തിരുവനന്തപുരം: കപട വികസനവും അഴിമതിയും അരങ്ങുവാണപ്പോൾ കടപുഴകി വീണത് സംസ്ഥാനത്തെ നാലു മന്ത്രിമാർ. ബാർ കോഴയുടെ പേരിൽ പഴികേട്ട മന്ത്രി കെ ബാബുവിനു നഷ്ടമായത് 25 വർഷം കുത്തകയാക്കിവച്ച തൃപ്പൂണിത്തുറയാണ്.

ആർഎസ്‌പി നേതാവ് ഷിബു ബേബിജോണിനു ചവറയിലെ ജനങ്ങൾ തിരിച്ചടി നൽകി. കഴിഞ്ഞ വർഷം ഭാഗ്യം കൊണ്ടു മന്ത്രിസ്ഥാനം കിട്ടിയ പി കെ ജയലക്ഷ്മിക്കു മാനന്തവാടിയിൽ കാലിടറി.

ഇടതുകൊടുങ്കാറ്റിൽ അടിപതറി മന്ത്രിമാർ വീഴുന്ന കാഴ്ചയാണ് ഇക്കുറി കണ്ടത്. വോട്ടെണ്ണിത്തുടങ്ങി ആദ്യ മൂന്നുമണിക്കൂർ പിന്നിടുമ്പോൾതന്നെ മന്ത്രിമാരിൽ പലർക്കും കാലിടറി. ശക്തമായ ഇടതുമുന്നേറ്റത്തിൽ ലീഗിന്റെ കോട്ടയിൽപ്പോലും വിള്ളൽവീഴുമ്പോൾ തിരൂരങ്ങാടിയിൽ മന്ത്രി അബ്ദുറബ്ബും ആർഎസ്‌പിയുടെ ശക്തികേന്ദ്രത്തിൽ മത്സരത്തിനിങ്ങിയ മന്ത്രി ഷിബു ബേബിജോണുമെല്ലാം വിറച്ചു.

തൃപ്പൂണിത്തുറയിൽ മന്ത്രി കെ ബാബുവും കൂത്തുപറമ്പിൽ മന്ത്രി കെ പി മോഹനനും വോട്ടെണ്ണൽ അവസാനിക്കുംമുമ്പുതന്നെ മുട്ടുമടക്കി. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചിട്ടും പിറവത്ത് മന്ത്രി അനുപ് ജേക്കബും ഇരിക്കൂറിൽ കെ സി ജോസഫും ജയം നിലനിർത്തി. ശക്തമായ സമുദായ പിന്തുണ കൊണ്ടാണ് പിറവത്ത് അനൂപിനു വിജയം നേടാനായത്. അതേസമയം, എതിർപ്പുകൾ വിവിധ കോണിൽ നിന്നുണ്ടായിട്ടും യുഡിഎഫിന്റെ കേരളത്തിലെ ഏറ്റവും ഉറച്ച കോട്ടയായതുകൊണ്ടു മാത്രം ഇരിക്കൂർ കെ സി ജോസഫിനെ കൈവിട്ടില്ല. സഭയുടെ പിന്തുണയും ജോസഫിനു തുണയായെന്നു വേണം അനുമാനിക്കാൻ.

ബാർ കോഴ തന്നെയാണു കെ ബാബുവിനു വിനയായത്. തൃപ്പൂണിത്തുറയിൽ ഒരു ഭീഷണിയുമില്ലെന്നു കരുതി പോരിനിറങ്ങിയ കെ ബാബുവിനെ തളയ്ക്കാൻ ഇടതുപക്ഷത്തിലെ ശക്തനായ യുവനേതാവിനെയാണ് സിപിഐ(എം) രംഗത്തിറക്കിയത്. ഈ നീക്കം വിജയം കാണുകയും ചെയ്തു. വാക്പോരുകൾക്കും ശക്തമായ മറുപടി നൽകിയ സ്വരാജ് ഒടുവിൽ ജനങ്ങളുടെ അംഗീകാരവും നേടിയിരിക്കുകയാണ്. 62,697 വോട്ടു നേടിയ സ്വരാജ് 4467 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയത്തേരേറിയത്. ബാബുവിന് 58,230 വോട്ടു കിട്ടി. മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാർത്ഥി തുറവൂർ വിശ്വംഭരൻ 29,843 വോട്ടു നേടി.

