- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തിലും പ്രീഡിഗ്രിക്കും രണ്ടുവട്ടം തോറ്റ മന്ത്രിയാണു ഞാൻ; ഇഷ്ടം കളരിയും കൃഷിയും ഫോട്ടോഗ്രഫിയും; ഔദ്യോഗികവസതിയിൽ പശുക്കളെ വളർത്തുന്ന കൃഷിമന്ത്രി കെ പി മോഹനൻ മറുനാടൻ മലയാളിയോട്
പരീക്ഷകളിൽ തുടർച്ചയായി പരാജയം. ആദ്യം പത്താം ക്ലാസിൽ രണ്ട് തവണ. പ്രീഡിഗ്രിക്ക് രണ്ട് തവണ. പരീക്ഷയെഴുതാൻ മടിച്ച് ഡിപ്ലോമാ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് കളരി അഭ്യാസിയായി. അച്ഛന്റെ പ്രസിൽ അച്ച് നിരത്തുന്ന പണിചെയ്തു. ശമ്പളം നൂറ് രൂപ. അച്ഛന്റെ തന്നെ സുവർണ്ണ ചിറ്റ്‌സ് ആന്റ് ഫിനാൻസ് കമ്പനിയുടെ അസിസ്റ്റന്റ് മാനേജരായി. പിന്നീട് ഗൾ
പരീക്ഷകളിൽ തുടർച്ചയായി പരാജയം. ആദ്യം പത്താം ക്ലാസിൽ രണ്ട് തവണ. പ്രീഡിഗ്രിക്ക് രണ്ട് തവണ. പരീക്ഷയെഴുതാൻ മടിച്ച് ഡിപ്ലോമാ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. തുടർന്ന് കളരി അഭ്യാസിയായി. അച്ഛന്റെ പ്രസിൽ അച്ച് നിരത്തുന്ന പണിചെയ്തു. ശമ്പളം നൂറ് രൂപ. അച്ഛന്റെ തന്നെ സുവർണ്ണ ചിറ്റ്‌സ് ആന്റ് ഫിനാൻസ് കമ്പനിയുടെ അസിസ്റ്റന്റ് മാനേജരായി. പിന്നീട് ഗൾഫിൽ പോയി. പ്രിന്റിങ്ങ് പ്രസിൽ ജോലി ചെയ്തു. ഗൾഫ് ടൈംസിൽ ഡിടിപി ഓപ്പറേറ്ററായി. കളർലാബിൽ ഫോട്ടോഗ്രാഫറായി. ഫോട്ടോഗ്രാഫി അവാർഡായി രണ്ട് ഗോൾഡ് കോയിൻ ആണ് ആദ്യത്തെ അംഗീകാരം. രാഷ്ട്രീയ പ്രവർത്തകനായി. പടയണി പത്രത്തിന്റെ പത്രാധിപരും ന്യൂസ് ഫോട്ടോഗ്രാഫറുമായി. ജനപ്രതിനിധിയായി. കേരളത്തിന്റെ കൃഷിമന്ത്രിയായി. മുൻ മന്ത്രി പിആർ കുറുപ്പിന്റെ മകനും സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയുമായ കെപി മോഹനന്റെ ജീവിതം ചുരുക്കപ്പറഞ്ഞാൽ ഇങ്ങനെയാണ്. തന്റെ ജീവിതത്തെക്കുറിച്ചും ഓണക്കാലത്തെക്കുറിച്ചുമുള്ള ഓർമ്മകൾ മറുനാടൻ മലയാളിയുമായി കെപി മോഹനൻ പങ്ക് വയ്ക്കുന്നു.
