മലപ്പുറം: എല്ലാ മുസ്ലിങ്ങളും ലീഗല്ല, അത് മുസ്ലിം ലീഗ് മനസിലാക്കണമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ. മുസ്ലിം ലീഗ് പള്ളികളെ രാഷ്ട്രീയ വേദികളാക്കി മാറ്റുകയാണെന്നും വി അബ്ദുറഹ്‌മാൻ വിമർശിച്ചു. സമുദായത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ലീഗിന്റെ ശ്രമമെന്നും മന്ത്രി കുറ്റപ്പെടുത്തി. ചർച്ചകളിലൂടെ വഖഫ് ഭൂമികൾ തിരിച്ച് പിടിക്കുമെന്നും അബ്ദുറഹ്‌മാൻ പറഞ്ഞു.

അടിയന്തരഘട്ടത്തിലാണ് കോവിഡ് ആശുപത്രിക്ക് വഖഫ് ബോർഡ് ഭൂമി നൽകിയത്. വഖഫ് സ്വത്തുക്കൾ പൊതു സ്വത്താണ് അത് സംരക്ഷിക്കപ്പെടുക തന്നെ വേണം.ലീഗ് ഒത്താശയോടെ വഖഫ് സ്വത്തുക്കൾ കൈമാറ്റം ചെയ്തിട്ടുണ്ടെന്നും മന്ത്രി വിമർശിച്ചു. അത് തിരിച്ച് പിടിക്കുക തന്നെ ചെയ്യും. വഖഫ് സ്വത്തുക്കൾ അടിച്ചുമാറ്റിയതിൽ മുൻപന്തിയിൽ ലീഗുകാരാണ്. സംഘപരിവാറിന്റെ അജണ്ട തന്നെയാണ് മുസ്ലിം ലീഗിന്റേതുമെന്നും മന്ത്രി ആരോപിച്ചു.