തിരുവനന്തപുരം: കുറുപ്പ് സിനിമ റിലീസ് ആയതിന് പിന്നാലെ വർഷങ്ങളായി കാണാമറയത്തുള്ള സുകുമാര കുറുപ്പിനെ കുറിച്ചുള്ള ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. രസകരമായ ട്രോളുകളും ഇതിനൊപ്പം ചിരിപടർത്തുന്നുണ്ട്.

ഇതിനിടെ കുറുപ്പിന്റെയും മന്ത്രി വി ശിവൻ കുട്ടിയുടെയും ചിത്രം ചേർത്തുവച്ച് ആരോ പങ്കുവച്ച പോസ്റ്റിന് മന്ത്രി എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ' എന്തോ എവിടെയോ ഒരു തകരാറു പോലെ' എന്ന കാപ്ഷനിലുള്ള ഒരു ട്രോൾ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടാണ് വിദ്യാഭ്യാസ മന്ത്രി തന്റെ കുറിപ്പ് പങ്കുവച്ചരിക്കുന്നത്.


ചിത്രം ഫേസ്‌ബുക്കിൽ പങ്കുവച്ച മന്ത്രി എഴുതിയ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: 'ഞാനല്ല സുകുമാര കുറുപ്പ് കേട്ടോ... കുട്ടികളെ ട്രോളിയപ്പോഴും ഞാനിത് പറഞ്ഞതാണ്.. ഇങ്ങിനല്ല രാഷ്ട്രീയം പറയേണ്ടത്'- എസ്എസ്എൽസി വിദ്യാർത്ഥികളുടെ വിജയശതമാനം കൂടിയപ്പോഴും മന്ത്രിക്കെതിരെ അന്ന് നടന്ന സൈബർ വിമർശനങ്ങളാണ് മന്ത്രി കുറിപ്പിൽ സൂചിപ്പിക്കുന്നത്.


പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി കുറുപ്പ് എന്ന പേരിൽ സിനിമ പുറത്തിറങ്ങയതോടെയാണ് വർഷങ്ങളായി കാണാമറയത്തുള്ള സുകുമാര കുറുപ്പിനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായത്.