കോഴിക്കോട്: അർധരാത്രിയിൽ 17കാരിയായ പെൺകുട്ടിയെ സ്റ്റോപ്പിൽ ഇറക്കാതെ കെ.എസ്.ആ.ടി.സിയുടെ മിന്നൽ സർവീസ് 'പറന്ന' വിവാദത്തിൽ കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക അന്വേഷണത്തിൽ ജീവനക്കാർക്ക് ക്‌ളീൻചിറ്റ്. ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്‌ളെന്നും മിന്നൽ ബസിന് ഇടക്ക് സ്റ്റോപ്പില്ലാത്ത കാര്യവും മറ്റും പെൺകുട്ടിയെ കണ്ടക്ടർ നേരത്തെ അറിയിച്ചിരുന്നുവെന്നുമാണ് കെ.എസ്.ആർ.ടി.സിയുടെ ആഭ്യന്തര അന്വേഷണത്തിൽ വ്യക്തമായത്.ബസിലെ മറ്റ് യാത്രക്കാരുടെ സാക്ഷിമൊഴികളും ജീവനക്കാർക്ക് ഒപ്പമാണ്.

അതേസമയം പൊലീസ് രണ്ടുതവണ കൈകാണിച്ചിട്ടും നിർത്തിയില്ല എന്ന പ്രശ്‌നമാണ് ജീവനക്കാർ വിനയാവുന്നത്. ഈ വിഷയത്തിൽ ഇവർക്ക് ഗുരുതരമല്ലാത്ത അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണുറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.മിന്നൽ സർവീസാണെന്ന് അറിയാതെ പലരും ഇടക്കിടെ ബസിന് കൈകാണിക്കുന്നുണ്ടെന്നും, അതിനാൽ പൊലീസാണെന്ന് അറിഞ്ഞില്‌ളെന്നുമാണ് ജീവനക്കാർ നൽകുന്ന വിശദീകരണം.പൊലീസ് അൽപ്പംകൂടി റോഡിലേക്ക് കയറി കൈ കാണിച്ചിരുന്നെങ്കിൽ തങ്ങൾ അറിയുമായിരുന്നെന്നാണ് ജീവനക്കാർ പറയുന്നത്.ഈ വാദം കെ.എസ്.ആർ.ടി.സി അംഗീകരിച്ചിട്ടില്ല.സംഭവത്തിൽ ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ വടകര ചോമ്പാൽ പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും അന്വേഷണം എങ്ങുമത്തെിയിട്ടില്ല.

കഴിഞ്ഞമാസം കോഴിക്കോടാണ് സംഭവം ഉണ്ടായത്. രാത്രി എട്ടരയ്ക്ക് കോട്ടയം പാലായിലെ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിൽ നിന്ന് കോഴിക്കോട് പയ്യോളിയിലെ വീട്ടിലേക്ക് എടിസി 234 കെഎസ്ആർടിസി ബസിൽ കയറിയതായിരുന്നു വിദ്യാർത്ഥിനി. ഓൺലൈൻ വഴി ബുക്ക് ചെയ്ത ടിക്കറ്റ് കോഴിക്കോട് വരെയായിരുന്നു ഉണ്ടായിരുന്നത്. ബസ് കാസർകോട് വരെയുണ്ടെന്നു മനസ്സിലായതിനെ തുടർന്ന് കോഴിക്കോട് എത്തിയപ്പോൾ വിദ്യാർത്ഥിനി പയ്യോളിക്കുള്ള ടിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ മിന്നൽ ബസ് പയ്യാളിയിൽ നിർത്തില്‌ളെന്നും അതിനാൽ കോഴിക്കോട് ഇറങ്ങിക്കൊള്ളാൻ ബസിലെ കണ്ടക്ടർ പെൺകുട്ടിയോട് കോഴിക്കോട് സ്റ്റാൻഡിൽവെച്ച് അഭ്യർത്ഥിച്ചതായാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ മൊഴിനൽകിയത്.ഇതിന് ബസിലെ മറ്റിയാത്രക്കാരും സാക്ഷികളാണ്.