ഞങ്ങൾ പണ്ടേ കൃഷിക്കാരാണ്. കൊയ്ത്തും മെതിയും കന്നും കറവയുമില്ലാത്ത കാലം ഓർമ്മയിലില്ല. കുട്ടിക്കാലത്ത് ഒൻപതാംക്ലാസിൽ ആകുന്നതുവരെ പശുവിനെ മേയ്ക്കുന്ന ജോലി എന്റേതായിരുന്നു. അമ്മ രാവിലെ കാപ്പി തരണമെങ്കിൽ പശുവിനെ തൊഴുത്തിൽ നിന്നിറക്കി തൊഴുത്ത് വൃത്തിയാക്കണമായിരുന്നു. അങ്ങനെ അമ്മയ്ക്ക് വേണ്ടിയും കാപ്പിക്ക് വേണ്ടിയും ഒൻപതാം ക്ലാസുവരെ പശുവിനെ മേയ്ച്ചു. പക്ഷേ, പിന്നീട് എപ്പഴോ ഞാനവയെ സ്‌നേഹിച്ച് തുടങ്ങി. ഇവിടെ തിരുവനന്തപുരത്ത് ഔദ്യോഗിക മന്ത്രി മന്ദിരത്തിലും ഞാൻ രണ്ട് പശുക്കളെ വളർത്തുന്നുണ്ട്. എന്റെ വീട്ടിൽ ഇപ്പോഴും മൂന്ന് പശുക്കളുണ്ട്.
പത്താം ക്ലാസിലായപ്പോൾ പഠിക്കാൻ വേണ്ടി എന്നെ പശുവിനെ മേയ്ക്കുന്ന പണിയിൽ നിന്നും ഒഴിവാക്കി. എന്നിട്ടും ഞാൻ പത്തിൽ തോറ്റു. രണ്ടാമത് എഴുതി. രണ്ടാമതും തോറ്റു. അന്ന് പത്ത് ജയിക്കണമെങ്കിൽ എല്ലാ വിഷയങ്ങൾക്കും ജയിക്കണമായിരുന്നു. 345 മാർക്ക് നേടിയിട്ടും മലയാളത്തിനാണ് രണ്ട് തവണയും ഞാൻ തോറ്റത്. തുടർന്ന് പഠനത്തിനായി തിരുവനന്തപുരത്തെത്തി. നടൻ ജഗതി ശ്രീകുമാറിന്റെ അച്ഛൻ ജഗതി എൻ കെ ആചാരിയുടെ ട്യൂഷനോട് കൂടി പത്താംക്ലാസ് പാസ്സായി. പ്രീഡിഗ്രിക്ക് കൂത്തുപറമ്പ് നിർമ്മലഗിരിയിൽ ഫസ്റ്റ്ഗ്‌രൂപ്പിന് ചേർന്നു. പ്രീഡിഗ്രിക്കും രണ്ട് തവണ തോറ്റു. പിന്നീട് കോയമ്പത്തൂരിൽ എയറോനോട്ടിക്കൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമയ്ക്ക് ചേർന്നു. പരീക്ഷയെഴുതാൻ മടിച്ച് അതും പാതിവഴിയിൽ ഉപേക്ഷിച്ചു. പഠനം അതോടെ തീർന്നു.
