- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാവ സുരേഷിനെ വിളിക്കരുതെന്ന് പറയാനോ വിലക്കാനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയില്ല; വാവ സുരേഷിന് പിന്തുണയുമായി മന്ത്രി വി എൻ വാസവൻ; വിളിക്കുന്ന പല സ്ഥലത്തും വനംവകുപ്പ് ഉദ്യോഗസ്ഥർ വരാറില്ല; ഉദ്യോഗസ്ഥർക്ക് വാവ സുരേഷിനോട് കുശുമ്പാണെന്നും മന്ത്രിയുടെ വിമർശനം
തിരുവനന്തപുരം : ചില വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ വേട്ടയാടുന്നുവെന്ന വാവ സുരേഷിന്റെ പ്രതികരണത്തിന് പിന്നാലെ വാവ സുരേഷിന് പിന്തുണയുമായി മന്ത്രി വി എൻ വാസവൻ.വാവ സുരേഷിനെ വിളിക്കരുതെന്ന് പറയാനോ വിലക്കാനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.വാവ സുരേഷിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.കടകംപള്ളി സുരേന്ദ്രനൊപ്പമാണ് മന്ത്രിയുടെ സന്ദർശനം.
വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വാവ സുരേഷിനോട് കുശുമ്പാണെന്നാണ് എന്റെ അഭിപ്രായം. സുരേഷിനെ വിളിക്കരുതെന്ന് പറയേണ്ട കാര്യവുമില്ല. വിളിക്കുന്ന പല സ്ഥലത്തും വനംവകുപ്പ് ഉദ്യോഗസ്ഥർ വരാറില്ല. സുരേഷിന്റെ പ്രശസ്തി ഇഷ്ടപ്പെടാത്തവർ പറയുന്ന വർത്തമാനമാണിതെന്നും മന്ത്രി കുറ്റപ്പെടുത്തി.നന്മ ചെയ്യുന്നതിനെ എന്തിനാണ് തെറ്റായി വ്യാഖ്യാനിക്കുന്നതെന്തിനെന്നും മന്ത്രി ചോദിച്ചു.
ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകൾ കഴിച്ച് വിശ്രമിക്കുകയാണ് അദ്ദേഹം. കുറച്ച് ദിവസം വിശ്രമിക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. തുടർ പരിശോധനയോ ചികിത്സയോ ആവശ്യമെങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആവശ്യമായ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഓലമേഞ്ഞ പഴയൊരു വീടാണ് വാവ സുരേഷിന്റെത്. ഇതു മാറ്റി പുതിയത് നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. വാവയുടെ മാതാപിതാക്കളുമായും സഹോദരങ്ങളുമായും സംസാരിച്ചു. അവരും സമ്മതം അറിയിച്ചു. യുദ്ധകാലാടിസ്ഥനത്തിൽ നടപടികൾ പൂർത്തിയാക്കും.വാവ സുരേഷിന്റെ കുടുംബത്തിന്റെ ആഗ്രഹം പോലെ വീട് നിർമ്മിച്ച് നൽകുമെന്നും വി.എൻ വാസവൻ പറഞ്ഞു.
ഇതിനായി എല്ലാ ക്രമീകരണങ്ങളും ഒരുക്കുമെന്നും ഉടൻ തന്നെ സ്ഥലത്ത് എഞ്ചിനീയർ എത്തുമെന്നും മന്ത്രി അറിയിച്ചു.സിപിഐഎം കോട്ടയം ജില്ലാ കമ്മറ്റിയുടെ ചാരിറ്റബിൾ സൊസൈറ്റിയാണ് വാവ സുരേഷിന് വീട് നിർമ്മിച്ച് നൽകുന്നത്.
വീടിന്റെ കാര്യം നേരത്തെ പലരും പറഞ്ഞിരുന്നെങ്കിലും സ്‌നേഹപൂർവ്വം നിരസിക്കുകയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ രണ്ടാം ജന്മം ദാനം തന്ന മന്ത്രിയുടെ ആവശ്യത്തിന് മുന്നിൽ സമ്മതം മുളുകയായിരുന്നുവെന്നും വാവ സുരേഷ് പറയുന്നു.തനിക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും മികച്ച ചികിത്സയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ലഭിച്ചതെന്ന് ആശുപത്രി വിട്ടതിന് ശേഷം വാവ സുരേഷ് പറഞ്ഞിരുന്നു.
തന്റെ ആരോഗ്യത്തിനും തിരിച്ചുവരവിനും വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദിയുണ്ടെന്നും സുരേഷ് പറഞ്ഞു. മുൻകരുതൽ സ്വീകരിച്ച് മാത്രമേ ഇനി പാമ്പുകളെ പിടിക്കൂയെന്ന് സുരേഷ് മന്ത്രി വാസവനോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