തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗൾഫ് യാത്ര വിജയിക്കുമെന്ന് ഉറപ്പാണ്. യുഎഇയിൽ നിന്ന് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 750 കോടിയെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷ. യുഎഇ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഖലീഫ ഫൗണ്ടേഷൻ 700 കോടി തരുമെന്ന സൂചന നൽകിയിട്ടുണ്. എന്നാൽ മറ്റ് മന്ത്രിമാരുടെ അവസ്ഥ അതല്ല. പ്രളയകാലത്ത് തന്നെ പ്രവാസികൾ ആവുന്ന സഹായം ചെയ്തതാണ്. അവർ ഇനി എന്തു തരാനെന്ന ചോദ്യം മന്ത്രിമാരുടെ യാത്രകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതുകൊണ്ട് വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്ന മന്ത്രിമാർ, ഭവനനിർമ്മാണം അടക്കമുള്ള പദ്ധതികൾക്കുകൂടി സഹായം തേടും. വിദേശത്ത് യോഗങ്ങൾ വിളിക്കും.

മന്ത്രിമാർ 17 മുതൽ 22വരെ വിദേശയാത്ര നടത്താനാണു തീരുമാനമെങ്കിലും ചില രാജ്യങ്ങളുടെ വീസ ലഭിക്കാൻ വൈകുമെന്നതിനാൽ തീയതികളിൽ മാറ്റമുണ്ടാകും. മന്ത്രിമാരുടെയും അവരോടൊപ്പം വിദേശത്തേക്കു പോകുന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെയും പ്രത്യേകയോഗം മുഖ്യമന്ത്രി പിണറായി ഇന്നലെ മന്ത്രിസഭാ യോഗത്തിനു ശേഷം വിളിച്ചു. പുനഃർനിർമ്മാണ പ്രവർത്തനങ്ങൾക്കു സ്പോൺസർമാരാകാൻ തയാറാകുന്നവരെക്കൂടി കണ്ടെത്തണമെന്ന് ഈ യോഗത്തിലാണു മുഖ്യമന്ത്രി നിർദ്ദേശിച്ചത്. പ്രവാസികളിൽ പലരും ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റും കാര്യമായ ധനസഹായം നൽകിയിട്ടുണ്ട്. പല പ്രവാസി വ്യവസായികളും പുനഃർനിർമ്മാണ പദ്ധതികൾ നടപ്പാക്കാമെന്നു വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ വീണ്ടും പണം പിരിക്കാനുള്ള വിദേശസന്ദർശനം എത്രത്തോളം വിജയിക്കുമെന്ന ആശങ്ക മന്ത്രിമാർ പ്രകടിപ്പിച്ചു.

ഈ സാഹചര്യത്തിൽ സർക്കാർ കരുതലോടെയാണ് നീങ്ങുന്നത്. മന്ത്രിമാരുടെ വിദേശ യാത്ര പൊളിഞ്ഞാൽ അത് ഏറെ വിവാദങ്ങൾക്ക് വഴി വയ്ക്കും. ഇതിനാൽ ഓരോ രാജ്യത്തു നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഒഴികിയെത്തിയ കണക്കുകൾ കൂടി സർക്കാർ ശേഖരിക്കും. പ്രളയത്തിന് ശേഷം വലിയ തോതിൽ സഹായം എത്തിയിരുന്നു. ഓരോ രാജ്യത്തും പോകുന്ന മന്ത്രിമാരുടെ പേരിൽ ഈ കണക്കുകൾ കൂടി കാട്ടും. ഇതിന് ശേഷമാകും മന്ത്രിമാർ ഓരോ രാജ്യത്തു നിന്നും സമാഹരിച്ച തുകയുടെ കണക്ക് പുറത്തു വിടൂ. പ്രവാസി മലയാകളോട് സാലറി ചലഞ്ചിനും മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ആരും സാലറി ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറല്ല. ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ സാഹചര്യവും സർക്കാർ നിലപാടുമെല്ലാം മന്ത്രിമാരുടെ വിദേശ ഫണ്ട് പിരിവിനെ ദോഷമായി ബാധിക്കും. ഈ സാഹചര്യത്തിൽ എല്ലാ പ്രവാസി സംഘടനകളേയും മന്ത്രിമാർ നേരിട്ട് തന്നെ വിളിക്കുന്നുണ്ട്.

ഓരോ സംഘടനയും പിരിച്ച തുക മന്ത്രിമാരെ ഏൽപ്പിക്കണമെന്നാണ് ഫോൺ വിളിയിലൂടെ അഭ്യർത്ഥിക്കുന്നത്. പരമാവധി സഹായം നൽകണമെന്നും പറയുന്നു. ചില മന്ത്രിമാരുടെ യാത്ര വൈകാനും സാധ്യതയുണ്ട്. യുഎസ്എ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ വീസ നടപടികൾക്കു നിശ്ചിത ദിവസം വേണം. ഇതുകാരണം വീസ ലഭിക്കാൻ വൈകും. നയതന്ത്ര വീസയാണു മന്ത്രിമാർ ആവശ്യപ്പെട്ടിരിക്കുന്നത്. അതു ലഭിച്ചാൽ കാര്യങ്ങൾ എളുപ്പമാകും. ചില മന്ത്രിമാർക്കു നേരത്തെ വീസ ഉണ്ടായിരുന്നതു കാലഹരണപ്പെട്ടു. മറ്റു ചിലർക്കു പാസ്‌പോർട്ട് പോലുമില്ല. ഇതെല്ലാം പരിപാടിയിലെ ആസൂത്രണമില്ലായ്മയാണ് വിശദീകരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ലോക കേരള സഭാ പ്രതിനിധികളാണു മന്ത്രിമാർക്കു സൗകര്യങ്ങൾ ഒരുക്കുന്നത്.

