- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടില്ല; റിപ്പോർട്ട് പുറത്തുവിടേണ്ടെന്ന് ഹേമ തന്ന പറഞ്ഞിട്ടുണ്ട്; അത് ആവശ്യപ്പെടുന്നവർക്ക് മറ്റ് ഉദ്ദേശ്യം; വനിതകളുടെ സുരക്ഷിതത്വ ബോധം ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്; ഡബ്ല്യുസിസിക്കെതിരെ മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഒരുക്കമല്ലെന്ന് ഉറപ്പിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്ന് അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഹേമ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന നമ്മുടെ സഹോദരിമാർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് വേണ്ടത്. കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടാൽ പുറത്തുവിടണമെന്ന് പറയുന്നവർക്ക് എന്തെങ്കിലും ഗുണമുണ്ടാവുമോ അതൊക്കെ വേറെ കാര്യങ്ങൾ ഉദ്ദേശിച്ച് പറയുന്നതാണ്. അതൊന്നുമല്ല നമ്മുടെ മുന്നിലുള്ള വിഷയം. ഗവൺമെന്റ് വെച്ച റിപ്പോർട്ട് പുറത്തുവിടണോ വേണ്ടയോ എന്ന് ഗവൺമെന്റ് തീരുമാനിക്കും. ആ റിപ്പോർട്ടിന്റെ ഉള്ളടക്കത്തെ സർക്കാർ അംഗീകരിച്ചു. അതാണ് പ്രധാനം, അല്ലാതെ റിപ്പോർട്ട് തള്ളിക്കളയുകയല്ല,. സജി ചെറിയാൻ പറഞ്ഞു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് പരിഹാരം കാണാനുള്ള, ഇടപെടാനുള്ള ശക്തമായ നിയമം നമ്മുടെ രാജ്യത്തുണ്ട്. ആ നിയമം നിലനിൽക്കേ തന്നെയാണ് സിനിമാരംഗത്തുനിന്നും ഒന്നുനിപിറകേ ഒന്നായി പരാതികൾ വന്നുകൊണ്ടിരിക്കുന്നത്. അത് തീർച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. വനിതകളുടെ സുരക്ഷിതത്വബോധം ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങൾ വന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് ശരിയാണ്. അതുകൊണ്ട് നിലവിൽ ഒരു നിയമം ഉണ്ടെങ്കിലും കുറച്ചുകൂടി ശക്തമായ നിയമം ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സിനിമാരംഗത്ത് സാങ്കേതികമായ കാര്യങ്ങളിലുൾപ്പെടെ ഒരു വ്യവസ്ഥയുണ്ടാകണം. അതിനാണ് സർക്കാർ ശ്രമിക്കുന്നത്. എല്ലാവരുമായും ചർച്ചചെയ്യേണ്ടിവരും. ഇപ്പോൾ വിളിച്ചവരേക്കൂടാതെ കൂടുതൽ പേരുമായി ചർച്ച നടത്തണം. അതിനുശേഷം എല്ലാവരേയും ഉൾക്കൊള്ളിച്ചുകൊണ്ട് ആർക്കും പരാതിയില്ലാത്ത തരത്തിൽ കാര്യങ്ങൾ തീരുമാനിക്കാമെന്നാണ് കരുതുന്നത്. ഏറ്റവും വേഗം ഇത് നടപ്പിലാക്കുമെന്നും മന്ത്രി പ്രതികരിച്ചു.
നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാത്തതിൽ സംസ്ഥാന സർക്കാരിനെ ദേശീയ വനിതാ കമ്മീഷൻ വിമർശിച്ചിരുന്നു. റിപ്പോർട്ട് പുറത്ത് വിടണമെന്ന് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടും സർക്കാർ തയ്യാറായില്ല. ഇക്കാര്യത്തിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ പ്രതികരണം നൽകണമെന്ന് കേരള ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി വനിതാ കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
മറുപടി ലഭിച്ചില്ലെങ്കിൽ സമിതിയെ നിയോഗിച്ച് സ്വതന്ത്ര അന്വേഷണം നടത്തുമെന്നും ആവശ്യമെങ്കിൽ താൻ തന്നെ കേരളത്തിലേക്ക് പോകുമെന്നും രേഖ ശർമ്മ പറഞ്ഞു. വിഷയത്തിൽ മന്ത്രി പി രാജീവിന്റെ ന്യായീകരണം വനിതാ കമ്മീഷൻ തള്ളി. കമ്മിറ്റി റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിൽ പരാതിക്കാർക്ക് നൽകണമെന്നത് ചട്ടമാണെന്നും വാർത്ത സമ്മേളത്തിൽ രേഖ ശർമ്മ വ്യക്തമാക്കി. ഡബ്ല്യുസിസി നിരന്തരം പരാതി നൽകിക്കൊണ്ടിരിക്കുകയാണ്. സിനിമാ ലോകത്ത് സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ ഏറെ നാളായുണ്ട്. ആഭ്യന്തരപരാതി പരിഹാര സംവിധാനം പ്രൊഡക്ഷൻ ഹൗസുകളിലില്ലെന്നും രേഖാ ശർമ്മ പറഞ്ഞു. അതേസമയം റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രി പി രാജീവ് പറഞ്ഞത്.
എന്നാൽ റിപ്പോർട്ടിന്റെ കണ്ടെത്തലുകളും നിർദേശങ്ങളും പുറത്തുവിടണമെന്ന് സർക്കാരിന് എഴുതി നൽകിയിരുന്നുവെന്നും മന്ത്രി ഇങ്ങനെ പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ഡബ്ല്യുസിസി പ്രതികരിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവരുടെ പേരുകൾ പരസ്യപ്പെടുത്തരുത്, റിപ്പോർട്ടിന്റെ കണ്ടെത്തലുകളും ശുപാർശകളും പരസ്യമാക്കണം എന്നിവയാണ് ജനുവരി 21ന് മന്ത്രി പി രാജീവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഡബ്ല്യുസിസി പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