് ദീപയെ നേരിട്ട് കാണാൻ വരാത്തത്.
നീതിക്കായി ദീപയുടെ സമരം തുടരുന്നു
എംജി സർവകലാശാലയിൽ നാനോ സയൻസിൽ ഗവേഷണം നടത്തുകയാണ് ദീപ. ഗവേഷണം ആരംഭിച്ചു പത്തു വർഷം പിന്നിടുന്നു. എന്നാൽ ഗവേഷണം തുടരാൻ ദീപയ്ക്ക് സാധിക്കുന്നില്ല. ജാതി വിവേചനം നിമിത്തം വിദ്യാഭ്യാസ അവകാശം കഴിഞ്ഞ 10 വർഷമായി നിഷേധിക്കപ്പെട്ട് അതി കഠിനമായ സാഹചര്യത്തിലൂടെയാണ് ഈ പെൺകുട്ടി കടന്നു പോകുന്നത്. മഹാത്മാ ഗാന്ധി സർവകലാശാല കവാടത്തിനു മുൻപിൽ നടത്തി വരുന്ന നിരാഹാര സമരം നടത്തുന്ന യുവതിയുടെ ആരോഗ്യനിലയും അപകടത്തിലായിക്കൊണ്ടിരിക്കുന്നു.
ഐ.ഐ.യു.സി.എൻ.എൻ ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കലിന് എതിരായണ് യുവതി സമരം ചെയ്യുന്നത്. 'എന്തൊക്കെ സൗകര്യങ്ങൾ ലഭിച്ചാലും നന്ദകുമാർ ഐ.ഐ.യു.സി.എൻ.എന്നിൽ തുടർന്നാൽ എനിക്ക് ഗവേഷണം ചെയ്യാൻ സാധിക്കില്ല എന്നതാണ് മുൻ അനുഭവങ്ങൾ. അദ്ദേഹത്തിന് നേരെ SC/ST atrocity കേസ് വന്നതിന് ശേഷം കൂടുതൽ പ്രതികാരമാണ് എന്നോട് കാണിച്ചിട്ടുള്ളത്. എന്നെ ഐ.ഐ.യു.സി.എൻ.എന്നിൽ നിന്ന് പുറത്താക്കാൻ നിരവധി തവണ സർവകലാശാലയ്ക്ക് കത്തുകൊടുത്തിട്ടുണ്ട്. കൂടാതെ ഹൈക്കോടതി, പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ ഉത്തരവുകൾ നടപ്പിലാകാത്തതിന് പ്രധാന കാരണവും സെന്ററിലുള്ള നന്ദകുമാറിന്റെ സാന്നിധ്യമാണ്. അവിടുത്തെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് നന്ദകുമാറാണ്. നന്ദകുമാറിനെതിരെ കോട്ടയം സെഷൻസ് കോടതിയിൽ കേസ് നടക്കുന്നുണ്ട്. വൈസ് ചാൻസിലർ സാബു തോമസ് വീണ്ടും നന്ദകുമാറിനെ ഇല്ലീഗലായി സംരക്ഷിക്കുന്നു. ഞാൻ നിരാഹാര സമരം തുടരുകയാണ്.', എന്ന് ദീപ പറയുന്നു.
ദലിത് സ്വത്വത്തിന്റെ പേരിലും ഉയർത്തിപ്പിടിക്കുന്ന അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന്റെ പേരിലുമാണ് ദീപ എതിർക്കപ്പെടുന്നത്. പ്രതിസന്ധികൾ അതിജീവിച്ച് എംഫിൽ പൂർത്തിയാക്കി പി എച്ച്ഡിക്ക് രജിസ്റ്റർ ചെയ്തെങ്കിലും പല നിലക്കുമുള്ള തടസ്സങ്ങളാണ് ഇപ്പോഴും തുടരുന്നത്. കോഴ്സ് വർക്ക് ചെയ്യാനും ലബോറട്ടറി സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനുമൊക്കെ ഡിപ്പാർട്ട്മെന്റിലെ ദലിത് വിരുദ്ധ ലോബി തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഒരു വർഷത്തോളമായി ഫെലോഷിപ്പും ലഭിച്ചിട്ടില്ല.
ഡിപ്പാർട്ട്മെന്റിലെ അദ്ധ്യാപകനും നിലവിൽ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗവുമായ നന്ദകുമാർ കളരിക്കൽ സിപിഎം നേതാവാണ്. സിപിഎം അനുകൂല അദ്ധ്യാപക സംഘടനയുടേയും 'കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി സംഘടന'യായ എസ്എഫ്ഐയുടേയും പൂർണ്ണ പിന്തുണയും ഈ അദ്ധ്യാപകനാണെന്ന ആരോപവും ഉയരുന്നുണ്ട് ദീപയുടെ പരാതിയേത്തുടർന്ന് നേരത്തേ സർവ്വകലാശാല തന്നെ നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനാൽ നന്ദകുമാറിനെ ഡയറക്ടർ സ്ഥാനത്തുനിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പരാതിക്കാരിക്കെതിരെയുള്ള പ്രതികാരനടപടികൾ ഇപ്പോഴും തുടരുകയാണ്.
ദീപയുടെ ഗവേഷണം എത്രയും വേഗം പൂർത്തിയാക്കാനുള്ള സൗകര്യം ചെയ്തുനൽകണമെന്ന് ഹൈക്കോടതിയും പട്ടികജാതി, പട്ടിക ഗോത്രവർഗ കമ്മീഷനുമൊക്കെ ഉത്തരവിട്ടിട്ടും സർവ്വകലാശാലക്ക് യാതൊരു കുലുക്കവുമില്ലെന്നും ആക്ഷേപം ഉയരുന്നു. വൈസ് ചാൻസലർ നേരിട്ട് കുറ്റക്കാരനായ അദ്ധ്യാപകന്റെ പക്ഷം പിടിക്കുകയാണെന്ന് ദീപ കുറ്റപ്പെടുത്തുന്നു.
മറുനാടന് ഡെസ്ക്