കുവൈറ്റ് സിറ്റി: രാജ്യത്തെ അറബി, വിദേശ സ്വകാര്യ സ്‌കൂളുകളുടെ ഫീസ് വർധനയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കമ്മിറ്റിയെ നിയോഗിച്ചതായി എഡ്യൂക്കേഷൻ മിനിസ്ട്രി വക്താവ് അറിയിച്ചു. ഈ മാസം അവസാനത്തോടെ കമ്മിറ്റി പഠന റിപ്പോർട്ട് സമർപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഡോ. ബദർ അൽ ഈസാ അറിയിച്ചു.

കമ്മിറ്റിയുടെ നിർദേശങ്ങൾ അനുസരിച്ചായിരിക്കും പിന്നീടുള്ള നടപടികൾ. ഫീസ് വർധനയ്ക്ക് മുമ്പ് മിനിസ്ട്രിയുടെ അനുവാദം വാങ്ങാത്ത സ്വകാര്യ സ്‌കൂളുകൾക്കെതിരേ കർശന നടപടിക കൈക്കൊള്ളുമെന്നും ഒരു പക്ഷേ, സ്‌കൂളിന്റെ ലൈൻസ് വരെ റദ്ദാക്കാനുള്ള അധികാരം ഉണ്ടെന്നും മിനിസ്ട്രി വ്യക്തമാക്കിയിട്ടുണ്ട്.

ഏതെങ്കിലും സ്‌കൂൾ അന്യായമായി ഫീസ് വർധിപ്പിച്ചിട്ടുണ്ടെങ്കിൽ മിനിസ്ട്രിയെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്ന് മാതാപിതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. തെളിവുകൾ സഹിതം പരാതി നൽകിയാൽ ഇത്തരം സ്‌കൂളുകൾക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്നും അറിയിപ്പുണ്ട്. അതേസമയം ഈ വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും വക്താവ് ഉറപ്പു നൽകുന്നു.

അടുത്ത കാലത്ത് ഫീസ് വർധിപ്പിച്ച ഒരു സ്‌കൂളിനോട് മിനിസ്ട്രി പഴയ ഫീസ് പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകിയിരുന്നു. 19 ശതമാനം ഫീസ് വർധിപ്പിച്ച സ്‌കൂളിനെതിരേ മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു.