- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധി രാജ്യത്തെ ജനാധിപത്യത്തെ കൊല ചെയ്യുമ്പോൾ സഞ്ജയ് ഗാന്ധി റുക്‌സാന സുൽത്താന എന്ന മാദക സുന്ദരിയുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു'! വെറും ഒരു ജൂവലറി ബോട്ടിക് ഉടമ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അത്യുന്നതങ്ങളിൽ അതീവ സ്വാധീനശക്തിയുള്ള ആളായത് എങ്ങനെ? മന്ത്രി വാസവനും താരമാകുമ്പോൾ
തിരുവനന്തപുരം: വെറും ഒരു ജൂവലറി ബോട്ടിക് ഉടമയായ റുക്‌സാന സുൽത്താന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അത്യുന്നതങ്ങളിൽ അതീവ സ്വാധീനശക്തിയുള്ള ആളായി മാറിയതെങ്ങനെ? ഈ ചോദ്യമാണ് മന്ത്രി വിഎൻ വാസവന്റെ വിവാദ പ്രസ്താവന ചർച്ചയാക്കുന്നത്.അടിയന്തിരാവസ്ഥക്കാലത്തെപ്പറ്റി പരാമർശിക്കപ്പെടുന്ന ഇടങ്ങളിൽ പലതിലും റുക്‌സാന സുൽത്താന എന്ന പേര് കാണാനാകും. സഞ്ജയ് ഗാന്ധിയുടെ പേരുമായി ചേർത്തുവച്ചാണ് റുക്‌സാന സുൽത്താന എന്ന പേര് എപ്പോഴും കേൾക്കാറുള്ളതെന്നതും വസ്തുതയാണ്.
ഒരു വരേണ്യ മുസ്ലിം കുടുംബത്തിലാണ് റുക്‌സാന സുൽത്താന ജനിച്ചത്. പ്രശസ്ത ബോളിവുഡ് താരം ബീഗം പാര, റുക്‌സാനയുടെ മാതാവിന്റെ സഹോദരിയായിരുന്നു. നടി അമൃത സിങ് റുക്‌സാനയുടെ മകളാണ്. ഇത്തരം വരേണ്യ വിഭാഗങ്ങളെ മുന്നിൽ നിർത്തിയായിരുന്നു സഞ്ജയ് ഗാന്ധി ഡൽഹിയിൽ വന്ധ്യതാ പരിപാടി വിജയിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തിയത്. ഈ ബന്ധമാണ് നിയമസഭയിൽ വാസവൻ ചർച്ചയാക്കാൻ ശ്രമിച്ചത്. വാസവന്റെ സഞ്ജയ് ഗാന്ധി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ചൊവ്വാഴ്ച കേരള സഹകരണ സംഘം ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയ്ക്കു മറുപടി പറയവേയാണ് മന്ത്രി പരാമർശം നടത്തിയത്.
'അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരാഗാന്ധി രാജ്യത്തെ ജനാധിപത്യത്തെ കൊല ചെയ്യുമ്പോൾ സഞ്ജയ് ഗാന്ധി റുക്‌സാന സുൽത്താന എന്ന മാദക സുന്ദരിയുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു' എന്ന വാചകമാണ് പ്രതിപക്ഷ ബഹളത്തിനിടയാക്കിയത്. സഞ്ജയ് ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന വാക്കുകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യം പിന്നീടു പരിശോധിക്കാമെന്ന് ഡപ്യൂട്ടി സ്പീക്കർ മറുപടി നൽകിയെങ്കിലും പ്രതിപക്ഷം നിലപാടിൽ ഉറച്ചുനിന്നു. പിന്നീടു സഭ വിട്ടിറങ്ങി.
