തിരുവനന്തപുരം: 'സത്യത്തിൽ എന്താണു മന്ത്രിമാർക്കൊക്കെ പണി?' ചോദിക്കുന്നതു കേരളത്തിന്റെ മുൻ ധനകാര്യ മന്ത്രിയും സിപിഐ(എം) നേതാവുമായ ടി എം തോമസ് ഐസക്കാണ്. വിവിധ പദ്ധതികളിലൂടെ കേരളത്തിനു പ്രയോജനപ്പെടുത്തേണ്ട പതിനായിരം കോടി രൂപ പാഴാക്കിക്കളഞ്ഞതിനെ ബജറ്റ് ദിനത്തിൽ രൂക്ഷമായി വിമർശിക്കുകയാണ് തോമസ് ഐസക്.

ധനകാര്യ വർഷം അവസാനിക്കാൻ ഇനി ഒന്നര മാസം മാത്രം ബാക്കി നിൽക്കെ പദ്ധതികൾക്കായി അനുവദിച്ച തുകയിൽ വെറും 28 ശതമാനം മാത്രമാണു സർക്കാർ ചെലവാക്കിയതെന്നു തോമസ് ഐസക് ചൂണ്ടിക്കാട്ടി. ''27833 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കേണ്ടത്. പക്ഷേ, ഇതുവരെയുള്ള ചെലവ് 7796 കോടിയാണ്. അതായത് വെറും 28 ശതമാനം മാത്രം.''- തോമസ് ഐസക് പറഞ്ഞു.

ട്രഷറിയിൽ നിന്ന് പദ്ധതിപ്രവർത്തനങ്ങൾക്കു വേണ്ടി വകുപ്പുകൾ പിൻവലിച്ച തുകയുടെ കണക്കുദ്ധരിച്ചാണ് തോമസ് ഐസക്കിന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷം പദ്ധതിയടങ്കൽ 22762 കോടി രൂപയായിരുന്നു. ഇതിന്റെ 55.24 ശതമാനമേ ധനകാര്യ വർഷം അവസാനിച്ചപ്പോൾ ചെലവായിരുന്നുള്ളൂ. ഈ വർഷം ഇത് 45 ശതമാനം എത്തിയാൽ മഹാഭാഗ്യമെന്നും ഐസക് പറയുന്നു.

കഴിഞ്ഞ വർഷം ചെലവാക്കാതെ ലാപ്‌സാക്കിയത് ഏതാണ്ട് പതിനായിരം കോടിരൂപയാണ്. നടപ്പുവർഷത്തിൽ ചെലവാക്കാതെ പാഴാക്കാൻ പോകുന്നത് പതിനാലായിരം കോടി രൂപയാണ്. രണ്ടു വർഷം കൊണ്ട് 28000 കോടി രൂപയുടെ പ്രഖ്യാപനങ്ങളാണ് നടപ്പാകാതെ പോയത്.

പണം പാഴാക്കുന്നതിൽ ഒന്നാമതു നിൽക്കുന്ന മന്ത്രി കെ സി ജോസഫാണെന്നും തോമസ് ഐസക് വിശദീകരിക്കുന്നു. പ്ലാനിൽ അദ്ദേഹത്തിന്റെ വകുപ്പിന് അനുവദിച്ച 2181 കോടിയിൽ ചെലവഴിച്ചത് വെറും 245 കോടിയാണ്. അതായത് വെറും 11 ശതമാനം മാത്രം. കഴിഞ്ഞ ധനകാര്യവർഷത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. അദ്ദേഹം ചെലവഴിച്ചത് 27 ശതമാനം.

''കൺസ്യൂമെർ ഫെഡിനും സിവിൽ സപ്ലൈസിനുമൊന്നും പണം തികയുന്നില്ലെന്ന് ആവലാതിപ്പെടുന്ന മന്ത്രിയുണ്ട്. അനൂപ് ജേക്കബ് അദ്ദേഹത്തിന് 25 കോടി കിട്ടിയിട്ട് ചെലവഴിച്ചത് 4.7 കോടി മാത്രം. കയറും റവന്യൂവിന്റെയും മന്ത്രിക്ക് 183 കോടി കിട്ടിയിട്ട് ചെലവഴിച്ചത് 47 കോടി മാത്രം 25 ശതമാനം.''- ഐസക് വ്യക്തമാക്കുന്നു.

പകുതിപ്പണം പോലും ചെലവഴിക്കാത്ത മന്ത്രിമാരുടെ പട്ടികയിൽ മുഖ്യമന്ത്രി, കൃഷി മന്ത്രി, വിദ്യാഭ്യാസമന്ത്രി, ഫിഷറീസ് മന്ത്രി, പഞ്ചായത്ത് മന്ത്രി, നഗരവികസന മന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർ പെടും.

മേൽ പറഞ്ഞ കണക്കുകളെല്ലാം ഡിപ്പാർട്ടുമെന്റുകളുടെ അവകാശവാദമാണെന്നും ഐസക് വ്യക്തമാക്കുന്നുണ്ട്. അതു പ്രകാരം പരിശോധിച്ചാൽ പോലും പദ്ധതി അടങ്കലിന്റെ 45 ശതമാനമേ ചെലവായിട്ടുള്ളൂ. യഥാർത്ഥത്തിൽ ട്രഷറിയിൽ നിന്ന് പണം പിൻവലിച്ചത് 28 ശതമാനം മാത്രമാണ്. അതുകൂടി പരിഗണിച്ചാൽ പൊതുമരാമത്തു മന്ത്രിയൊഴികെ മറ്റൊരാളും പദ്ധതി അടങ്കലിന്റെ അമ്പതു ശതമാനം ചെലവാക്കിയിട്ടുണ്ടാവില്ല എന്നാണ് ഊഹിക്കാൻ കഴിയുന്നതെന്നും ഐസക് പറഞ്ഞു.

മുഖ്യമന്ത്രിയൊക്കെ രാപകലില്ലാതെ അധ്വാനിക്കുന്നവെന്ന് ഒരുവശത്ത് വൻപ്രചാരണം നടക്കുമ്പോഴാണ് ഈ കണക്കുകൾ പുറത്തുവരുന്നതെന്നും ഐസക് ആരോപിക്കുന്നു. പദ്ധതിപ്പണം ചെലവഴിക്കാനല്ല ഈ അധ്വാനമെന്നും ഐസക് പറയുന്നു.