- അച്ഛന്റെ വഴി പിന്തുടർന്ന് രാഷ്ട്രീയത്തിലേക്ക്
അച്ഛൻ എന്നും തിരക്കായിരുന്നു. രാത്രി വൈകുവോളം ഉമ്മറത്ത് അമ്മ അച്ഛനെ കാത്തിരിക്കും. അച്ഛൻ എപ്പോഴും ആളുകളുടെ കൂടെയായിരിക്കും. വീട്ടിൽ ചെലവഴിക്കുന്ന സമയം വളരെ കുറവും. അച്ഛനെ പിന്തുടർന്നെത്തിയിരുന്ന പൊലീസുകാരുടെ ബൂട്ടുകളുടെ ശബ്ദം ഇപ്പോഴും എന്റെ ചെവിയിലുണ്ട്. ഞങ്ങൾ എട്ടുമക്കളായിരുന്നു. അഞ്ചാമനായിരുന്നു ഞാൻ. അച്ഛനുമായി വളരെ അടുപ്പമുണ്ടായിരുന്നില്ല. വളരെ അകന്ന് നിന്ന് അമ്മയിലൂടെയാണ് ഞാൻ അച്ഛനെ അറിഞ്ഞിരുന്നത്. കളരി പഠിച്ച് തുടങ്ങിയത് അച്ഛനോടൊപ്പമാണ്. അഞ്ചാം വയസ്സുമുതൽ. പാട്യത്തെ അനന്തൻ ഗുരുക്കൾ ആയിരുന്നു ആശാൻ. ഇന്നും ഞാൻ കളരി അഭ്യസിച്ച ചിട്ടവട്ടങ്ങൾക്കനുസരിച്ചാണ് ജീവിക്കുന്നത്. കോൺഗ്രസ്സിലൂടെ സോഷ്യലിസ്റ്റ് പാർട്ടിയിലെത്തി കണ്ണൂർ രാഷ്ട്രീയത്തിന്റെ രീതികൾ തിരുത്തിയെഴുതിയ രാഷ്ട്രീയ ചാണക്യനായിരുന്നു പിആർ കുറുപ്പ് എന്ന എന്റെ അച്ഛൻ. അദ്ദേഹം അദ്ധ്യാപകനും പത്രമുതലാളിയും ചിട്ടി നടത്തിപ്പുകാരനും സ്‌കൂൾ ഉടമയും ഒക്കെ ആയപ്പോഴും ആത്യന്തികമായി എന്നും ജനങ്ങളോടൊപ്പം നിന്ന പൊതു പ്രവർത്തകനായിരുന്നു. നാടിന്റെ നായകനായിരുന്നു.
വിളഞ്ഞ് കിടക്കുന്ന നെല്പാടവും കൊയ്ത്ത്പാട്ടുകളും എന്നും ഓർമ്മയിൽ പച്ചപിടിച്ച് നിൽക്കുന്നു. പഴയരീതിയിൽ കാളയെക്കൊണ്ട് പൂട്ടി ഞാറ് നട്ട് കൊയ്‌തെടുക്കുമായിരുന്നു. വളരെ പ്രസിദ്ധമായ പല കൊയ്ത്ത്പാട്ടുകളും പാടത്ത് അലയൊലികൾ ഉയർത്തിയിരുന്നു. കുട്ടികൾ കൃഷിയുടെ ഭാഗമായിരുന്നു. ആദ്യമായിട്ട് കൊയ്‌തെടുക്കുന്ന കറ്റകൾ അമ്മ തലയിൽ വച്ചുതരും. അത് പ്രാർത്ഥനയോടെ പൊലി പൊലിയേ എന്നു പറഞ്ഞ് പടിഞ്ഞാറ്റിയിൽ കൊണ്ടുവയ്ക്കും. വരും വർഷങ്ങളിലും സമൃദ്ധമായ വിളവുണ്ടാകാനുള്ള പ്രാർത്ഥനയാണത്. കൊയ്യുന്നതും മെതിക്കുന്നതും വീടിന്റെ മാത്രമല്ല, നാടിന്റെ തന്നെ ഉത്സവമായിരുന്നു. ഒരു വർഷത്തേക്ക് ആവശ്യമായതിലും കൂടുതൽ വിളവ് ഉണ്ടാകും. പച്ചക്കറികളും തൊടിയിൽ കൃഷിചെയ്ത് ഉണ്ടാക്കും. സവാള തുടങ്ങിയ അപൂർവ്വം ചില പച്ചക്കറികൾ മാത്രമാണ് കടയിൽ നിന്നും വാങ്ങിയിരുന്നത്. അച്ഛന്റെ സംശുദ്ധമായ രാഷ്ട്രീയ ജീവിതം എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അച്ഛന്റെ പാത പിന്തുടർന്നാണ് ഞാനും രാഷ്ട്രീയത്തിലെത്തിയത്. പ്രീഡിഗ്രിക്ക് കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ ചേർന്നപ്പോൾ മുതലാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. ഐഎസ്ഒയിലൂടെയാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായത്.