വന്ധ്യംകരണ പരിപാടിയും, ചേരിയൊഴിപ്പിക്കൽ പരിപാടിയുമെല്ലാം സഞ്ജയിയുടെ വിഖ്യാതമായ അടിയന്തിരാവസ്ഥക്കാല വികസനപരിപാടികളിൽ പെടുന്നു. രാജ്യത്തിന്റെ വികസനത്തിന് തടസ്സമാകുന്നത് ജനങ്ങൾ കണക്കില്ലാതെ കുട്ടികളെ ഉണ്ടാക്കുന്നതാണെന്ന സാമ്പത്തികശാസ്ത്രം എവിടെനിന്നോ കേട്ടറിഞ്ഞ സഞ്ജയ് കുടുംബാസൂത്രണ പദ്ധതിക്ക് രൂപം നൽകി. ജനങ്ങളെ പലതരത്തിൽ വശപ്പെടുത്തി വന്ധ്യംകരണം നടത്തുക എന്നതായിരുന്നു കുടുംബാസൂത്രണ പരിപാടിയുടെ ലക്ഷ്യം. ഈ പരിപാടിയിലേക്ക് വലിയ സംഭാവന നൽകിയ ആളെന്ന നിലയിലാണ് റുഖ്‌സാന സുൽത്താന അറിയപ്പെടുന്നത്.
ഡൽഹിയിൽ മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന കേന്ദ്രമായ ജുമാ മസ്ജിദ് പരിസരങ്ങളിൽ 8000 പേരെ വന്ധ്യംകരിക്കാൻ റുക്‌സാന സുൽത്താനയുടെ ഇടപെടലുകൾക്ക് സാധിച്ചുവെന്നാണ് അനൗദ്യോഗികമായ കണക്ക്. ഡൽഹിയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ വന്ധ്യംകരണ പരിപാടി നടത്തുകയെന്ന ദൗത്യം സഞ്ജയ് വിശ്വസിച്ചേൽപ്പിച്ചത് രുക്‌സാന സുൽത്താനയെ ആയിരുന്നു. അവരാ ദൗത്യം എത്രയും ആത്മാർത്ഥതയോടെ ഏറ്റെടുത്ത് ചെയ്തു. പണം നൽകാമെന്ന് പ്രലോഭിപ്പിച്ചും റേഡിയോ പോലുള്ള വസ്തുക്കൾ നൽകിയുമെല്ലാം റുക്‌സാന കാര്യം നടത്തിയെന്നാണ് ചരിത്രം.
ജുമാ മസ്ജിദിനു സമീപമായിരുന്നു സുൽത്താനയുടെ കുപ്രസിദ്ധമായ വന്ധ്യംകരണ ക്ലിനിക്ക്, ദുജാന ഹൗസ് നിലനിന്നിരുന്നത്. സ്ഥലത്ത് ഈ ക്ലിനിക്കിന്റെ സാന്നിധ്യം തന്നെ ജനങ്ങളുടെ മനസ്സമാധാനം കെടുത്തുന്നതായിരുന്നു. മതപരമായ കാരണങ്ങളാൽ വന്ധ്യംകരണപരിപാടിയോട് പൂർണമായും പുറംതിരിഞ്ഞു നിൽക്കുകയായിരുന്ന മുസ്ലിം വിഭാഗത്തെ അനുനയിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു റുക്‌സാനയ്ക്കുണ്ടായിരുന്നത്. എന്താണ് ഇത്തരമൊരു ലക്ഷ്യം ഏറ്റെടുക്കാനുണ്ടായ പ്രചോദനമെന്ന ചോദ്യത്തിന് അവർ നൽകിയ മറുപടി, യുവാക്കൾ നേതൃത്വമേറ്റെടുക്കണമെന്ന സഞ്ജയ് ഗാന്ധിയുടെ ആഹ്വാനം തന്നെ ആവേശഭരിതയാക്കി എന്നായിരുന്നു.
അടിയന്തിരാവസ്ഥയ്ക്കു പിന്നാലെ റുക്‌സാന സുൽത്താൻ സാമൂഹ്യപ്രവർത്തനങ്ങളിൽ നിന്ന് പൂർണമായി പിൻവാങ്ങി. എന്താണ് കാരണമെന്ന ചോദ്യത്തിന് ലഭിച്ചത് വിചിത്രമെന്ന് തോന്നാവുന്ന ഒരു മറുപടിയായിരുന്നു. തന്നെക്കാൾ മികച്ച ഒരാൾക്കു വേണ്ടിയേ താൻ ജോലിയെടുക്കൂ, ഇപ്പോൾ അങ്ങനെയൊരാൾ തന്റെ മുന്നിലില്ല എന്നാണവർ സൂചിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