- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കു കോവിഡ്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ; സെക്രട്ടറിയേറ്റിലും കോവിഡ് വ്യാപനം; മന്ത്രിമാരുടെ സ്റ്റാഫുകൾ അടക്കം മിക്കവർക്കും കോവിഡ്; മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു; കോവിഡ് പടരുമ്പോൾ നാഥനില്ലാ കളരിയായി കേരളം
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.വിവിധ മന്ത്രിമാരുടെ വകുപ്പുകളിലും രോഗവ്യാപനം കടുക്കുകയാണ്. നിയന്ത്രണങ്ങൾ പ്രാവർത്തികമാകാത്തതാണ് മിക്കയിടങ്ങളിലും രോഗവ്യാപനം കൂടാൻ കാരണം.സംസ്ഥാന വ്യാപകമായ നിയന്ത്രണത്തിന് പകരം ജില്ല കേന്ദ്രീകരിച്ച് ശക്തമായ നിയന്ത്രണങ്ങൾ വേണമെന്നാണ് ആവശ്യം ഉയരുന്നത്.
അതേസമയം തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു.സെക്രട്ടേറിയറ്റിലും കോവിഡ് വ്യാപനം രൂക്ഷമാണ്. രോഗികളുടെ എണ്ണം കൂടിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു.മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്നാം നിലയിലെ ജീവനക്കാർ ജോലിക്കെത്തേണ്ടന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റു മന്ത്രിമാരുടെ ഓഫീസുകളിലും നിരവധിപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റ് ലൈബ്രറിയും അടച്ചു. പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് ക്ലസ്റ്റർ ആയി സെക്രട്ടറിയേറ്റ് മാറുമോ എന്നാണ് ആശങ്ക. ഇന്നലെ മാത്രം സെക്രട്ടറിയേറ്റിൽ 72 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറ് ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫീസുകളിലും നിരവധി പേർക്ക് കോവിഡ് സ്ഥിരികരിച്ചിട്ടുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വനംമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം മൂന്നുദിവസം മുൻപുതന്നെ താൽക്കാലികമായി നിർത്തിവെക്കുകയും അറിയിപ്പ് നൽകുകയും ചെയ്തിരുന്നു. സമാനമായി മറ്റ് പല മന്ത്രിമാരുടെയും ഓഫീസുകളിൽ നിരവധിപ്പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.
സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പ് ഓഫീസുകളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. സെക്രട്ടേറിയറ്റിൽ വിവിധ കോവിഡ് ക്ലസ്റ്ററുകൾ തന്നെ രൂപപ്പെട്ടതായാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. വിവിധയിടങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകൾ ഓരോ ദിവസവും കൂടി വരികയാണ്. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിലും ക്ലസ്റ്ററുകൾ രൂപപ്പെട്ട അവസ്ഥയാണുള്ളത്. പത്തുദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തിൽ നാലിരട്ടി വർധന ഉണ്ടായതായും, സ്ഥിതി അതീവ ഗൗരവകരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
സെക്രട്ടേറിയറ്റിലെ സെൻട്രൽ ലൈബ്രറിയിലും നിരവധി പേർ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഇതിനു പിന്നാലെ സെൻട്രൽ ലൈബ്രറി അടച്ചു.സെൻട്രൽ ലൈബ്രറി ഈ മാസം 23 വരെയാണ് അടച്ചിട്ടിരിക്കുന്നത്. സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ള ജീവനക്കാർക്ക് വരെയെങ്കിലും വർക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തണമെന്ന് ജീവനക്കാർ ആവശ്യപ്പെടുന്നുണ്ട്. ജോലിക്കാര്യത്തിൽ അടിയന്തരമായി പുനഃക്രമീകരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന മുഖ്യമന്ത്രിക്ക് കത്തുനൽകി.
ഇതിനിടെ കെ എസ് ആർ ടി സി ജീവനക്കാരിലും, പൊലീസിലും കൂടുതൽ പേർക്ക് കോവിഡ് പിടിപെട്ടിട്ടുണ്ട്. കെ എസ് ആർ ടി സിയിലെ കൂടുതൽ ജീവനക്കാർ കോവിഡ് ബാധിതരായതോടെ സർവീസുകളെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. തിരുവനന്തപുരത്ത് മാത്രം കെ എസ് ആർ ടി സിയിലെ 80 ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് കെ എസ് ആർ ടി സി യിലും കോവിഡ് വ്യാപനം രൂക്ഷമാണ്. 13 ഡ്രൈവർമാർക്കും 6 കണ്ടക്ടർമാർക്കും ഒരു ഓഫീസ് ജീവനക്കാരനും കോവിഡ് പിടിപെട്ടു.
ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കും കോവിഡ് പിടിപെട്ടു. എഡിജിപിയും എസ് പിയുെ ഉൾപ്പെടെയുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനിൽ 4 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.അഡീഷണൽ എസ് ഐ, എ എസ് ഐ, രണ്ട് സിവിൽ പൊലീസ് ഓഫീസർമാർ എന്നിവർക്കാണ് രോഗം.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 7 ഡോക്ടർമാർ, 4 മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . ആശുപത്രിയിലെ കോവിഡ് വാർഡ് രോഗികളാൽ നിറഞ്ഞു. കോവിഡ് ഡ്യൂട്ടിയിൽ ആയിരിക്കെ കോവിഡ് ബാധിച്ച വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിങ് ഓഫിസർ സരിത (52)മരിച്ചു.കല്ലറയിലെ പ്രാഥമിക കോവിഡ് ചികിത്സ കേന്ദ്രത്തിൽ ഡ്യൂട്ടിയിൽ ആയിരുന്നു ഇവർ . ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
എറണാകുളത്തും സ്ഥിതി രൂക്ഷമാണ്.ജില്ലയിൽ 22 കോവിഡ് ക്ലസ്റ്ററുകൾ ആണുള്ളത്. 11 ക്ലസ്റ്ററുകളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ്. അഞ്ച് സിഎഫ്എൽടികൾ അടിയന്തിരമായി തുറക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചു. ജനങ്ങൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനും നടപടി എടുത്തിട്ടുണ്ട്. ആലപ്പുഴയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ട്. അഞ്ചു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ലസ്റ്റർ ആയി. ഇന്നു മുതൽ സിഎഫ്എൽടികൾ തുറക്കും
10 ദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തിൽ നാലിരട്ടി വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ്കേസുകളിൽ ഏകദേശം 60161 വർധനയാണ് ഉണ്ടായിരിക്കുന്നത്. വരുന്ന രണ്ടാഴ്ചയിൽ കൂടുതൽ രോഗികൾ ഉണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
രോഗികളുടെ എണ്ണം കൂടുന്നതിനൊപ്പം കിടത്തി ചികിൽസ വേണ്ടവരുടെ എണ്ണവും ഓക്സിജൻ , വെന്റിലേറ്റർ ആവശ്യവും കൂടിയാൽ സംസ്ഥാനത്തിനത് തിരിച്ചടിയാകും. നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാകുന്ന സാഹചര്യവും ഉണ്ടാകും.എന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയിലേക്കെത്തുമ്പോഴും വേണ്ടത്ര ഇടപെടൽ വിഷയത്തിൽ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപവും ശക്തമാണ്
മറുനാടന് മലയാളി ബ്യൂറോ