- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരായാലും ചട്ടവും നിയമവും അനുസരിച്ചേ പോകാനാവൂ; സ്വാഭാവിക നടപടി ഉണ്ടായിട്ടുണ്ടാകും; ബോർഡ് യോഗത്തിലേക്ക് തള്ളിക്കയറിയതിൽ മെമ്പേഴ്സിനും പരാതി ഉണ്ടായിരുന്നു; കെഎസ്ഇബി സമരത്തിന് എതിരായ ഡയസ്നോൺ പിൻവലിക്കുന്നത് പരിഗണിക്കും; എം ജി സുരേഷ് കുമാറിന്റെ സസ്പെൻഷൻ ശരിവെച്ച് മന്ത്രി കൃഷ്ണൻകുട്ടിയും
തിരുവനന്തപുരം: കെഎസ്ഇബിയിലെ ഇടത് സംഘടനാ നേതാവിന് സസ്‌പെൻഷൻ ശരിവെച്ച് വകുപ്പ് മന്ത്രി കൃഷ്ണൻ കുട്ടിയും. ആരായാലും ചട്ടവും നിയമവും അനുസരിച്ചേ മുന്നോട്ട്ു പോകാൻ സാധിക്കൂ. പ്രതിഷേധങ്ങളുടെ പേരിൽ സ്വാഭാവിക നടപടി ഉണ്ടായിട്ടുണ്ടാകുമെന്നും കൃഷ്ണൻ കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. സസ്‌പെൻഷനെ കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സസ്‌പെൻഷൻ നടപടിയിൽ അന്വേഷണത്തിന് ശേഷം ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെഎസ്ഇബി ജീവനക്കാരുടെ സമരത്തിന് എതിരെ ഡയസ്‌നോൺ ഏർപ്പെടുത്തിയ നടപടി പരിശോധിക്കും. ഇന്നലത്തെ സമരത്തിൽ കെഎസ്ഇബി ഡയറക്ടർ ബോർഡ് യോഗത്തിലേക്ക് പ്രതിഷേധക്കാരായ ജീവനക്കാർ തള്ളിക്കയറിയിരുന്നു. ഇതിൽ ബോർഡ് മെമ്പർമാരിൽ ചിലർക്കും പരാതി ഉണ്ടായിരുന്നതായി മന്ത്രി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനതിൽ ഉണ്ടായ സ്വാഭാവിക നടപടിയാണ് സസ്‌പെൻഷൻ എന്ന വ്യാഖ്യാനമാണ് കൃഷ്ണൻകുട്ടിയും വ്യക്തമാക്കുന്നത്. അതേസമയം ജീവനക്കാരുടെ സമരം പരിഹരിക്കാനുള്ള ഇടപെടൽ ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്കുന്നു.
സിപിഎം അനുകൂല സംഘടനയായ കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റാണ് സസ്‌പെൻഷനിലായി എം ജി സുരേഷ് കുമാർ. സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും കെഎസ് ഇബി ചെയർമാൻ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് സസ്‌പെൻഷൻ. നേരത്തെ എംഎം മണിയുടേയും എകെ ബാലന്റെയും സ്റ്റാഫ് അംഗമായിരുന്നു സുരേഷ് കുമാർ.
എക്സിക്യൂട്ടീവ് എൻജിനിയറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഡയസ്നോൺ ഉത്തരവ് തള്ളി കഴിഞ്ഞ ദിവസം ബോർഡ് അസ്ഥാനത്ത് ചെയർമാനെതിരേ നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് സുരേഷ് കുമാറിനെതിരേ നടപടിയെടുത്തത്. ഇന്നലെ സമരക്കാർ കെഎസ്ഇബി ബോർഡ് യോഗത്തിലേക്കും തള്ളിക്കയറി പ്രതിഷേധിച്ചിരുന്നു. സർവീസ് ചട്ടം ലംഘിച്ച് സുരേഷ് കുമാർ സമരം നടത്തിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.
അതേസമയം, നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമരം ചെയ്തതിന് ബോർഡ് ചെയർമാൻ പ്രതികാരം ചെയ്യുകയാണെന്നും സുരേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ചെയർമാന്റെ ഏകപക്ഷീയ നടപടി അംഗീകരിക്കില്ല. തുടർ നടപടി സംഘടനയോട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ സസ്പെൻഡ് ചെയ്ത മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് ഓഫീസേഴ്സ് അസോസിയേഷൻ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ കെഎസ്ഇബി ഓഫീസുകളിലും പ്രതിഷേധവും നടന്നു.
കെഎസ്ഇബി ചെയർമാനും വൈദ്യുതി ബോർഡിലെ സിപിഎം അനുകൂല ഓഫീസേഴ്‌സ് സംഘടനയും വീണ്ടും നേർക്കുനേർ പോരിനിറങ്ങുകയാണ്. ഡയസ്‌നോൺ ഉത്തരവ് തള്ളി വൈദ്യുതി ബോർഡ് ആസ്ഥാനത്ത് ഇന്നലെ സിപിഎം അനുകൂല ഓഫീസേഴ്‌സ് സംഘടന അർദ്ധദിന സത്യഗ്രഹം നടത്തിയിരുന്നു. സംഘടനയുടെ സംസ്ഥാന ഭാരവാഹിയും എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായ ജാസ്മിൻബാനുവിന്റെ സസ്‌പെൻഷനാണ് പുതിയ പോരിന് വഴിവച്ചിരിക്കുന്നത്. അനുമതിയില്ലാതെ അവധിയെടുത്തുവെന്നും ചുമതല കൈമാറുന്നതിൽ വീഴ്ച വരുത്തിയെന്നും ആഭ്യന്തര പരിശോധനയിൽ കണ്ടെത്തിയതിന്റെ പേരിലായിരുന്നു സസ്‌പെൻഷൻ.
എന്നാൽ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ വാക്കാലുള്ള അനുമതി ലഭിച്ച ശേഷമാണ് ജാസമിൻ അവധിയിൽ പോയതെന്ന് ചീഫ് എഞ്ചിനീയർ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ഓഫീസേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കുന്നു. സസ്‌പെൻഷൻ പിൻവിലക്കാൻ നിവേദനം നൽകിയ ജീവനക്കാരിയെ ചെയർമാൻ പരിഹസിച്ചുവെന്നും സംഘടന കുറ്റപ്പെടുത്തുന്നു. ഈ സമരമാണ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന്റെ സസ്‌പെൻഷനിലേക്ക് വഴിവെച്ചത്.
മറുനാടന് മലയാളി ബ്യൂറോ