അമ്മ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രചോദനമായിരുന്നു. അമ്മയായിരുന്നു കൃഷിപ്പണികൾക്ക് നേതൃത്വം നൽകിയത്. എന്നെ ഒരു കർഷകനാക്കിയതിൽ അമ്മയ്ക്ക് വളരെ വലിയ പങ്കുണ്ട്. അമ്മയുടെ നേതൃത്വത്തിലായിരുന്നു മൂന്നു വട്ടം കൃഷിയിറക്കിയിരുന്ന പാടത്ത് വിത്തുവിതയ്ക്കലും ഞാറ് നടീലും കൊയ്ത്തും നടന്നിരുന്നത്. പശുവിനെ വളർത്തുന്നതും കൃഷിയിറക്കുന്നതും അഭിമാനമാനമുള്ള ജോലിയാണെന്ന് ഞങ്ങളെ പഠിപ്പിച്ചത് അമ്മയാണ്. തലശ്ശേരിയിലാണ് അമ്മയുടെ വീട്. ഞാനും എന്റെ ഇളയ സഹോദരനും മാത്രമാണ് വീട്ടിൽ നിന്ന് പഠിച്ചത്. എന്റെ മുതിർന്നവരെല്ലാം അമ്മയുടെ വീട്ടിൽ നിന്നാണ് പഠിച്ചത്. അതുകൊണ്ട് തന്നെ അമ്മയോട് ഏറ്റവും അടുപ്പമുള്ള മകനായി ഞാൻ മാറി,
- പ്രവാസജീവിതത്തിന്റെ ചരിത്രം
1977ൽ അച്ഛൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്ന് സിപിഎമ്മുകാർ പ്രകോപിതരായിരുന്നു. ഒരു ദിവസം ജീപ്പിൽ വരികയായിരുന്ന എന്നെ പാറാട്ട് വച്ച് സിപിഎമ്മുകാർ വടിവാളുമായെത്തി തടഞ്ഞു. എന്നെ അവർ കൊന്നുകളയുമെന്ന് അച്ഛൻ ഭയന്നു. രണ്ട് ദിവസം കൊണ്ട് അച്ഛൻ എന്നെ പാസ്‌പോർട്ടും വിസയും സംഘടിപ്പിച്ച് ഖത്തറിലേക്ക് അയച്ചു. ഈ സമയത്ത് അച്ഛന്റെ സുവർണ്ണ ചിറ്റ് ഫണ്ട്‌സ് ആന്റ് ഫിനാൻസ് കമ്പനിയുടെ അസിസ്റ്റന്റ് മാനേജരായിരുന്നു ഞാൻ. പഠനം നിർത്തിയ ശേഷം അച്ഛന്റെ രപ്രസിൽ അച്ച് നിരത്തുന്ന ജോലിയാണ് ആദ്യംതുടങ്ങിയത്. ആദ്യ ശമ്പളം നൂറു രൂപ. ഖത്തറിൽ എത്തിയ ഞാൻ ജോലി തേടി അലഞ്ഞ് തിരിഞ്ഞു. ആദ്യം പ്രിന്റിങ് പ്രസിലാണ് ജോലി കിട്ടിയത്. പിന്നീട് ഗൾഫ് ടൈംസ് എന്ന പത്രത്തിൽ ഡിടിപി ഓപ്പറേറ്ററായി. തുടർന്ന് ഖത്തറിലെ ഒരു കളർലാബിൽ ജോലി കിട്ടി, അവിടെ വച്ചാണ് ക്യാമറ എന്റെ സന്തതസഹചാരിയായി മാറുന്നത്. അന്നും ഇന്നും ഒരു നല്ല ദൃശ്യം കണ്ടാൽ ഞാൻ ഫോട്ടോഗ്രാഫറായി മാറും. ഖത്തറിൽ നടന്ന ഒരു വ്യോമാഭ്യാസ പ്രകടനത്തിന്റെ പടമെടുത്തതിന് എനിക്ക് രണ്ട് ഗോൾഡ് കോയിൻ സമ്മാനമായി ലഭിച്ചിട്ടുണ്ട്. എവിടെ യാത്ര ചെയ്യുമ്പോഴും മികച്ച ചിത്രങ്ങൾ ക്യാമറയിലും ഫോണിലും പകർത്തുക എന്നത് ഇന്നുമെന്റെ സന്തോഷമാണ്. സ്വന്തമായി എടുത്ത അയ്യായിരത്തിലേറെ മികച്ച ചിത്രങ്ങൾ എന്റെ കയ്യിലുണ്ട്.
