- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരുന്ന് ഉറപ്പാക്കേണ്ട മന്ത്രി പൊട്ടിത്തെറിച്ചു; ഭയന്നു വിറച്ച സൂപ്രണ്ടിനെ സ്ഥലം മാറ്റി അച്ചടക്ക നടപടിയും! കഴിഞ്ഞ മാസം സ്ഥലം മാറ്റിയ ഡോക്ടറെ മിന്നൽ പരിശോധനയ്ക്ക് ശേഷവും മാറ്റി ആരോഗ്യമന്ത്രിയുടെ കാർക്കശ്യം! തിരുവല്ല ആശുപത്രിയിൽ ഇന്നലെ നടന്നത് നാടകമോ? വീഴ്ചയിൽ എന്തുകൊണ്ട് സൂപ്രണ്ടിനെ സസ്പെന്റു ചെയ്തില്ല?
ആലപ്പുഴ: തിരുവല്ല താലൂക്ക് ആശുപത്രിയിൽ ശനിയാഴ്ച രാവിലെ 11 മണിയോടെ മന്ത്രി വീണാ ജോർജ് മിന്നൽ പരിശോധന നടത്തിയത് മുൻകൂട്ടി ഒരുക്കിയ തിരക്കഥയുടെ ഭാഗമോ? സൗകര്യങ്ങളുണ്ടായിട്ടും മതിയായ ഡോക്ടർമാരുടെ സേവനമില്ല, മരുന്നില്ല തുടങ്ങിയ പരാതികൾ രോഗികൾ നേരിട്ട് മന്ത്രിയോട് പറഞ്ഞു. വിശദീകരണം നൽകാനാവാതെ സൂപ്രണ്ടും കുഴഞ്ഞു. വീഴ്ചകളുടെപേരിൽ പിന്നീട് സൂപ്രണ്ടിനെ മന്ത്രി സ്ഥലംമാറ്റിയെന്നാണ് വാർത്ത. എന്നാൽ ഈ സൂപ്രണ്ടിനെ കഴിഞ്ഞ മാസം തന്നെ സ്ഥലം മാറ്റിയിരുന്നുവെന്നതാണ് വസ്തുത. അതായത് മുമ്പ് സ്ഥലം മാറ്റിയ ഡോക്ടറെ വീണ്ടും മാറ്റുന്ന നാടകം.
തിരുവല്ല ആശപുത്രിയിൽ ഒ.പി. വിഭാഗത്തിലാണ് മന്ത്രി ആദ്യമെത്തിയത്. അവിടെ ആകെ രണ്ട് ഡോക്ടർമാരേ ഉണ്ടായിരുന്നുള്ളൂ. മന്ത്രി ഹാജർ ബുക്ക് പരിശോധിച്ചു. ആകെ 17 ഡോക്ടർമാരാണിവിടെയുള്ളത്. ഹാജർ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആശുപത്രിയിൽ ഇവരെ കാണാത്തതിനെക്കുറിച്ച് സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. എന്നാൽ ഇവരിൽ പലരും മറ്റ് ഡ്യൂട്ടിയിലായിരുന്നു. ചിലർ ഓപ്പറേഷൻ തിയേറ്ററിലും. ഉടൻ സ്ഥലമാറ്റവും വന്നു.
ബ്ലഡ് ബാങ്ക് തുറക്കാത്തതിലുള്ള അമർഷവും മന്ത്രി രേഖപ്പെടുത്തി. മന്ത്രിയുടെ സന്ദർശന വിവരമറിഞ്ഞ് ജനപ്രതിനിധികളും എത്തി. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി ചേർന്ന് അപാകതകൾ ചർച്ചചെയ്യാറുണ്ടെങ്കിലും പരിഹാരം കാണാറില്ലെന്ന് ജനപ്രതിനിധികൾ പറഞ്ഞു. പരാതികൾ കേട്ട് സൂപ്രണ്ടിനോട് മന്ത്രി ക്ഷുഭിതയായി. അങ്ങനെ ശൈലജ ടീച്ചറുടെ പിൻഗാമി നാട്ടുകാരുടെ കൈയടി നേടി. എന്തു കൊണ്ട് സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്യാതെ സ്ഥലം മാറ്റിയെന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം.
ഗ്യാസിനുള്ള മരുന്നുപോലും ഫാർമസിയിൽനിന്നും രോഗികൾക്ക് നൽകുന്നില്ലെന്നും പരാതി ഉയർന്നു. ഡോക്ടർമാർ രോഗികൾക്ക് നൽകിയ കുറിപ്പടിയുടെ ഫോട്ടോ മന്ത്രി ഫോണിലേയ്ക്ക് നേരിട്ട് പകർത്തി. ഫാർമസി വിഭാഗത്തിലെ മരുന്നുകളുടെ ലഭ്യതയെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മരുന്ന് ഉണ്ടോ എന്ന് ഉറപ്പാക്കേണ്ടത് ആരോഗ്യമന്ത്രിയാണ്. അതിന്റെ പഴിയും സൂപ്രണ്ടിന് കിട്ടി. എന്തുകൊണ്ട് ഡ്യൂട്ടിയിലില്ലെന്ന് മന്ത്രി തിരിച്ചറിഞ്ഞ ഡോക്ടർമാർക്കെതിരെ നടപടി എടുത്തില്ലെന്നതാണ് ഉയരുന്ന ചോദ്യം.
രാത്രിയിൽ എത്തുന്ന രോഗികൾക്ക് ചികിത്സ നൽകാതെ മറ്റ് ആശുപത്രികളിലേക്ക് റഫർചെയ്യുന്നത് എന്തിനെന്നും മന്ത്രി ചോദിച്ചു. അനാസ്ഥയും വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ്, ആശുപത്രി സൂപ്രണ്ട് ഡോ. അജയമോഹനെ സ്ഥലംമാറ്റിയതെന്നാണ് വിശദീകരണം. ഇവിടെ മുമ്പുള്ള സ്ഥലമാറ്റ ഉത്തരവിൽ മന്ത്രി മൗനം പാലിച്ചു. ഒരു മണിക്കൂറെടുത്ത പരിശോധന പൂർത്തിയാക്കി 12 മണിയോടെ മന്ത്രി മടങ്ങി. പിന്നാലെ ജില്ലാ മെഡിക്കൽ ഓഫീസറും പരാതി പരിഹരിക്കാനെത്തി.
വെള്ളിയാഴ്ച ഓർത്തോ വിഭാഗത്തിലെ ഡോക്ടറെ കാണാൻ രാവിലെ എട്ടുമുതൽ രോഗികൾ കാത്തിരുന്നു. 11 മണി ആയിട്ടും ഈ ഒ.പി.യിൽ ഡോക്ടർ എത്താത്തതിനെത്തുടർന്ന് രോഗികൾ പരാതിയുമായി സൂപ്രണ്ടിന് മുമ്പിലെത്തി. അപ്പോഴാണ് ഡോക്ടർ അവധിയിലാണെന്ന് സൂപ്രണ്ട് അറിയുന്നത്. ഇതോടെ രോഗികൾ സൂപ്രണ്ടിനുനേരെ തിരിഞ്ഞു. രോഗികളുടെ പരാതിയെത്തുടർന്നാണ് മന്ത്രി താലൂക്ക് ആശുപത്രിയിൽ മിന്നൽ പരിശോധന നടത്തിയത്.
മറുനാടന് മലയാളി ബ്യൂറോ