- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിക്രൂട്ടിങ് ഏജൻസിയുടെ ലൈസൻസ് റദ്ദായി; മലയാളികൾ അടക്കമുള്ള നഴ്‌സുമാർക്ക് തൊഴിൽ നഷ്ടപ്പെട്ടു, കുവൈറ്റിൽ കുടുങ്ങി 450ഓളം നഴ്‌സുമാർ
കുവൈറ്റ് സിറ്റി: റിക്രൂട്ടിങ് ഏജൻസിയുടെ ലൈസൻസ് ആരോഗ്യമന്ത്രാലയം റദ്ദാക്കിയതിനെത്തുടർന്ന് മലയാളികൾ അടക്കമുള്ള 446 നഴ്‌സുമാർക്ക് ജോലി നഷ്ടമായി. തൊഴിൽ നഷ്ടപ്പെട്ട് ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്ന നഴ്‌സുമാർ ആരോഗ്യമന്ത്രാലയത്തിന്റെ കനിവ് കാത്തു കഴിയുകയാണിപ്പോൾ. ഏജൻസി ഫീസ് ആയി ലക്ഷങ്ങൾ നൽകി കുവൈറ്റിലെത്തിയ നഴ്‌സുമാർക്ക് ഇവിടം
കുവൈറ്റ് സിറ്റി: റിക്രൂട്ടിങ് ഏജൻസിയുടെ ലൈസൻസ് ആരോഗ്യമന്ത്രാലയം റദ്ദാക്കിയതിനെത്തുടർന്ന് മലയാളികൾ അടക്കമുള്ള 446 നഴ്‌സുമാർക്ക് ജോലി നഷ്ടമായി. തൊഴിൽ നഷ്ടപ്പെട്ട് ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്ന നഴ്‌സുമാർ ആരോഗ്യമന്ത്രാലയത്തിന്റെ കനിവ് കാത്തു കഴിയുകയാണിപ്പോൾ. ഏജൻസി ഫീസ് ആയി ലക്ഷങ്ങൾ നൽകി കുവൈറ്റിലെത്തിയ നഴ്‌സുമാർക്ക് ഇവിടം വിട്ട് നാട്ടിലേക്കു പോകുകയെന്നത് മരണതുല്യമാണെന്ന നിലപാടിലാണിവർ.
കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് ആരോഗ്യമന്ത്രാലയം റിക്രൂട്ടിങ് ഏജൻസിയുടെ ലൈസൻസ് റദ്ദാക്കുന്നത്. പുതിയ ഏജൻസിക്ക് ലൈസൻസ് നൽകിയതോടെ പഴയ ഏജൻസിയുടെ കീഴിൽ ജോലിക്കു വന്നവരുടെ ഭാവിയാണ് അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്. അതേസമയം തങ്ങളുടേതല്ലാത്ത കാരണത്താൽ ജോലി നഷ്ടപ്പെട്ടതിനാൽ സർക്കാർ തന്നെ തങ്ങൾക്ക് എംഒഎച്ച് ആശുപത്രികളിലോ ക്ലിനിക്കിലോ ജോലി നൽകണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നഴ്‌സുമാർ. മതിയായ വിദ്യാഭ്യാസ യോഗ്യതയും ഏറെക്കാലത്തെ തൊഴിൽ പരിചയവും ഉള്ള തങ്ങൾക്ക് ഇവിടെയുള്ള ആശുപത്രികളിലും ക്ലിനിക്കിലും തന്നെ ജോലി നൽകണമെന്ന ആവശ്യമാണ് ഇവർക്കുള്ളത്.
കുവൈറ്റിൽ ജോലി നേടുന്നതിനായി 3,000 മുതൽ 5000 ദിനാർ വരെയാണ് ഓരോരുത്തരും ഏജൻസി ഫീസ് ഇനത്തിൽ അടച്ചിട്ടുള്ളത്. നാട്ടിലും കുവൈറ്റിലും ഈ തുക അടയ്ക്കണമെന്നുള്ളതാണ് മറ്റൊരു കാര്യം. വർഷങ്ങളോളം കുവൈറ്റിൽ ജോലി ചെയ്തിട്ടും പെട്ടെന്നൊരു സുപ്രഭാതത്തിൽ ജോലി നഷ്ടപ്പെട്ട ഇവർക്ക് മറ്റൊരിടത്തും ജോലിക്കു കയറാൻ പറ്റുന്നില്ല എന്നതാണ് ദുരവസ്ഥ. പുതിയ റിക്രൂട്ടിങ് ഏജൻസിയാകട്ടെ ഇവർക്ക് ജോലി നൽകാനും തയാറാകുന്നില്ല. പുതിയ നഴ്‌സുമാരെ നിയമിക്കുക വഴി ഏജൻസി ഫീസ് ലഭിക്കും എന്നതിനാൽ കുവൈറ്റിൽ തന്നെയുള്ളവരെ പരിഗണിക്കാൻ കമ്പനി തയാറാകുന്നുമില്ല.