ചവറയിൽ ഒരിക്കലും പിന്നോട്ടു പോകില്ലെന്ന അമിത വിശ്വാസമാണു ഷിബു ബേബിജോണിനു തിരിച്ചടിയായത്. ഇടതുപക്ഷത്തിനൊപ്പമെത്തിയ സിഎംപിയുടെ എൻ വിജയൻ പിള്ളയോട് 6189 വോട്ടിനാണ് ഷിബു പരാജയപ്പെട്ടത്. കടുത്ത ഭരണവിരുദ്ധ വികാരം ഷിബുവിന്റെയും കാലുവാരിയപ്പോൾ കൊല്ലം തൂത്തുവാരാൻ ചവറയും ഇടതുമുന്നണിയെ സഹായിച്ചു.

കൃഷിമന്ത്രി കെ പി മോഹനൻ കൂത്തുപറമ്പിൽ സിപിഎമ്മിന്റെ കെ കെ ശൈലജ ടീച്ചറോടു പരാജയപ്പെട്ടത് 12,291 വോട്ടിനാണ്. 67,013 വോട്ട് ശൈലജ ടീച്ചർ ജയിച്ചപ്പോൾ 54,722 വോട്ടാണ് കെ പി മോഹനനു നേടാനായത്. പി ആർ കുറുപ്പിന്റെ മകനെന്ന ലേബലും കെ പി മോഹനനു തുണയായില്ല. ഭരണവിരുദ്ധ തരംഗത്തിൽ കെ പി മോഹനൻ ഒലിച്ചുപോകുകയായിരുന്നു.

ഭാഗ്യംകൊണ്ടു മാത്രം മന്ത്രിസഭാംഗമായ പി കെ ജയലക്ഷ്മിയെ ഇക്കുറി മാനന്തവാടിക്കാർ തിരസ്‌കരിച്ചു. എൽഡിഎഫിന്റെ ഒ ആർ കേളുവാണ് 1307ന് ജയലക്ഷ്മിയെ തോൽപ്പിച്ചത്. കേളുവിന് 62,436 വോട്ടു ലഭിച്ചപ്പോൾ ജയലക്ഷ്മിക്ക് 61,129 വോട്ടാണു ലഭിച്ചത്.

നിലമ്പൂരിൽ മന്ത്രി ആര്യാടൻ മുഹമ്മദ് ഒഴിഞ്ഞുകൊടുത്ത സീറ്റിൽ അങ്കത്തിനിറങ്ങിയ മകൻ ആര്യാടൻ ഷൗക്കത്തും പരാജയപ്പെട്ടു. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി വി അൻവറിനോട് 11,504 വോട്ടിനാണു ഷൗക്കത്ത് പരാജയപ്പെട്ടത്.

പിറവത്ത് അനൂപ് ജേക്കബ് 6195 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം ജെ ജേക്കബിനെ പരാജയപ്പെടുത്തിയത്. 73770 അനൂപ് നേടിയപ്പോൾ എം ജെ ജേക്കബ് 67575 വോട്ടിലൊതുങ്ങി.

 കണ്ണൂരിൽ ശക്തമായ ഇടതുതരംഗമുണ്ടായിട്ടും പിടിച്ചു നിന്ന മൂന്നു മണ്ഡലങ്ങളിൽ ഒന്നാണ് കെ സി ജോസഫ് മത്സരിച്ച ഇരിക്കൂർ. 9647 വോട്ടിനാണ് കെ സി ജോസഫ് ഇടതുപക്ഷത്തിന്റെ കെ ടി ജോസിനെ പരാജയപ്പെടുത്തിയത്. കെ സി ജോസഫ് 72,548 വോട്ടു നേടിയപ്പോൾ കെ ടി ജോസ് 62,901 വോട്ടാണു നേടിയത്.