ന്യൂഡൽഹി: വ്യത്തിയാക്കാൻ വന്നോ, വൃത്തികേടാക്കാൻ വന്നോ? സ്വച്ഛതാ ഹി സേവാ യജഞത്തിന്റെ ഭാഗമായി കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം ഇന്ന് ഇന്ത്യാഗേറ്റ് പരിസരത്ത് എത്തിയപ്പോൾ ഡൽഹി നിവാസികൾ അറിയാതെ ചോദിച്ചുപോയി. മന്ത്രി വന്നപ്പോൾ പരിസരമാകെ ക്ലീൻ.

അതിലൊന്നും കാര്യമില്ല. പരിഹാരവുമുണ്ട്. വോളണ്ടിയർമാരായ കോളജ് കുട്ടികൾ ചേർന്ന് തിടുക്കത്തിൽ കുറച്ച് മാലിന്യങ്ങൾ എത്തിച്ചു വിതറി.തുടർന്ന് അവയെല്ലാം സ്വയം പെറുക്കിയെടുത്ത് കണ്ണന്താനം സ്വഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായി.
പ്രധാനമന്ത്രി ആഹ്വാനം ചെയ്ത് സ്വഛതാ ഹി സേവ കാമ്പയിന്റെ ഭാഗമായാണ് അൽഫോൻസ് കണ്ണന്താനം ഇന്ത്യാഗേറ്റ് വൃത്തിയാക്കാൻ ഞായറാഴ്ച എത്തിയത്.

വോളണ്ടിയർമാർ ശേഖരിച്ച് എത്തിച്ച കുപ്പികളും പാന്മസാല പാക്കറ്റുകളും പെറുക്കി കാമറയ്ക്കു മുന്നിൽ ശുചിത്വ സന്ദേശം നൽകിയാണ് അദ്ദേഹം മടങ്ങിയത്.പുതുതായി നിയമിതനായ മന്ത്രിയെ ഇന്ത്യാഗേറ്റിലുണ്ടായിരുന്ന ജനങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാനും സാധിച്ചില്ല. എങ്കിലും സമീപത്തെ തട്ടുകടക്കാരോടും മറ്റും പ്രദേശം വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കണ്ണന്താനം ഓർമ്മിപ്പിച്ചു.

ടൂറിസം മന്ത്രാലയം പ്രമുഖരെ ഉപയോഗിച്ചുള്ള 14 ദിവസത്തെ വൃത്തിയാക്കൽ യജ്ഞത്തിനായി തിരഞ്ഞെടുത്ത 15 ടൂറിസ്റ്റ് പ്രദേശങ്ങളിൽ ഒന്നാണ് ഇന്ത്യാഗേറ്റ്. ഇന്ത്യാഗേറ്റ് വൃത്തിയാക്കാനാണ് ഞങ്ങളിന്ന് ഇവിടെയെത്തിയത്. രാജ്യത്തുടനീളം ശുചിത്വ യജ്ഞം നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് യജഞം കൊണ്ടുദ്ദേശിക്കുന്നത്. സർക്കാർ ജീവനക്കാർ മാത്രമല്ല എല്ലാവരും ഇതിൽ പങ്കാളികളാവണം'.
'വർഷത്തിലൊരിക്കൽ കാമറയ്ക്കു മുമ്പിൽ മാത്രമല്ല വർഷത്തിലെല്ലാ ദിവസവും വൃത്തിയാക്കൽ പ്രക്രിയ തുടർന്നു കൊണ്ടു പോവണം', കണ്ണന്താനം പറഞ്ഞു.