- ഓണക്കാലത്തെക്കുറിച്ചുള്ള ഓർമ്മകൾ
ഓണമെപ്പോഴും സമൃദ്ധിയുടെ ഓർമ്മകളാണ് കൊണ്ടുവരുന്നത്. പൂക്കളവും ഓണക്കോടിയും ഓണസദ്യയും ഓണത്തിന്റെ സന്തോഷങ്ങളായിരുന്നു. നിറഞ്ഞ കതിരുകൾ വിളഞ്ഞ് കിടക്കുന്ന പാടത്തൂടെ കൊമ്മ കഴുത്തിൽ തൂക്കി കോണകം ഉടുത്ത് പൂക്കൾ പറിക്കാൻ പോകും. ഞങ്ങളുടെ വീടിനടുത്തുള്ള പൈതൽ സ്വന്തമായി നെയ്‌തെടുക്കുന്ന പുടവയാണ് ഓണക്കോടി. കഴിഞ്ഞ നല്ലകാലങ്ങൾ ഒരിക്കലും തിരിച്ച് വരില്ലല്ലോ എന്ന വേദനയാണ് ഇപ്പോൾ തോന്നുന്നത്. അമ്മയാണ് ആദ്യം മരിച്ചത്. 1999 ഒക്‌ടോബർ 25ന്. 2001 ജനുവരി 17ന് അച്ഛനും മരിച്ചു. അതോടെ തിമിർത്തുല്ലസിച്ചിരുന്ന ഓണക്കാലങ്ങൾ ഓർമ്മകൾ മാത്രമായി. എങ്കിലും ഇന്നും കുട്ടികളോടൊപ്പം ഓണമാഘോഷിക്കാറുണ്ട്. എത്ര തിരക്കിനിടയിലും എല്ലാവരും ഒത്തുചേരുന്ന ഓണക്കാലങ്ങൾ ആഹ്ലാദത്തിന്റേതാണ്. ഹേമജയെഎന്റെ ഭാര്യയായി കണ്ടെത്തിയത് എന്റെ അമ്മയാണ്. ഞങ്ങൾ രണ്ട് പേരും ചോതി നക്ഷത്രക്കാരാണ്. എനിക്ക് മൂന്നു മക്കളാണ്, മൂത്തമകൻ റാമോഹൻ ബിടെക് കഴിഞ്ഞ് ദുബായിൽ എഞ്ചിനീയറാണ്. ഇരട്ട പെൺകുട്ടികളായ ചിന്നുവിന്റെയും മിന്നുവിന്റെയും വിവാഹം ഒക്‌ടോബർ ആറിനാണ്. കണ്ണൂരിലുള്ള എന്റെ വീട്ടിൽ വച്ച് നാടിന്റെ ഉത്സവം പോലെ ക്ലായണം നടത്തണമെന്നാണ് ആഗ്രഹം. ഞങ്ങളുടെ നാട്ടിൽ എല്ലാ ജനങ്ങളും തമ്മിൽ ഒരു കുടുംബം പോലുള്ള അടുപ്പമുണ്ട്. അച്ഛന്റെ കാലത്ത് അച്ഛൻ തുടങ്ങിവച്ച ബന്ധങ്ങൾ ഞങ്ങൾ ഇന്നും അതുപോലെ തുടരുന്നു.
- ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും
സുഹൃത്തുക്കളെ വളരെ ഇഷ്ടമാണ് എനിക്ക്. പേരെടുത്ത് പറയാൻ കഴിയാത്തത്രയും സുഹൃത്തുക്കൾ എനിക്കുണ്ട്. ജീവിതത്തിൽ എല്ലാ കാര്യത്തിലും അടുക്കും ചിട്ടയും വേണമെന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ. കളരിയും വ്യായാമവും ആഹാരനിയന്ത്രണവും കർശനമായി പാലിക്കും. കൃത്രിമ ഭക്ഷണത്തോടും ജീവിതരീതിയോടും താത്പര്യമില്ല. എണ്ണ തേച്ച് കുളിക്കും. സ്വന്തം പറമ്പിലുണ്ടായ വിഷവിമുക്തമായ പച്ചക്കറികളാണ് ഇഷ്ടം. വാഹനങ്ങൾ എ#്ന്നുമെന്റെ ഹരമാണ്. ഏഴിൽ പഠിക്കുമ്പോഴാണ് ആദ്യമായി സ്‌കൂൾ മൈതാനത്ത് നിർത്തിയിട്ടിരുന്ന ആരുടേയോ അംബാസിഡർ കാർ മൈതാനത്തിലൂടെ ഓടിച്ചത്. അന്ന് ഹെഡ്മാസ്റ്റർ നാരായണൻ മാസ്റ്ററുടെ അടികിട്ടി. വണ്ടിയോടി#്ക്കാൻ ലൈസനൻസ് ആവശ്യമാണെന്ന് അന്നാണ് അറിഞ്ഞത്. ഇന്നും ഏത് വണ്ടി കണ്ടാലും എനിക്കൊന്ന് ഓടിച്ച് നോക്കാൻ തോന്നും. ബാസ്‌ക്കറ്റ് ബോളും ടെന്നീസും ഫുട്‌ബോളും വോളീബോളും ബാഡ്മിന്റണും ഇന്നും കളിക്കാറുണ്ട്. കഴിഞ്ഞ 44 വർഷമായി ശബരിമല ദർശനം മുടക്കാറില്ല. വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയെങ്കിലും ഹിന്ദി ഇംഗ്ലീഷ്, കന്നഡ, തമിഴ്, അറബിക് ഭാഷകൾ എഴുതാനും വായിക്കാനും അറിയാം.
- പഴയകാലത്തിന്റെ നന്മകളിലേക്ക് തിരിച്ച് പോകാം
ഇന്നത്തെ നാടിനെക്കുറിച്ചോർക്കുമ്പോൾ കുഞ്ഞുണ്ണി മാഷിന്റെ കവിതയാണ് എനിക്കോർമ്മ വരുന്നത്.
അരി തഞ്ചാവൂര് നിന്നും
പാല് പൊള്ളാച്ചിയിൽ നിന്നും
പച്ചക്കറി പോതന്നൂരിൽ നിന്നും
കാശ് വിദേശത്ത് നിന്നും
പിന്നെ്തിന് നമുക്ക് കന്നും കൃഷിയും
നമുക്ക് തിന്നുമുടിക്കാം....
