മുംബൈ: അധോലോക നായകനും പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ മരുമകളുടെ വിവാഹത്തിനെത്തിയത് മന്ത്രിയും എംഎ‍ൽഎമാരും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള പ്രമുഖർ.

ബിജെപി നേതാവും മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയുമായ ഗരീഷ് മഹാജൻ, ബിജെപി എം.ൽ.എമാരായ ദേവ്യാനി ഫരണ്ടെ, ബാലാസാഹേബ് സനപ്, സീമ ഹിരയ് എന്നിവർക്കൊപ്പം നാഷിക് മേയർ രഞ്ജന ഭനസി, ഡെപ്യൂട്ടി മേയർ പ്രതാമേഷ് ഗിറ്റെ എന്നിവരും മറ്റ് മുൻസിപ്പൽ കൗൺസിലർമാരുമാണ് മെയ് 19ന് നടന്ന ദാവൂദിന്റെ മരുമകളുടെ വിവാഹ വിരുന്നിനെത്തിയത്.

അസിസ്റ്റൻഡ് കമ്മീഷണറും സർക്കിൾ ഇൻസ്പെക്ടർമാരുമടക്കം പത്തിലധികം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും വിവാഹത്തിനെത്തിയിരുന്നു. വിവാഹത്തിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നാഷിക് പൊലീസ് കമ്മീഷണർ രവീന്ദ്ര സിംഗാൾ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ സിംഗാളിനോട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും നിർദ്ദേശം നൽകിയിട്ടുണ്ട്. വിവാഹം ദാവൂദിന്റെ ഭാര്യയുടെ ബന്ധുവിന്റെതു തന്നെയാണെന്ന് സ്ഥിരീകരിച്ചതായി കമ്മീഷണർ സിംഗാൾ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, വിവാഹത്തിൽ പങ്കെടുത്തതായും എന്നാൽ ആ കുടുംബത്തിന് ദാവൂദിനുമായുള്ള ബന്ധം അറിയില്ലായിരുന്നെന്നും മന്ത്രി ഗിരീഷ് മഹാജൻ പ്രതികരിച്ചു. പ്രാദേശിക മുസ്ലിം മതപുരോഹിതനായ ശാഹറിന്റെ ക്ഷണപ്രകാരമാണ് വിവാഹത്തിനെത്തിയതെന്നും അദ്ദേഹം പ്രദേശത്തെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ സന്നദ്ധപ്രവർത്തകനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ദാവൂദിന്റെ കുടുംബത്തിലെ വിവാഹത്തിൽ ബിജെപി നേതാക്കളും എംഎ‍ൽഎമാരും പങ്കെടുത്തത് വിവാദമായിട്ടുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വിശ്വസ്തനായ മന്ത്രി ഗിരീഷ് മഹാജൻ വിവാഹത്തിൽ പങ്കെടുത്തത് സർക്കാരിന് തലവേദനയായിരിക്കുകയാണ്.