- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു പണിയുമില്ലാത്ത ചീഫ് വിപ്പിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നേരിട്ടു നിയമിച്ചത് 19 പേരെ; എല്ലാ മന്ത്രിമാരും തോന്നിയതു പോലെ സ്റ്റാഫുകളെ നിയമിച്ചു; കേരള മന്ത്രിസഭയിലെ കാബിനെറ്റ് അംഗങ്ങൾ നേരിട്ടു നിയമിച്ചത് 362 പേഴ്‌സണൽ സ്റ്റാഫുകളെ; ശമ്പള ഇനത്തിൽ മാത്രം ഒരു മാസം അധിക ചെലവായി 1.12 കോടി
കൊച്ചി: സംസ്ഥാന മന്ത്രിസഭയിൽ മുൻ സർക്കാറുകളുമായി താരമ്യപ്പെടുത്തിയാൽ ഇക്കുറി പേഴ്‌സണൽ സ്റ്റാഫുകളുടെ നിയമനത്തിൽ അടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് സർക്കാർ വാദങ്ങൾ. എന്നാൽ അതൊന്നുമല്ല മറിച്ച് സർക്കാർ ഖജനാവിൽ നിന്നും കോടികൾ അടക്കം ചോരുന്ന അവസ്ഥയിലാണ് പേഴ്‌സണൽ സ്റ്റാഫുകളുടെ നിയമനങ്ങൾ. സംസ്ഥാനത്തെ 21 മന്ത്രിമാരും ഒരു ചീഫ് വിപ്പും സ്വന്തം നിലയിൽ നേരിട്ട് നിയമിച്ചത് 362 പേഴ്‌സണൽ സ്റ്റാഫുകളെ ആണെന്നാണ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ പുറത്തുവന്ന വിവരം.
ഇത്തരത്തിൽ സ്റ്റാഫുകൾക്ക് ശമ്പളമായി നൽകാൻ മാസം ആവശ്യമുള്ള കുറഞ്ഞ തുക ഏകദേശം 1.12 കോടി രൂപയാണ്. യഥാർഥ തുക ഇതിന് ഇരട്ടിയിലധികംവരികയും ചെയ്യും. പ്രതിപക്ഷനേതാവിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നേരിട്ട് നിയമനം നൽകിയിട്ടുള്ളത് 14 പേർക്കാണ്. വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് പേഴ്‌സണൽ സ്റ്റാഫിലേക്ക് ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെട്ട ജീവനക്കാർ വേറെയുമുണ്ട്.
2021 നവംബർ 30 വരെയുള്ള കണക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരം. പേഴ്‌സണൽ സ്റ്റാഫ് നിയമനം പൂർത്തിയായിട്ടില്ലെന്നാണ് വിവരാവകാശപ്രവർത്തകനായ പ്രോപ്പർ ചാനൽ പ്രസിഡന്റ് എം.കെ. ഹരിദാസിന് പൊതുഭരണവിഭാഗം നൽകിയ മറുപടി. പേഴ്‌സണൽ സ്റ്റാഫുകളിൽ ഏറ്റവും അധികം ശമ്പളം നൽകുന്നത് പ്രൈവറ്റ് സെക്രട്ടറിക്കും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കുമാണ്. ഇവരുടെ ശമ്പളസ്‌കെയിൽ 1,07,800-1,60,000 ആണ്. കുറഞ്ഞ ശമ്പളം പാചകക്കാരനാണ്. ശമ്പളസ്‌കെയിൽ (23,00050,200). യാത്രാബത്ത, ചികിത്സാനുകൂല്യം തുടങ്ങിയ ആനുകൂല്യങ്ങളൊക്കെ ഇതിനുപുറമേയുണ്ട്.
രണ്ടര വർഷം കഴിഞ്ഞാൽ പേഴ്‌സണൽ സ്റ്റാഫിൽ മാറ്റങ്ങൾ വരുത്തുന്ന പതിവും കഴിഞ്ഞ പിണറായി സർക്കാർ തുടങ്ങിവെച്ചിരുന്നു. പിൽക്കാലത്ത് പെൻഷൻ ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരം നിയമനങ്ങൾ നടത്തുന്നത്. ഇതും സർക്കാർ ഖജനാവിന് അധിക ബാധ്യതയാണ് വരുത്തി വെക്കുന്നത്. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് രണ്ടുവർഷവും ഒരു ദിവസവും സർവീസുണ്ടെങ്കിൽ പെൻഷൻ അർഹതയുണ്ട്. പ്രതിപക്ഷനേതാവിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കഴിഞ്ഞവർഷത്തെ എണ്ണത്തിൽ നിജപ്പെടുത്തണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു എന്നതും ശ്രദ്ധേയമാണ്.
പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ ഇങ്ങനെ (നേരിട്ടുള്ള നിയമനം മാത്രം)
1 പിണറായി വിജയൻ-26
2. റോഷി അഗസ്റ്റിൻ-15
3. ആന്റണി രാജു-18
4. ജി.ആർ. അനിൽ-17
5. പി. രാജീവ്-12
6. പി.എ. മുഹമ്മദ് റിയാസ്-19
7. വി. അബ്ദുറഹിമാൻ-16
8. വി.എൻ. വാസവൻ-15
9. കെ.എൻ. ബാലഗോപാൽ-13
10. കെ. രാജൻ-17
11. കെ. കൃഷ്ണൻകുട്ടി-15
12. ചിഞ്ചുറാണി-17
13. എ.കെ. ശശീന്ദ്രൻ-13
14. പി. പ്രസാദ്-15
15. എം വി ഗോവിന്ദൻ-16
16. സജി ചെറിയാൻ-16
17. വീണാ ജോർജ്-16
18. അഹമദ് ദേവർകോവിൽ-17
19. വി. ശിവൻകുട്ടി-17
20. കെ. രാധാകൃഷ്ണൻ-16
21. ആർ. ബിന്ദു-17
22. എം. ജയരാജ് (ചീഫ് വിപ്പ്)-19
മറുനാടന് മലയാളി ബ്യൂറോ