തൃശൂർ: കരുവന്നൂർ സഹകരണബാങ്കിലെ നിക്ഷേപകന്റെ ഭാര്യ മരിച്ച സംഭവം രാഷ്ട്രീയ പാർട്ടികൾ മുതലെടുക്കുകയാണെന്ന് മന്ത്രി ആർ ബിന്ദു. നിക്ഷേപകന്റെ കുടുംബത്തിന് ആവശ്യമായ തുക സഹകരണബാങ്ക് നൽകിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നിൽ രാഷ്ട്രീയമാണെന്നും ആർ ബിന്ദു തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈരോഗിക്ക് ഉൾപ്പടെ അടുത്തകാലത്തായി അത്യാവശ്യം പണം നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജിലായിരുന്നു അവർ ചികിത്സയിലുള്ളത്. അവിടെ ആധുനികമായ എല്ലാ സംവിധാനങ്ങളും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. മൃതദേഹവുമായി അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അത് ചെയ്യാൻ അവരെ പ്രേരിപ്പിച്ച രാഷ്ട്രീയകക്ഷികൾ വളരെ മോശമായിട്ടുള്ള പ്രവർത്തനമാണ് നടത്തിയത്.

ജനങ്ങളുടെ മുന്നിൽ ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടി ഒരു മൃതദേഹത്തെ പാതയോരത്ത് പ്രദർശനമാക്കി വച്ചത് തീർത്തും അപലപനീയമാണ്. അവർക്ക് എത്ര നിക്ഷേപമുണ്ടെന്നതിന്റെ കൃത്യമായ കണക്ക് ബാങ്കിന്റെ കൈവശമുണ്ട്. ഇപ്പോൾ ബാങ്കിന്റെ പരിതസ്ഥിതിക്കനുസരിച്ചുള്ള തുക അവർക്ക് ലഭ്യമാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു

മരണം നടന്നതിൽ എല്ലാവർക്കും വേദനയുണ്ട്. എന്നാൽ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കം ശരിയല്ല. ഉത്തരവാദിത്വപ്പെട്ട സർക്കാരാണ് ഇന്ന് അധികാരത്തിലിരിക്കുന്നത്. അതുകൊണ്ടുതന്നെ ബാങ്കിൽ നിക്ഷേപിച്ചവരോട് പറയാനുള്ളത് നിങ്ങൾ വേവലാതിപ്പെടരുത് എന്നാണ്. നിങ്ങൾ നിക്ഷേപിച്ച പണം തിരികെ ലഭിക്കാൻ പരമാവധി പരിശ്രമിക്കും. സഹകരണവകുപ്പ് ഇക്കാര്യത്തിൽ നല്ല ഇടപെടലുകൾ നടത്തിയിരുന്നു. ഇതിനിടെ കൺസോർഷ്യം രൂപീകരിച്ചാൽ വലിയ പരിഹാരമാകുമായിരുന്നു. ഇരിങ്ങാലക്കുടയിൽ നിന്ന് രാഷ്ട്രീയലക്ഷ്യമുള്ളയാളുകളാണ് ആർബിഐക്ക് പരാതി അയച്ച് പ്രശ്നങ്ങളുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു.

അതേസമയം മന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്ന് കുടുംബം പ്രതികരിച്ചു. ആരും പണം നൽകിയിട്ടില്ലെന്നും ഫിലോമിനിയുടെ കുടുംബം പ്രതികരിച്ചു. അതേസമയം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നിക്ഷേപക മരിച്ച സംഭവം അന്വേഷിക്കുമെന്ന് സഹകരണമന്ത്രി വിഎൻ വാസവൻ പ്രതികരിച്ചു. കരുവന്നൂർ സഹകരണബാങ്കിലെ നിക്ഷേപം മടക്കി നൽകാൻ പ്രത്യേക പാക്കേജ് ഉണ്ടാക്കിയിരുന്നു. അതുപ്രകാരം നാലരക്ഷം രൂപ നിക്ഷേപകർക്ക് തിരിച്ചുനൽകിയിരുന്നതായും മന്ത്രി പറഞ്ഞു.

ബാക്കിയുള്ളവരുടെതിന് കേരള ബാങ്കിൽ നിന്ന് സെപ്ഷ്യൽ ഒഡി കൊടുക്കാൻ തീരുമാനമായിട്ടുണ്ട്. അതോടൊപ്പം അവർക്ക് നിക്ഷേപക ഗ്യാരന്റി സ്‌കീമിൽനിന്നും റിസ്‌ക് ഫണ്ടിൽ നിന്നും സഹായം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നിക്ഷേപം സുരക്ഷിതമാക്കാൻ നിക്ഷേപ ഗ്യാരണ്ടി ബോർഡ് പുനഃസംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം നിക്ഷേപകന്റെ ഭാര്യ മരിച്ച സംഭവത്തിൽ കുടുംബത്തിന് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നൽകാമെന്ന് കരുവന്നൂർ ബാങ്ക് അധികൃതർ അറിയിച്ചു. ആർഡിഒയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ബാങ്കിലെ നിക്ഷേപകൻ മാപ്രാണം സ്വദേശി ദേവസിയുടെ ഭാര്യ ഫിലോമിന ഇന്ന് രാവിലെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. സർക്കാർ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ ഇട്ടിരുന്നത്.

മുപ്പത് ലക്ഷം രൂപ ബാങ്കിൽ നിക്ഷേപമുണ്ടായിട്ടും പണം നൽകിയില്ലെന്നായിരുന്നു നിക്ഷേപകൻ ദേവസിയുടെ പരാതി. ഫിലോമിനയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിലും ദേശീയ പാതയിലും സമരം നടത്തിയതിന് പിന്നാലെയാണ് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ നൽകുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചത്. ബാക്കി തുക എത്രയും പെട്ടെന്ന് നൽകാൻ നടപടി സ്വീകരിക്കുമെന്നും ആർഡിഒ ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിച്ചു.