- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശ സുന്ദരി! കോമളാംഗി! ആലപ്പുഴ ബൈപ്പാസിനെ വർണ്ണിച്ച് മന്ത്രി ജി സുധാകരന്റെ കവിത; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായ ആലപ്പുഴ ബൈപാസിനെക്കുറിച്ച് മന്ത്രി ജി സുധാകരൻ എഴുതിയ കവിതയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. എലിവേറ്റഡ് ഹൈവേ ഉൾപ്പെടുന്ന ബൈപാസിനെ ആകാശ സുന്ദരി, കോമളാംഗി എന്നെല്ലാം അഭിസംബോധന ചെയ്യുന്ന കവിത സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനകം ഹിറ്റായിക്കഴിഞ്ഞു. നാളെയുടെ സ്വപ്‌നങ്ങൾ എന്ന പേരിലാണ് മന്ത്രി ജി.സുധാകരന്റെ കവിത.
നാളെയുടെ സ്വപ്‌നങ്ങൾ
ഓടിയോടി തിമർക്കും
ഗതാഗത വാഹന വ്യൂഹം
ഭവതിതൻ മേനിയിൽ
മേൽ മേൽ ഉരസി ഉരസി
രമിക്കവെ
ഭീതിയല്ലുത്സാഹമാണു
നിനക്കതു
രോമാഞ്ചമാണു
കദനമല്ലെന്നതും
സേവനം സേവനം
തന്നെ നിനക്കതു
ആകാശ സുന്ദരി!
കോമളാംഗി!
നിന്റെ ആകർഷണത്തി-
നുപമലില്ലെന്നൊന്നുമേ!
ആയത് നാട്ടിലെ പൂർവി
കർ കാട്ടിയ
കാലാതിവർത്തിയാം
ദാനകർമം ഫലം,
ഖേദവിവാദ
കലാപശൂന്യം
തവകാലം ചരിത്രം
സുകൃതിനിയാണുനീ!
ഏവരും ഒന്നേ മൊഴിയുമ
നോഹരി!
'നീ എന്റെ നാടിന്റെ
സ്വപ്‌നപുത്രി
നീളെ പുനർജനിക്കുന്നി
താലപ്പുഴ
നാളതൻ സ്വപ്‌നങ്ങൾ
പങ്ക് വെക്കു'
ബൈപ്പാസ് ഉദ്ഘാടനത്തിന് മുമ്പ് സ്വാഭിമാന ഗതാഗതം എന്ന പേരിലും കവിത എഴുതിയിരുന്നു. മന്ത്രി സുധാകരന്റെ 'കൊഞ്ചുകവിത' അടുത്തിടെ ഒട്ടേറെ ട്രോളുകൾക്കു വിഷയമായിരന്നു.
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും ചേർന്ന് ഇന്നലെയാണ് ബെപ്പാസ് നാടിന് സമർപ്പിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ആദ്യ യാത്ര നടത്തി. പിന്നാലെ പൊതുജനങ്ങളുടെ വാഹനങ്ങളും ആലപ്പുഴ ബൈപ്പാസിൽ പ്രവേശിച്ചു. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് ഹൈവേയ്ക്കായുള്ള പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനാണ് ബൈപാസ് യാഥാർഥ്യമായതോടെ അന്ത്യമായത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ കേന്ദ്ര സഹമന്ത്രിമാരായ വി കെ സിങ്, വി മുരളീധരൻ, മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമൻ, എ എം ആരിഫ് എംഎംപി എന്നിവരും സന്നിഹിതരായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