ലക്‌നൗ:സമയം വൈകിയപ്പോൾ പോകാൻ എളുപ്പവഴി നോക്കിയ മന്ത്രി നശിപ്പിച്ചത് ഒരു കർഷകന്റെ സ്വപ്നം. ഉത്തർപ്രദേശിലെ പിന്നോക്ക ഗ്രാമമായ ബുണ്ഡൻഗഡിലാണ് സംഭവം.ഗോശാലയുടെ ഉദ്ഘാടം നിർവഹിച്ച് മടങ്ങും വഴിയാണ് ജയിൽ മന്ത്രി ജയ്കുമാർ സിങ്ങും പരിവാരങ്ങളും കൃഷിയിടം റോഡാക്കിയത്.

വായ്പയെടുത്ത് നടത്തിയ കടുക് കൃഷിയാണ് മന്ത്രിയുടെ വാഹനം കയറിയിറങ്ങി നശിച്ചതെന്ന് കർഷകനായ ദേവേന്ദ്ര ദോറെ ആരോപിച്ചു. കൃഷിയിടത്തിലൂടെ വാഹനങ്ങൾ പായുന്നത് കണ്ട് ദോറെ തടഞ്ഞെങ്കിലും അപ്പോഴേക്കുംഎല്ലാം നശിച്ചു. ദോറെ വാഹനം തടഞ്ഞതിന് തുടർന്ന് മന്ത്രി വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. തന്റെ കൃഷി നശിച്ചെന്ന ദോറെയുടെ പരാതിയെ തുടർന്ന് 4000 രൂപ നഷ്ടപരിഹാരം നൽകി രക്ഷപെട്ടു. മന്ത്രി നൽകിയ പണം തന്റെ നഷ്ടം നികത്തില്ലെന്ന് ദോറെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കർഷകന് മതിയായ നഷ്ടപരിഹാരം നൽകിയെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.