പത്തനംതിട്ട: സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്ന ഹാരിസൺ മലയാളം കമ്പനിയെ സഹായിക്കണമെന്നാവശ്യപ്പെട്ടു തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത് പുതിയ ചർച്ചകൾക്ക് വഴി വയ്ക്കുന്നു. പാട്ട വ്യവസ്ഥകളും കാലാവധിയും മറികടന്ന് 59,000-ൽ പരം ഏക്കർ ഭൂമി കൈവശം വച്ചിരിക്കുന്ന ഹാരിസണിനെ സഹായിക്കണമെന്നാണ് കത്തിലെ ആവശ്യം. എന്നാൽ ഹാരിസൺ കമ്പനി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാൽനാനൂറോളം തൊഴിലാളികൾക്കു തൊഴിൽ നഷ്ടപ്പെടുന്നതിനാലാണു തൊഴിൽ മന്ത്രി എന്ന നിലയിൽ കത്തയച്ചതെന്നു ടി.പി.രാമകൃഷ്ണൻ പറയുന്നു. ഭൂമി ഏറ്റെടുത്ത് തൊഴിലാളി താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് ഈ കത്ത് എന്നതാണ് വസ്തുത.

ഡിസംബർ 28 ന് അയച്ച കത്തിൽ ഹാരിസണിന്റെ ആവശ്യങ്ങൾ പരിഗണിക്കാൻ റവന്യൂ, വനം, തൊഴിൽ മന്ത്രിമാരുടെ യോഗം വിളിച്ചക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് റവന്യൂ വകുപ്പിന്റെ നയം വ്യക്തമാക്കണമെന്ന ആവശ്യം ശക്തമായി. ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ നിയമിച്ച സ്പെഷൽ ഓഫീസർ രാജമാണിക്യം കൈക്കൊണ്ട നടപടികൾ മൂലം ഹാരിസണിന്റെ പക്കൽനിന്നു ഭൂനികുതി സ്വീകരിക്കില്ലെന്നു റവന്യൂവകുപ്പ് തീരുമാനിച്ചിരുന്നു. കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതും നിരാകരിച്ചിരുന്നു. റവന്യൂ വകുപ്പിന്റെ നിലപാടു മൂലം ബാങ്കുകളിൽനിന്നു വായ്പ ലഭിക്കുന്നില്ലെന്നും കമ്പനി സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്നുമാണു കത്തിലെ പ്രധാന പരാമർശം.

റബർ മരങ്ങൾ മുറിച്ചുമാറ്റുമ്പോൾ ഈടാക്കിവരുന്ന സീനിയറേജ് റേറ്റ് ഒഴിവാക്കണമെന്ന ആവശ്യവും മന്ത്രിയുടെ കത്തിലുണ്ട്. ഹാരിസണിന്റെ പക്കലിരിക്കുന്നതു പാട്ടഭൂമിയാണെന്നു മന്ത്രി സമ്മതിക്കുന്നുണ്ടെങ്കിലും ഈട്ടി, തേക്ക് മുതലായ രാജകീയ വൃക്ഷങ്ങൾക്ക് മാത്രമേ സീനിയറേജ് ഈടാക്കാവൂ എന്നും പരാമർശമുണ്ട്. ഇതെല്ലാം കമ്പനിയെ സഹായിക്കാനാണെന്ന് വ്യക്തമാണ്. ഹാരിസൺ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടല്ല കത്തു കൊടുത്തിരിക്കുന്നതെന്നു മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഏതൊരു തോട്ടമാണെങ്കിലും റീപ്ലാന്റേഷൻ നടക്കണം. എങ്കിൽ മാത്രമേ തൊഴിലാളികൾക്കു തൊഴിൽ ലഭിക്കൂ. കഴിഞ്ഞ സർക്കാരിന്റെ ചില നടപടികളാണു ഹാരിസൺ തോട്ടങ്ങളിൽ റീപ്ലാന്റേഷൻ അസാധ്യമാക്കിയത്. റീപ്ലാന്റേഷൻ ചെയ്താലും തോട്ടം ഏറ്റെടുക്കാൻ തടസമില്ലെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ പ്രശ്നം ചൂണ്ടിക്കാട്ടി മുതലാളി സമർപ്പിച്ച നിവേദനത്തിൽ നടപടിയെടുക്കാൻ സിപിഐ(എം). മന്ത്രി തയാറായതിനു പിന്നിൽ നിഗൂഢതയുണ്ടെന്ന ആരോപണവും ശക്തമാണ്. ഹാരിസൺ കമ്പനിയിലെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി തൊഴിലാളി സംഘടനകൾ സമർപ്പിച്ച നിവേദനങ്ങൾക്കു മന്ത്രി ഇത്രയം പ്രാധാന്യം നൽകിയിട്ടില്ലെന്നും ആരോപണമുണ്ട്. പതിനായിരകണക്കിന് ഏക്കർ ഭൂമി അനധികൃതമായി കൈവശം വച്ചിട്ടുള്ള ഹാരിസൺ മറിച്ചുവിൽക്കാതിരിക്കാനാണ് കൈവശാവകാശ സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചത്. ഭൂമി ഈടുനൽകി ബാങ്കുകളിൽനിന്നു കമ്പനി വായ്പയെടുത്താൽ തോട്ടം തിരിച്ചുപിടിക്കുന്നതിനും തടസവാദങ്ങളുണ്ടാകും. ഹാരിസണിനു വേണ്ടി മന്ത്രി മധ്യസ്ഥത വഹിക്കുന്നതു ഗൂഢലക്ഷ്യം വച്ചാണെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ ആരോപിച്ചു.

ഹാരിസൺ മലയാളം കമ്പനി നൂറ്റാണ്ടുകളായി കൈവശം വച്ചിരിക്കുന്ന ഭൂമിയിലാണ് റവന്യൂ വകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നാണു കത്തിൽ. നിയമപ്രകാരം ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാന്റേഷന്റെ പക്കൽ 1923 ൽ മാത്രമാണ് ഭൂമി എത്തുന്നത്. അതിനുമുമ്പ് റബർ പ്ര?ഡ്യൂസിങ് കമ്പനി, റബർ ഇൻവെസ്റ്റ്മെന്റ് കമ്പനി തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന ബ്രിട്ടീഷ് സ്ഥാപനങ്ങളുടെ പേരിലായിരുന്നു വിശാലമായ ഭൂപ്രദേശം. ബ്രിട്ടീഷ് കമ്പനിയായ ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് ലിമിറ്റഡ് കൊച്ചിയിൽ 1978 ൽ സ്ഥാപിതമായ മലയാളം പ്ലാന്റേഷൻ ലിമിറ്റഡിൽ (ഇന്ത്യ) പങ്കാളിയാകുന്നത് 1982 ൽ മാത്രമാണെന്നതും ശ്രദ്ധേയമാണ്.