പ്രവാസി മലയാളികളുടെ യോഗം വിളിക്കാൻ ലോക കേരള സഭാ പ്രതിനിധികളോടു നിർദ്ദേശിച്ചിട്ടുണ്ട്. ഈ യോഗങ്ങളിൽ പങ്കെടുക്കുന്ന മന്ത്രിമാർ സംസ്ഥാനത്തെ സ്ഥിതി വിവരിച്ചു സഹായം അഭ്യർത്ഥിക്കും. മന്ത്രിമാരുടെ സന്ദർശനത്തിനുള്ള ഔദ്യോഗിക രേഖകൾ ഇനിയും കേന്ദ്രത്തിൽ നിന്നു ലഭിക്കാനുണ്ട്. യാത്രാരേഖകൾ ലഭിക്കുന്ന മുറയ്ക്കായിരിക്കും സന്ദർശനം. മന്ത്രിമാരുടെ വിദേശയാത്ര കണക്കിലെടുത്ത് അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗം 16നു നടത്തും.

ഖ്യമന്ത്രി പോകുന്നത് യുഎഇയിലാണ്. ഇവിടെ നിന്ന് യുഎഇ സർക്കാരിന്റെ കീഴിലെ ട്രസ്റ്റായ ഖലീഫ ട്രസ്റ്റ് 700 കോടി നൽകുമെന്നാണ് പ്രതീക്ഷ. ഇത് യൂസഫലിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉറപ്പാക്കിയിട്ടുണ്ട്. ഇതിന് സമാനമായ തുക കൊണ്ടു വരണമെന്നാണ് മന്ത്രിമാർക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. എന്നാൽ ഇത് തീർത്തും അപ്രയോഗികമാണെന്ന് മന്ത്രിമാർക്ക് അറിയാം. എങ്കിലും മുഖ്യമന്ത്രിയെ എതിർക്കാനാകില്ല. അതിനാൽ പരമാവധി എത്തിച്ച് കഴിവ് തെളിയിക്കാനാണ് മന്ത്രിമാരുടെ നീക്കം. ശബരിമല വിവാദങ്ങളുടെ പേരിൽ സർക്കാരും വിശ്വാസികളും തമ്മിൽ ഏറ്റുമുട്ടൽ പാതയിൽ നീങ്ങുന്നതോടെ യുകെയിൽ എത്തുന്ന ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രൻ എതിർപ്പും പ്രതിഷേധവും ഏറ്റുവാങ്ങിയേക്കുമെന്ന സൂചനയുണ്ട് .

മുഖ്യമന്ത്രി പിണറായി വിജയൻ 17ന് അബുദാബി, 19നു ദുബായ്, 20നു ഷാർജ, അജ്മൻ, റാസൽഖൈമ, ഉൽമൽ ക്വീൻ, ഫുജൈറ എന്നിവിടങ്ങളിൽ എത്തും. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവനാണു മുഖ്യമന്ത്രിയെ അനുഗമിക്കുന്നത്. മന്ത്രി എ.കെ.ബാലൻ നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനൊപ്പം 18നു സൗദിയിലെ ദമാമിലും 20നു ജിദ്ദയിലും എത്തും. മാത്യു ടി.തോമസ് 19നു സൗദിയിലെ റിയാദിലും 21നു നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിലും എത്തും. മന്ത്രി എ.സി. മൊയ്തീൻ 19ന് ഒമാനിലെ മസ്‌കത്തിലും 20നു സലാലയിലും എത്തും. കുടുംബശ്രീ ഡയറക്ടർ ഹരികിഷോർ ഒപ്പമുണ്ടാകും. 19ന് കെ.ടി.ജലീൽ ഖത്തറിലെ ദോഹയിലും എം.എം.മണി ബഹ്‌റൈനിലും ഫണ്ട് ശഖരിക്കും. ഇ.പി. ജയരാജൻ 20നു കുവൈത്ത് സിറ്റിയിലും ഇ.ചന്ദ്രശേഖരൻ 21നു സിംഗപ്പൂരിലും പി.തിലോത്തമൻ 21നു മലേഷ്യയിലെ ക്വാലലംപൂരിലും പര്യടനം നടത്തും. മേഴ്‌സിക്കുട്ടിയമ്മ സിഡ്‌നിയിൽ 20നും മെൽബണിൽ 21നും എത്തും. രാമചന്ദ്രൻ കടന്നപ്പള്ളി ന്യൂസിലൻഡിലെ ഓക്ലൻഡ് 21നു സന്ദർശിക്കും.

കടകംപള്ളി സുരേന്ദ്രൻ 21നു ലണ്ടനിലെത്തും. എ.കെ.ശശീന്ദ്രൻ 21നു ജർമനിയിലെ ഫ്രാങ്ക്ഫുർട്ട്, ബെർലിൻ എന്നിവിടങ്ങൾ സന്ദർശിക്കും. അമേരിക്കയിലെ ഫണ്ട് സമാഹരണച്ചുമതല തോമസ് ഐസക്കിനും ജി.സുധാകരനുമാണ്. ഐസക് 20നു ന്യൂയോർക്ക്, ബോസ്റ്റൺ, 21നു ഷിക്കാഗോ. ജി.സുധാകരൻ 19നു വാഷിങ്ടൻ, 20നു ടെക്‌സസ്, 21നു ഫ്‌ളോറിഡ എന്നിവിടങ്ങളിൽ എത്തും. വി എസ്.സുനിൽകുമാർ 21നു കാനഡയിലെ ലിവർപൂളിലും ടൊറന്റോയിലും എത്തും. ടി.പി.രാമകൃഷ്ണൻ 17നു ശ്രീലങ്കയിലെ കൊളംബോയിലെത്തും.