ആളുകളുടെ ജീവിതരീതിയും ശൈലിയും വളരെയേറെ മാറിയിരിക്കുന്നു. എങ്കിലും കഴിഞ്ഞ കാലത്തിലെ നന്മകൾ ഉൾക്കൊണ്ട് ജീവിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. സംയോജിത കൃഷിയിലേക്കും ജൈവകൃഷിയിലേക്കും നാം തിരിച്ച് പോകണം. 2016 ആകുമ്പോഴേക്കും സമ്പൂർണ്ണ ജൈവകൃഷി എന്ന ആശയം നടപ്പിലാക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. കാസർകോഡ് ഇത് ആരംഭിച്ച് കഴിഞ്ഞു. വിഷലിപ്തമായ ആഹാരം കഴിച്ച് മലയാളികൾ രോഗികളായി മാറിക്കൊണ്ടിരിക്കുകയാണ. എല്ലാ ആഴ്ചയിലും ഏറ്റവും ചുരുങ്ങിയത് മൂന്നു പേരെങ്കിലും എന്റെ നാട്ടിൽ നിന്ന് ക്യാൻസർ ചികിത്സയ്ക്കായി തിരുവനന്തപുരത്തെത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം സ്ഥിതി പരിഗണിച്ചാൽ വലിയൊരു വിഭാഗം ജനങ്ങൾ മാരകരോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്നുണ്ട്. ഇപ്പോൾ സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ 75ശതമാനം പച്ചക്കറികൾ കേരളത്തിൽ ഉത്പാദിപ്പിക്കാൻ കഴിയുന്നുണ്ട്#. ശാന്തിഗിരിയിൽ ഏറ്റവും വലിയ പച്ചക്കറി ഉത്പാദന കേന്ദ്രം ആരംഭിച്ച് കഴിഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനത്തിലൂടെ നഗരത്തിലെ ആളുകളെപ്പോലും കൃഷിയിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് മട്ടുപ്പാവ് കൃഷിയും സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്ന കൃഷിയും വലിയ വിജയമാണ്. കഴിഞ്ഞ വർഷം വിദ്യാലയങ്ങളിലൂടെ 54 ലക്ഷം കുട്ടികൾക്ക് പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു, പിന്നീട് വിദ്യാർത്ഥികൾ അത് എന്ത് ചെയ്തു എന്നേനേ്വഷിച്ചപ്പോൾ 40 ലക്ഷം പേരും കൃഷി ചെയ്തതായി അറിഞ്ഞു, കോളനികൾ കേന്ദ്രീകരിച്ചും പച്ചക്കറി കൃഷി നടത്തിവരുന്നു.
നല്ലൊരു ഭരണാധികാരി എന്ന നിലയിൽ സ്വന്തം വകുപ്പ് എന്താണെന്ന് മനസ്സിലാക്കി ജനങ്ങളോടുള്ള പ്രതിബദ്ധത തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണെങ്കിൽ വലിയ വിജയം നേടാൻ ആകും എന്നാണ് എന്റെ അനുഭവം. കൃഷി വകുപ്പിനെ സംബന്ധിച്ചിടത്തോളം വനംവകുപ്പും മുഖ്യമന്ത്രിയും താങ്ങും തണലുമായി നില്ക്കുന്നതുകൊണ്ടും ധാരാളം കേന്ദ്രഫണ്ട് ലഭിക്കുന്നത് കൊണ്ടും മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുന്നുണ്ട്. മികച്ച രീതിയിലുള്ള ആസൂത്രണത്തിലൂടെ പരമാവധി ഫണ്ടുകൾ വിനിയോഗിച്ച് പൊതുജനങ്ങൾക്ക് നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് അത് നടപ്പാക്കുന്നതും. ജൈവകൃഷിയിറക്കാൻ തയ്യാറുള്ള കർഷകർക്ക് സർക്കാർ എല്ലാവിധ സഹായസഹകരണങ്ങളും നൽകാൻ തയ്യാറാണ്. അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സർക്കാർ പണം നൽകും. അവർക്കിഷ്ടമുള്ള രീതിയിൽ ജൈവകൃഷിനടത്താം. രണ്ട് പശുവിനെ വളർത്തുകയാണെങ്കിൽ പത്തേക്കറിൽ കൃഷിചെയ്യാനുള്ള വളം ലഭിക്കും. പാലും ലഭിക്കും.
മഹാബലിയുടെ കാലത്തെപോലെ കള്ളവും ചതിയുമില്ലാത്ത സമൃദ്ധിയുള്ള ഒരു ഓണം എല്ലാവർക്കും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. വേദനകളില്ലാത്ത, അല്ലലുകളില്ലാത്ത ഓണവും പിന്നീടുള്ള നാളുകളും എല്ലാവർക്കും ഉണ്ടാകട്ടെ. സന്തോഷവും സമൃദ്ധിയുമുള്ള ഒരു ജീവിതം എല്ലാവർക്കും ആശംസിക്കുന്നു.