തിരുവനന്തപുരം: പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളിൽ ശുചിത്വം ഉറപ്പു വരുത്താൻ നിർദ്ദേശം നൽകിയിട്ടും പ്രാവർത്തികമാക്കാത്ത മാനേജർക്ക് വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സസ്‌പെൻഷൻ.
റെസ്റ്റ് ഹൗസുകളിൽ പൂർണമായി ഓൺലൈൻ ബുക്കിങ് ആരംഭിക്കുന്നതിനു മുന്നോടിയായി തൈക്കാട് റെസ്റ്റ് ഹൗസിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മിന്നൽ പരിശോധന നടത്തിയിരുന്നു. വൃത്തിഹീനമായ അന്തരീക്ഷം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് റെസ്റ്റ് ഹൗസ് മാനേജരെ സസ്‌പെൻഡ് ചെയ്തത് തൈക്കാട് റെസ്റ്റ്ഹൗസ് മാനേജർ വിപിനനാണ് സസ്‌പെൻഷനിലായത്.

റെസ്റ്റ് ഹൗസിലെ സാഹചര്യങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച മന്ത്രി, സർക്കാർ നിർദ്ദേശം പ്രാവർത്തികമാക്കാത്ത മാനേജർക്കെതിരെ നടപടി സ്വീകരിക്കാൻ സ്ഥലത്തു വച്ചു തന്നെ ചീഫ് എൻജിനീയർക്ക് (ബിൽഡിങ്) നിർദ്ദേശം നൽകുകയായിരുന്നു. മാനേജർക്ക് എതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

റസ്റ്റ് ഹൗസ് പരിസരം നടന്നു കണ്ട മന്ത്രി അടുക്കളയും കേറി പരിശോധിച്ചു. റസ്റ്റ് ഹൗസിന് പരിസരത്തെ മാലിന്യം നീക്കം ചെയ്യാത്തതിന് റസ്റ്റ് ഹൗസ് മാനേജറെ മന്ത്രി ശകാരിക്കുകയും ചെയ്തു. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതിന് മുന്നോടിയായി റസ്റ്റ് ഹൗസുകൾ ശുചിയാക്കണം എന്ന് നേരത്ത തന്നെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് മാനേജർമാരോട് ആവശ്യപ്പെട്ടിരുന്നു. ഇത്ര ദിവസമായിട്ടും ഈ നിർദ്ദേശം പാലിക്കാതിരുന്നതാണ് മന്ത്രിയെ ക്ഷുഭിതനാക്കിയത്.



സർക്കാർ നിർദ്ദേശം ബാധകമല്ല എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. ഇങ്ങനെ ഒക്കെ പോയാൽ മതി എന്ന് ആരെങ്കിലും കരുതിയാൽ, ഇങ്ങനെ ഒന്നും അല്ല പോകാൻ പോകുന്നത്. ഏത് ഉദ്യോഗസ്ഥനായാലും ശരി.

തെറ്റായ രീതിയിൽ ചിന്തിക്കുന്നവർ സർക്കാർ എടുത്ത ഒരു നിലപാടിന് വിരുദ്ധമായ സമീപനം കൈക്കൊണ്ടാൽ അതിനെ പൊറുപ്പിക്കുക ഇല്ല. ശക്തമായ നിലപാട് എടുക്കും. ഈ പ്രവണത പ്രോത്സാഹിപ്പിക്കില്ല' മന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു.

നവംബർ ഒന്നു മുതൽ പൊതുമരാമത്ത് റസ്റ്റ് ഹൗസുകളിൽ പൂർണ്ണമായി ഓൺലൈൻ റിസർവ്വേഷൻ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായാണ് മുഹമ്മദ് റിയാസിന്റെ മിന്നൽ സന്ദർശനം.