തിരുവനന്തപുരം: മോൻസൺ മാവുങ്കലിനൊപ്പം എന്ന തരത്തിൽ തന്റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ മന്ത്രി വി ശിവൻകുട്ടി ഡിജിപിക്ക് പരാതി നൽകി. നടൻ ബൈജുവിന് ഒപ്പം മന്ത്രി നിൽക്കുന്ന ചിത്രമാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.

വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പ്രചരിക്കുന്ന പോസ്റ്റുകൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നു മന്ത്രി പരാതിയിൽ പറയുന്നു. പരാതി നൽകിയ കാര്യം മന്ത്രി ഫേസ്‌ബുക്കിലൂടെയാണ് അറിയിച്ചത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൻ മാവുങ്കലിനൊപ്പം എന്ന രീതിയിൽ എന്നെയും ചേർത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് നടൻ ബൈജു വീട്ടിൽ എത്തിയപ്പോൾ ഞങ്ങൾ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോർഫ് ചെയ്ത് മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.
ഷീബ രാമചന്ദ്രൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഞാൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ട് എന്ന് ഞാൻ സംശയിക്കുന്നു.