കുവൈറ്റിൽ ജോലിക്കായി ലക്ഷങ്ങൾ മുടക്കിയിട്ടുള്ളതിനാൽ നാട്ടിലേക്ക് തിരിച്ചുപോക്ക് ഇവർക്ക് സാധ്യവുമല്ല. കൂടാതെ മിക്കവരുടേയും കുടുംബങ്ങളും കുവൈറ്റിൽ തന്നെയുള്ളതിനാൽ കുട്ടികളുടെ വിദ്യാഭ്യാസം ഉപേക്ഷിക്കാൻ പോകാൻ സാധ്യമല്ല എന്നാണ് ഒട്ടുമിക്ക നഴ്‌സുമാരും അഭിപ്രായപ്പെടുന്നത്. തൊഴിൽ നഷ്ടപ്പെട്ടവരിൽ ബഹുഭൂരിപക്ഷം പേരും എംഒഎച്ചിനു കീഴിലുള്ള അഡാൻ ഹോസ്പിറ്റലിലും ക്ലിനിക്കിലുമായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. ആശുപത്രിയിലെ ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് കമ്പനി താമസസ്ഥലത്ത് നൽകിക്കൊണ്ടിരുന്ന ഭക്ഷണവും ഒക്ടോബർ 31 മുതൽ നിർത്തലാക്കി. തൊഴിൽ നഷ്ടപ്പെട്ട നഴ്‌സുമാരിൽ ഒട്ടേറെപ്പേരും അഞ്ചു മുതൽ ആറു വർഷമായി കുവൈറ്റിൽ തന്നെ ജോലി ചെയ്യുന്നവരാണ്.
അതേസമയം നഴ്‌സുമാരുടെ ജോലി നഷ്ടപ്പെട്ട വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സുനിൽ ജെയിൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. ഇക്കാര്യത്തിൽ മാനുഷിക പരിഗണന കാട്ടണമെന്നും സുനിൽ ജെയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതുവരെ മന്ത്രാലയത്തിന്റെ മറുപടി ലഭ്യമായിട്ടില്ലെന്നാണ് എംബസി പറയുന്നത്. ഈ കാര്യം ഉന്നയിച്ചുകൊണ്ട് കേരളത്തിൽ നിന്നുള്ള നഴ്‌സുമാർ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്. അടുത്തിടെ കുവൈറ്റ് സന്ദർശിച്ച മന്ത്രി എം കെ മുനീറും എംബസി ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്.
അതേസമയം തൊഴിൽ നഷ്ടപ്പെട്ട നഴ്‌സുമാർക്ക് അവർ ജോലി ചെയ്തിരുന്ന ആശുപത്രികളിൽ നിന്നും നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല എന്നു പറയപ്പെടുന്നു. പത്തുവർഷത്തിലേറെയായി ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കില്ല എന്നു പറയുന്നത് ന്യായീകരിക്കാൻ പറ്റുന്നതല്ലെന്ന് നോർക്ക വെൽഫെയർ ബോർഡ് ഡയറക്ടർ വർഗീസ് പുത്തൻകുളങ്ങര ചൂണ്ടിക്കാട്ടി.
നഴ്‌സുമാരുടെ താമസസ്ഥലത്ത് ഭക്ഷണവിതരണം നിർത്തലാക്കിയതിനെക്കുറിച്ചും ഏജൻസിയുമായി ചർച്ച നടത്തിയെന്നും ജോലിക്കാര്യത്തിൽ അന്തിമ തീരുമാനമാകുന്നതു വരെ ആഹാരം നൽകുന്നത് തുടരണമെന്നും നോർക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം ഇരുപതോടു കൂടി മഹ്ബൂലയിലുള്ള ഹോസ്റ്റലിൽ നിന്നു ഒഴിയണമെന്നും കമ്പനി നേരത്തെ നഴ്‌സുമാരോട് ആവശ്യപ്പെട്ടിരുന്നു.
തൊഴിൽ നഷ്ടപ്പെട്ട 446 നഴ്‌സുമാരിൽ 12 പേർ മാത്രമാണ് പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ടവർ. ഇവർക്ക് സ്വകാര്യ ആശുപത്രിയിൽ ജോലി ലഭിച്ചിട്ടുണ്ട്. ഉടൻ തന്നെ 80 പേർക്കു കൂടി സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചേക്കുമെന്നും വർഗീസ് പുത്തൻകുളങ്ങര വ്യക്തമാക്കി.