കോഴിക്കോട്:അഷ്ടമി രോഹിണി ദിനത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ദർശനം നടത്തുകയും വഴിപാട് കഴിപ്പിക്കുകയും ചെയ്തത് വിവാദമായതോടെ സി.പി.എം വിഷമവൃത്തത്തിൽ. പാർട്ടിയിലെ യുവാക്കളും സൈബർ രംഗത്തെ ഇടത് അനുഭാവികളും ഒന്നടങ്കം കടകംപള്ളിയെ വിമർശിക്കുമ്പോളും ഇപ്പോൾ ഈ പ്രശ്‌നം പരസ്യവിവാദമാക്കേണ്ടെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവരുടെ നിലപാട്.

അതേസമയം മന്ത്രിയുടെ നടപടിയിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾവരെ അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കയാണ്. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രശ്‌നം ചർച്ചചെയ്യുമെന്നാണ് അറിയുന്നത്. ഒപ്പം മന്ത്രിക്ക് രഹസ്യ ശാസന നൽകി പ്രശ്‌നം അവസാനിപ്പിക്കാനാണ് സി.പി.എം നീക്കം.

ദേവസ്വം മന്ത്രിയെന്ന നിലയിലുള്ള തന്റെ കടമ നിറവേറ്റുക മാത്രമാണ് താൻ ചെയ്തതെന്നും വീട്ടുകാർ വിശ്വാസികളായതുകൊണ്ടാണ് വഴിപാട് കഴിപ്പിച്ചതെന്നും മറ്റുമുള്ള മന്ത്രിയുടെ വിശദീകരണം ആർക്കും ബോധിച്ചിട്ടില്ല. മുൻദേവസ്വം മന്ത്രി ജി.സുധാകരനൊക്കെ കാട്ടിയ മാതൃക കടകംപള്ളി മറന്നോവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നു ചോദ്യം. തൊഴുത് പ്രസാദം വാങ്ങി വഴിപാട് കഴിക്കാതെയും മന്ത്രിയെന്ന കടമ നിറവേറ്റിയ സുധാകരന്റെ മാതൃകയാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

നിലവിൽ ദൈവവിശ്വാസം പാടില്‌ളെന്ന് സിപിഎമ്മിന്റെ ഭരണഘടനയിൽ പറയുന്നില്ല.ദൈവവിശ്വാസം ഉള്ളവർക്കും ഇല്ലാത്തവർക്കും പാർട്ടിയിൽ അംഗമാകാം. എന്നാൽ മുതിർന്ന നേതാവും സംസ്ഥാനകമ്മറ്റി അംഗവുമായ കടകംപള്ളി ഭൗതികവാദമെന്ന മാർകിസത്തിന്റെ അടിസ്ഥാന പ്രമാണത്തെ ലംഘിക്കുന്ന രീതിയിൽ പ്രവർത്തിച്ചതിന് തൃപ്തികരമായ മറുപടി പാർട്ടിക്ക് നൽകാനാവുന്നില്ല.ദൈവനാമത്തിൽ സത്യപ്രതിഞ്ജ ചെയ്യാതെ ദൃഢപ്രതിഞ്ജ ചെയ്ത ഒരു മന്ത്രി പെട്ടന്ന് എങ്ങനെയാണ് മാറിയതെന്നതിനും ഉത്തരമില്ല.

വിശ്വവാസങ്ങൾക്കല്ല, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ചൂഷണത്തിനും എതിരാണ് തങ്ങളെന്നാണ് ഇ.എം.എസ് അടക്കമുള്ള സി.പി.എം നേതാക്കൾ പലതവണ വ്യക്തമാക്കിയത്. പക്ഷേ വിശ്വാസം ഒളിപ്പിച്ചുവെക്കുന്ന നേതാക്കൾക്കെതിരെ പാർട്ടിക്കകത്ത് പല തവണ വിമർശനം ഉണ്ടായിരുന്നു. കൊട്ടാരക്കര എംഎ‍ൽഎയായിരുന്ന ഐഷാപോറ്റി തന്റെ ദൈവ വിശ്വാസം പാർട്ടിക്കുമുന്നിൽ മറച്ചുവെച്ചത് തെറ്റായിപോയെന്ന്, പിണറായി വിജയൻ സെക്രട്ടറിയായിരിക്കെ ഒരു റിപ്പോർട്ടിൽ വിമർശിച്ചിരുന്നു.അതേ പ്രശ്‌നം തന്നെയാണ് ഇപ്പോഴു കടകംപള്ളിക്കെതിരെയും ഉയരുന്നത്.

തൊഴുത് മടങ്ങിയതിനുശേഷം വൈകീട്ട് ഗുരുവായൂരിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ മന്ത്രി തനിക്കുണ്ടായ നവ്യാനുഭവത്തെ കുറിച്ച് വാചാലനാവുകയും ചെയ്തിരുന്നു.'എന്റെ പൊതുജീവിതത്തിലെ ഏറ്റവും മനോഹരവും ധന്യവുമായ നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്നുപോവുന്നത്' എന്ന് പറഞ്ഞാണ് അദ്ദേഹം ഗുരുവായൂർ അനുഭവം വർണ്ണിച്ചത്.

അതായത് യാദൃഛികമായല്ല താൻ തികച്ചും ആലോചിച്ച് ഉറപ്പിച്ച തീരുമാനം തന്നെയാണ് ഇതെന്ന് വ്യക്തമാക്കുന്നതായിരുന്നു മന്ത്രിയുടെ വാക്കുകൾ. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ മലക്കംമറിയുകയെന്നത് കടകംപള്ളിയെ സംബദ്ധിച്ചും ദുഷ്‌ക്കരമായിരക്കും.