ഇത് മിന്നൽ ബസാണെന്നും ഇനി കണ്ണൂരെ നിർത്തുള്ളുവെന്നും കണ്ടക്ടർ സ്റ്റാൻഡിൽവെച്ച് പരസ്യമായി പറഞ്ഞിരുന്നുവെന്ന് ഇവർ മൊഴിനൽകി. എന്നാൽ പെൺകുട്ടി അതൊന്നും ശ്രദ്ധിക്കാതെ മൊബൈലിൽ കുത്തിക്കളിക്കയായിരുന്നു ആയിരുന്നു. തുടർന്ന് പെൺകുട്ടി ടിക്കറ്റ് എടുക്കുമ്പോഴും ഇക്കാര്യം കണ്ടക്ടർ എടുത്തു പറയുകയും, തൊട്ടടുത്ത് പയ്യോളിയിൽ സ്റ്റോപ്പുള്ള ബസ് ചൂണ്ടിക്കാട്ടിക്കൊടുക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും കൂട്ടാക്കാതെ പെൺകുട്ടി കണ്ണൂർക്ക് ടിക്കറ്റ് എടുക്കുയായിരുന്നു. പെൺകുട്ടി ഫോണിൽ പിതാവിനെ വിളിച്ച് ചോദിച്ചശേഷമാണ് ടിക്കറ്റടെുത്തതെന്നും ബസ് പയ്യാളിയിൽ നിർത്തിക്കുമെന്ന് പിതാവ് കൊടുത്ത ഉറപ്പിന്റെ പുറത്താണ് യാത്ര തുടർന്നതെന്നുമാണ് ജീവനക്കരുടെ മൊഴി.

മറ്റ് യാത്രക്കാർ ഇതിനെല്ലാം സാക്ഷികളാണെന്നും പ്രശ്‌നത്തിൽ അവർ ഇടപെടാതിരുന്നത് പെൺകുട്ടിയുടെ ഭാഗത്ത് ന്യായമില്‌ളെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.പെൺകുട്ടിയുടെ നേരെ പിറകിലുള്ള സീറ്റിലിരുന്നത് കാസർകോട് തൃക്കരിപ്പൂർ സ്റ്റേഷനിലെ പൊലീസുകാരനടക്കം കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അനുകൂലമായാണ് മൊഴിനൽകിയത്.പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെപോയ കെ.എസ്്.ആർ.ടി.സി ബസ് ദേശീയപാതയിൽ വടകര ചോമ്പാല കുഞ്ഞിപ്പള്ളിയിൽ വാഹനം കുറുകെയിട്ടാണ് പൊലീസ് തടഞ്ഞത്.

മിന്നൽ ബസ് ഒരു കാരണവശാലും നിശ്ചിത സ്റ്റോപ്പിലല്ലാതെ നിർത്തരുതെന്ന് എം.ജി.രാജമാണിക്യം കെഎസ്ആർടിസി എംഡിയായിരിക്കേ ഇറക്കിയ ഉത്തരവും ജീവനക്കാർ ഹാജരാക്കി.സൂപ്പർ എക്‌സപ്രസ് ഉൾപ്പെടെയുള്ള ബസുകൾ രാത്രി പത്തിനുശേഷം യാത്രക്കാർ പറഞ്ഞാൽ എവിടെവേണമെങ്കിലും നിർത്തണമെങ്കിലും മിന്നൽ സർവീസുകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പെൺകുട്ടിയുടെ പിതാവിന് ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നില്ല.രാത്രി ബസ് യാത്രക്കാരൻ ആവശ്യപ്പെട്ടിടത്ത് നിർത്തുമെന്ന് ഇല്‌ളെങ്കിൽ നിർത്തിക്കുമെന്നാണ് ഇദ്ദേഹം പെൺകുട്ടിക്ക് ഉറപ്പ് നൽകിയത്.ഈ വാശിയാണ് പ്രശ്‌നമായതെന്നാണ് ജീവനക്കാർ മൊഴിനൽകിയത്. രാഷ്ട്രീയ സ്വാധീനമുള്ള കുട്ടിയുടെ പിതാവ് രാത്രിക്ക് രാത്രിതന്നെ മാധ്യമ പ്രവർത്തകരെ വിളിച്ചുവരുത്തുകയും ഏകപക്ഷീയമായ വാർത്ത നൽകുകയുമായിരുന്നെന്നാണ് ജീവനക്കാർ മൊഴിനൽകിയത്.

മിന്നൽ ബസ് വിവാദത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ കക്ഷിരാഷ്ട്രീയ ഭേദമന്യയേും യൂണിയൻ നിറവ്യത്യാസം നോക്കാതെയും ഒറ്റക്കെട്ടായി മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തിൽ പരാതി നൽകിയിരുന്നു. മുതിർന്ന യൂണിയൻ നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടത്തെി പേഴ്‌സണൽ സ്റ്റാഫ് മുമ്പാകെയും പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കർശന പൊലീസ് നടപടി ഒഴിവാക്കാനും വകുപ്പുതല അന്വേഷണം പെട്ടന്ന് പൂർത്തിയാക്കാനുമാണ് നിർദ്ദേശം കിട്ടിയത്.